ലിവര്‍പൂളിന്റെ ഓണവും അമളി പിണഞ്ഞ മാധ്യമങ്ങളും

 
കാല്‍പ്പന്തുകളിയുടെ ഹൃദയഭൂമികയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. അതില്‍ മാറ്റുരക്കുന്ന ക്ലബ്ബുകളില്‍ മുന്‍നിരയിലാണ് ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ സ്ഥാനം. പണക്കൊഴുപ്പിന്റെ മാത്രം ബലത്തില്‍ ചില ടീമുകള്‍ സമീപകാലത്ത് പൊടുന്നനെ കരുത്തരായി മാറിയപ്പോള്‍ വലിയ കിരീടങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും 'ചുവന്ന ചെകുത്താന്മാരു'ടെ പെരുമക്ക് കാര്യമായ ഉടവേറ്റിട്ടില്ല. 
 
ഏറ്റവുമധികം കിരീടങ്ങള്‍ നേടിയ ഇംഗ്ലീഷ് ക്ലബ്ബെന്ന ചരിത്ര വിലാസത്തിന്റെ ഖ്യാതിയില്‍ ലോകമെങ്ങും ലിവര്‍പൂളിന് ആരാധകരുണ്ട്; കളിപ്പിരാന്തന്മാര്‍ ഏറെയുള്ള കേരളത്തില്‍ വിശേഷിച്ചും.
 
വാരംതോറും ലൈവ് ടി.വി ടെലികാസ്റ്റില്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളിലെ മത്സരങ്ങള്‍ കാണുന്ന മലയാളിക്ക്, കളിക്കാരെല്ലാം കുടുംബാംഗങ്ങളെപ്പോലെ പ്രിയപ്പെട്ടവരായിരിക്കും. ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലെ പതിനൊന്ന് കളിക്കാരെയും എണ്ണിപ്പറയാന്‍ കഴിയാത്ത മലയാളി ആരാധകന് ലിവര്‍പൂള്‍ ക്ലബ്ബിലെ കളിക്കാരുടെ പേരും നാടും നാളും ഹൃദിസ്ഥമാണെന്നുവരാം. ഫുട്‌ബോള്‍ പ്രേമത്തിന്റെ മൂര്‍ച്ചയും കടുപ്പവുമാണത്. അപ്പോള്‍, തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബ് മലയാളികള്‍ക്കൊന്നാകെ ഓണാശംസ - അതും മലയാളത്തില്‍ - നേര്‍ന്നാലോ? ആരാധകര്‍ ആനന്ദലബ്ധിക്കിനിയെന്തു വേണം എന്ന അവസ്ഥയിലാവുമെന്നത് മൂന്നുതരം.
 
തിരുവോണ ദിനത്തിലാണത് സംഭവിച്ചത്. ലിവര്‍പൂള്‍ എഫ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇങ്ങനെയൊരു സന്ദേശം പ്രത്യക്ഷപ്പെടുന്നു: Liverpool Football Club would like to wish ഓണാശംസകള്‍ to all our fans celebrating the festival today! #LFCIndia.
 
ഫേസ്ബുക്ക് വെരിഫൈ ചെയ്ത് ശരിയിട്ട പേജില്‍ മലയാളത്തിലുള്ള ഓണാശംസ വന്നത് മലയാളികളെ ശരിക്കും ത്രില്ലടിപ്പിച്ചു. ഈ സന്ദേശം ശരവേഗത്തില്‍ ഷെയര്‍ ചെയ്യപ്പെട്ടു. 
 
ലൈക്കുകള്‍ കുമിഞ്ഞുകൂടി, കമന്റുകളും. എണ്ണം പറഞ്ഞ ഒരു യൂറോപ്യന്‍ ക്ലബ്ബ് മലയാളത്തെ ബഹുമാനിച്ചതിലെ 'രോമാഞ്ച'മായിരുന്നു കമന്റുകളിലധികവും തുളുമ്പി നിന്നത്. ശ്രേഷ്ഠ പദവി ലഭിച്ചതിനു ശേഷം മലയാളത്തിനു കിട്ടിയ ഏറ്റവും വലിയ ബഹുമതി എന്നതരത്തില്‍ ചെറുതും വലുതുമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു.
 
