ലിവര്‍പൂളിനു തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ സതാംപ്ടണ്‍ ഏകപക്ഷീയമായ ഒരു ഗോളിനു അട്ടിമറിച്ചു. 53-ാം മിനിറ്റില്‍ ഡെജാന്‍ ലോവ്‌റനാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോള്‍ നേടിയത്. 
 
മറ്റൊരു മത്സരത്തില്‍ ആസ്റ്റന്‍ വില്ല ഏകപക്ഷീയമായ ഒരു ഗോളിനു നോര്‍വിച്ച് സിറ്റിയെ കീഴടക്കിയപ്പോള്‍ ഹള്‍ സിറ്റി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു. സണ്ടര്‍ലാന്റിനെ വെസ്റ്റ് ബ്രോം ആല്‍ബിയന്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു കീഴടക്കി. 
ഇന്നു നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും . മത്സരം തുടങ്ങും മുമ്പെ ടീമിന്റെ ശക്തി വിളിച്ചു പറഞ്ഞു കൊണ്ട് സിറ്റി കോച്ച് മാനുവല്‍ പെല്ലഗ്രിനി രംഗത്തു വന്നു കഴിഞ്ഞു. 
 
തന്റെ ടീമിന് യുണൈറ്റഡിനെ മറികടക്കാനുള്ള ശേഷിയുണ്ടെന്നു അദ്ദേഹം പറഞ്ഞു. സീസണില്‍ ഇതുവരെ നാലു മത്സരങ്ങള്‍ മാത്രമെ കഴിഞ്ഞുള്ളൂവെങ്കിലും ഇരു ടീമുകള്‍ക്കും ഇതിനോടകം തന്നെ പോയിന്റുകള്‍ നഷ്ടമായിയിട്ടുണ്ട്. 
 
യുണൈറ്റഡ് ചെല്‍സിയുമായി സമനില നേടുകയും ലിവര്‍പൂളിനോട് തോല്‍ക്കുകയും ചെയ്തപ്പോള്‍ സിറ്റി സ്‌റ്റോക് സിറ്റിയുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. എന്നാല്‍ സിറ്റിക്കെതിരെ വിജയ റെക്കോര്‍ഡുള്ള ഡേവിഡ് മോയസ് ഇന്നത്തെ മത്സരത്തിലും വിജയം തന്നെ തുണക്കുമെന്ന വിശ്വാസത്തിലാണ്.

Search site