ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവ്; 25 ലക്ഷം പിഴ

കാലിത്തീറ്റ കുംഭകോണ കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നോതാവുമായ ലാലുപ്രസാദ് യാദവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജഡ്ജി വിധി പറഞ്ഞത്. ഇതോടെ ലാലുപ്രസാദ് യാദവിന് അംഗത്വം നഷ്ടമാകും.
 
ലാലുപ്രസാദ് യാദവിന് പുറമെ മുന്‍ മുഖ്യമന്ത്രിയും ഐക്യ ജനതാദള്‍ നേതാവുമായി ജഗനാഥ് മിശ്രക്ക് 4 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും , ജെഡിയൂ എംപി ജഗദീശ് ശര്‍മ്മക്ക് 4 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 6 രാഷ്ട്രീയ നേതാക്കളും 4 ഐഎഎസ് ഓഫീസര്‍മാരും ഉള്‍പ്പെടെ 45 പ്രതികള്‍ക്കാണ് ഇന്ന് ശിക്ഷ വിധിക്കുക.
 
ഇതോടെ ലാലുപ്രസാദ് യാദവിന് 11 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല. വഞ്ചന, അഴിമതി, വ്യാജരേഖ ചമക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളിലാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 17 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിക്കുന്നത്.
 
പ്രായവും അസുഖവും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന സിബിഐ പ്രോസിക്യൂട്ടറുടെ ആവശ്യമാണ് ജഡ്ജി പ്രവാസ് കുമാര്‍ സിങ് പരിഗണിച്ചത്.
 
നിലവില്‍ റാഞ്ചി റാബ്രിബിര്‍സ മുണ്ട ജയിലിലാണ് ലാലുപ്രസാദ് യാദവ്. 900 കോടി രൂപയുടെ അഴിമതി നടന്ന കാലിത്തീറ്റ കുംഭകോണ കേസില്‍ അമ്പതോളം കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇതില്‍ ലാലുപ്രസാദ് യാദവ് പ്രതിയായ 5 കേസുകളില്‍ 37 കോടി 70 ലക്ഷം രൂപയുടെ അഴിമതി കേസിലാണ് ഇന്നത്തെ കോടതി വിധി.
 
1996 ല്‍ കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ ബില്‍ ഉപയോഗിച്ച് 37.7 കോടി രൂപ ട്രഷറിയില്‍ നിന്ന് വാങ്ങിയെന്നാണ് കേസ്. അതേ സമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ജെഡി അറിയിച്ചു.

Search site