'സ്റ്റീവന്‍ ജെറാഡും കൂട്ടരും മലയാളത്തില്‍ ആശംസയര്‍പ്പിച്ചതിന്റെ അമ്പരപ്പില്‍ നിന്ന് ആരാധകരില്‍ പലരും ഇനിയും മോചിതരായിട്ടില്ല' എന്നായിരുന്നു ഒരു മുന്‍നിര പത്രത്തിന്റെ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്ത വാചകം. 'ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് അങ്ങകലെ ലിവര്‍പൂളില്‍നിന്നും ഓണാശംസ' എന്ന് മറ്റൊരു വെബ്‌സൈറ്റ്.മലയാളി ആരാധകര്‍ക്ക് ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ ഓണസമ്മാനം എന്ന് മറ്റൊരിടത്ത്. ലിവര്‍പൂള്‍ മലയാളത്തെ 'പരിഗണിച്ചതിന്റെ' ആവേശം ഫേസ്ബുക്ക് ഉപയോക്താക്കളെ മാത്രമല്ല, വാര്‍ത്താ മാധ്യമങ്ങളെയും അഭിമാനം കൊള്ളിച്ചുകൊണ്ടിരുന്നു. ഈ സെന്‍സേഷണല്‍ ന്യൂസ് ചില പത്രങ്ങളും അച്ചടിച്ചു.
 
മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ലിവര്‍പൂളിന്റെ ഓണാശംസയുടെയും നിജസ്ഥിതി ഓണ്‍ലൈന്‍ സമൂഹം തിരിച്ചറിഞ്ഞത് പിന്നീടാണ്. സന്ദേശത്തിനൊടുവിലെ #LFCIndia എന്ന ടാഗ് ആണ് ബോധോദയത്തിന് കാരണമായത്. 
 
സന്ദേശം പോസ്റ്റ് ചെയ്ത പേജ് ലിവര്‍പൂള്‍ ക്ലബ്ബിന്റെ ഇന്ത്യന്‍ പേജ് മാത്രമാണെന്നര്‍ത്ഥം. അതായത് ഓണാശംസ നേര്‍ന്ന കാര്യം സ്റ്റീവന്‍ ജെറാഡോ കോച്ച് ബ്രണ്ടന്‍ റോജേഴ്‌സോ ആന്‍ഫീല്‍ഡിലെ അടിച്ചുതളിക്കാര്‍ പോലുമോ അറിഞ്ഞിട്ടില്ലെന്ന്. ലിവര്‍പൂളിന്റെ പേജിന്റെ അഡ്മിനുകളില്‍ മലയാളികള്‍ ഉണ്ടാവുകയും ഓണാശംസ മലയാളത്തില്‍ തന്നെ വരികയും ചെയ്യുന്നത് അത്ര അസ്വാഭാവികവും അത്ഭുതവുമൊന്നുമല്ലല്ലോ. സന്ദേശത്തിലെ ടാഗ് കാണാനോ പേജിന്റെ ഉറവിടം ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ തന്നെയാണെന്നുറപ്പുവരുത്താനോ നില്‍ക്കാതെ 'ജെറാഡിന്റെയും കൂട്ടരുടെയും' ഓണാശംസ വാര്‍ത്താ രൂപത്തില്‍ വിളമ്പിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വയം ഇളിഭ്യരായി. മുന്‍നിര അച്ചടി, ചാനല്‍ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളും അതില്‍പ്പെട്ടു എന്നതാണ് കൂടുതല്‍ ആശ്ചര്യ ജനകം.
 
ലിവര്‍പൂള്‍ ഇന്ത്യന്‍ പേജിന്റെ ഗതകാല പോസ്റ്റുകള്‍ വീക്ഷിക്കുമ്പോഴാണ് ഓണാശംസ അത്രക്ക് വലിയ കോളല്ലെന്ന് മനസ്സിലാകുന്നത്. ഓണത്തിനും ഒരാഴ്ച മുമ്പ് ഇതേ പേജില്‍ ഗണേശ ചതുര്‍ത്ഥി ആശംസിച്ച് മനോഹരമായ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സെപ്തംബര്‍ 11-ന് 2001-ലെ അമേരിക്കന്‍ ദുരന്തത്തിനുള്ള അനുശോചനവും. ഫുട്‌ബോള്‍ ആരാധകര്‍ ഏറെയുള്ള കേരളത്തിന് ഓണാശംസ നേരുക എന്നത് ഈ പേജ് ഔപചാരിക മര്യാദയായി മാത്രമേ കണ്ടിരിക്കാനിടയുള്ളൂ. 
 
ഏതായാലും നാലായിരത്തിലധികം ലൈക്കുകളും ആയിരത്തി അഞ്ഞൂറിലധികം ഷെയറുകളും ആയിരത്തോളം കമന്റുകളുമായി സംഭവം ഹിറ്റായത് പേജ് അഡ്മിനെ ഞെട്ടിച്ചിട്ടുണ്ടാകുമെന്നുറപ്പ്.
 
സംഭവത്തെക്കുറിച്ച് മനോജ് രവീന്ദ്രന്‍ നിരക്ഷരന്‍ തുടങ്ങിവെച്ച ഫേസ്ബുക്ക് ചര്‍ച്ചയും അതിലെ ശ്രദ്ധേയമായ ചില കമന്റുകളും എടുത്തു ചേര്‍ക്കുന്നു. (അച്ചടിയുടെ സൗകര്യത്തിനായി അര്‍ത്ഥഭംഗം വരാതെ ചിലത് എഡിറ്റ് ചെയ്തിട്ടുണ്ട്).
 
മനോജ് രവീന്ദ്രന്‍ നിരക്ഷരന്‍ : ഒരു മലയാളി അഡ്മിന്‍ ഉണ്ടായാല്‍ ഏത് ഫേസ്ബുക്ക് പേജിലും സംഭവിക്കാവുന്ന ഒരു നിസ്സാര കാര്യം... എങ്ങനെ സംഭവിച്ചു എന്നാലോചിക്കാതെ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് എന്റെ ആദരാഞ്ജലികള്‍.
മാധ്യമങ്ങളില്‍ എഡിറ്റര്‍, സബ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍, മാര്‍ക്കറ്റിങ്ങ് എഡിറ്റര്‍, മാനേജിങ്ങ് എഡിറ്റര്‍ എന്നീ തസ്തികകള്‍ക്ക് പുറമേ, സെന്‍സേഷണല്‍ എഡിറ്റര്‍ അഥവാ 'കോള്‍മയിര്‍ എഡിറ്റര്‍' എന്നൊരു തസ്തിക കൂടി സൃഷ്ടിച്ച് ഇത്തരം വാര്‍ത്തകള്‍ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാത്തിടത്തോളം കാലം ഇതും ഇതിനപ്പുറവും കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും.
 
ഷാജന്‍ സ്‌കറിയ: ഈ വാര്‍ത്ത വായിച്ച് ഞെട്ടിയവരില്‍ ഒരാളാണ് ഞാന്‍. ഇതാണ് ശരിക്കുമുള്ള തമാശ.
 
റോഷന്‍ പി.എം: ചില്ലക്ഷരം എഴുതാന്‍ ബുദ്ധിമുട്ടിയ ജെറാഡിനെ റൂണിയാണേ്രത സഹായിച്ചത്. മലയാളത്തിന് മുന്നില്‍ അവര്‍ ക്ലബ്ബ് വൈരം മറന്നത്രേ... :)
 
ഹരി മാത്‌സ്: ഈ ഇന്ത്യന്‍ പേജിനെപ്പറ്റിപ്പോലും ഒരുപക്ഷേ ലിവര്‍പൂള്‍ ടീമംഗങ്ങള്‍ അറിഞ്ഞിട്ടുണ്ടാകണമെന്നില്ല. ഇവിടെ വിജയിച്ചത് ഈ ഇന്ത്യന്‍ പേജിന്റെ അഡ്മിനാണ്. അയാള്‍ മലയാളിയാണെങ്കിലും അല്ലെങ്കിലും ഒരു സംസ്ഥാനത്ത് മൊത്തം ഈ പേജിനെക്കുറിച്ച് ചര്‍ച്ച ചെയ്യിക്കാനും ലൈക്ക് വാങ്ങാനുമൊക്കെ ടിയാന്റെ 'ഓണാംശംസ'യ്ക്ക് കഴിഞ്ഞു. ഇതാണ് യഥാര്‍ത്ഥ പബഌസിറ്റി വര്‍ക്ക്. ഇത്തരം കാമ്പോ കഴമ്പോ ഇല്ലാത്ത വാര്‍ത്തകളാണ് ഇന്റര്‍നാഷണല്‍ പേജില്‍ അടിച്ചു വിടുന്നതെന്നോര്‍ക്കുമ്പോഴാണ് അത്ഭുതം. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പേജ് കണ്ട് ഔദ്യോഗികപേജാണെന്നു തെറ്റിദ്ധരിച്ച റിപ്പോര്‍ട്ടര്‍ക്ക് പറ്റിയ അമളിയാണ് ഇതിലെ ഹൈലൈറ്റ്.

Search site