ലഹരി ഉപയോഗം എന്ന രോഗം

മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തെ ഒരു ദുശ്ശീലമായാണ് സമൂഹം കാണുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ദുശ്ശീലത്തേക്കാളുപരി ഇതൊരു രോഗമാണ്. ആദ്യം തമാശക്കും മറ്റുള്ളവര്‍ക്ക് ചങ്ങാത്തം കൊടുക്കാനും വേണ്ടി ഒരു വ്യക്തി തുടങ്ങുന്ന ലഹരി ഉപയോഗശീലങ്ങള്‍ പല സന്ദര്‍ഭങ്ങളിലൂടെ തുടരുകയും പിന്നീട് മോചനമില്ലാത്തവിധം അതിന് അടിമയാകുകയും ചെയ്യുന്നു. തുടര്‍ച്ചയായ മദ്യപാനവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യക്തിയുടെ മാനസിക-ശാരീരിക അവസ്ഥയെ രോഗാതുരമാക്കുന്നതോടെ ആ വ്യക്തി കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും തൊഴിലിടങ്ങളിലും പ്രശ്നക്കാരനായി മാറുന്നു. തുടര്‍ന്ന് മുഴുക്കുടിയനെന്നോ മയക്കുമരുന്നുകളുടെ അടിമയെന്നോ മുദ്രകുത്തപ്പെട്ട് സമൂഹത്തിനും കുടുംബത്തിനും ഭാരമായിത്തീരുന്നു.
 കൗമാരക്കാരിലും വിദ്യാര്‍ഥികളിലും ഇന്ന് മുമ്പില്ലാത്ത വിധം ലഹരി ഉപയോഗം കൂടിവരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ജീവിതം തുടങ്ങുംമുമ്പുതന്നെ പാന്‍മസാലകളുടെയും മദ്യത്തിന്‍െറയും പിടിയില്‍പെടുന്ന നമ്മുടെ തലമുറ സമൂഹത്തിനും രാഷ്ട്രത്തിനു തന്നെയും ഭീഷണിയായിത്തീരുന്നു. ലഹരിവസ്തുക്കളുടെ കൂട്ടത്തില്‍ മദ്യത്തിന്‍െറ ഉപയോഗം ഇന്ന് സാര്‍വത്രികമായിട്ടുണ്ട്. മദ്യപാനരോഗികളായിത്തീരുന്ന എല്ലാവരുംതന്നെ ആദ്യം ഒരു കമ്പനിക്ക് മാത്രമായി മദ്യം രുചിച്ചവരാണ്. ഇങ്ങനെ മദ്യം കഴിച്ചു തുടങ്ങുന്ന പത്തു പേരില്‍ മൂന്നുപേര്‍ പിന്നീട് മദ്യപാനരോഗികള്‍ ആയിത്തീരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചെറുപ്പത്തിലേ മദ്യവും മറ്റ് ലഹരിവസ്തുക്കളും രുചിച്ചു നോക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അതിന് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്.
 ഇങ്ങനെ ലഹരിയുടെ പിടിയില്‍ അടിപ്പെടുന്ന പുതിയ തലമുറ കടുത്ത മത്സരം നേരിടുന്ന സമൂഹ യാഥാര്‍ഥ്യങ്ങള്‍ക്കുമുന്നില്‍ പതറുമ്പോള്‍ അതിനെ നേരിടുന്നതിന് പകരം ഇത്തരം ലഹരിവസ്തുക്കളില്‍ അഭയം പ്രാപിക്കുന്നു. മാനസിക സംഘര്‍ഷത്തില്‍നിന്ന് തല്‍ക്കാലം മോചനം നേടാനും സാമ്പത്തിക പ്രയാസങ്ങള്‍ മറക്കാനും സന്തോഷങ്ങള്‍ പങ്കുവെക്കാനും സങ്കടമുണ്ടാകുമ്പോള്‍ അതില്‍നിന്ന് ഒളിച്ചോടാനുമൊക്കെ ഇക്കൂട്ടര്‍ ലഹരിയുടെ ലോകത്തേക്ക് യാത്രയാവുന്നു. യഥാര്‍ഥ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ധൈര്യവും തന്‍േറടവും നഷ്ടമായവരാണ് ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നത്. ഈ ശീലം വ്യക്തിയെ ഒരു വിഷമവൃത്തത്തില്‍ എത്തിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലഹരിയെ കൂട്ടുപിടിക്കുന്നവര്‍ കൂടുതല്‍ പ്രശ്നങ്ങളില്‍ അകപ്പെടുകയും തന്മൂലം കൂടുതല്‍ ലഹരി ഉപയോഗത്തിലേക്ക് പോകുകയും ചെയ്യുന്നു. ഈ വിഷമവൃത്തത്തില്‍നിന്ന് വ്യക്തിയെ മോചിപ്പിക്കുകയാണ് ചികിത്സയുടെ ഭാഗമായി ആദ്യം ചെയ്യേണ്ടത്.
 മറവി, ആക്രമണോത്സുകത, സംശയരോഗം, വിഷാദരോഗം തുടങ്ങി ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ സാധ്യതയുള്ള മാനസികപ്രശ്നങ്ങള്‍ നിരവധിയാണ്. മദ്യപാനിയാണെങ്കില്‍ ഹൃദയം, കരള്‍, വൃക്ക, ആമാശയം, തലച്ചോര്‍ തുടങ്ങിയ ഭാഗങ്ങളെയും പുകയില ഉപയോഗിക്കുന്നവരാണെങ്കില്‍ ശ്വാസകോശം, വായ, തൊണ്ട തുടങ്ങിയ ഭാഗങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ ഇതിനെല്ലാം പുറമെയാണ്. ഇത്തരം ശാരീരിക-മാനസിക രോഗങ്ങള്‍ പിടിപെടുന്ന വ്യക്തിയാവട്ടെ ലഹരിമോചനത്തിനുള്ള ചികിത്സക്ക് തയാറാവാതെ ഇവയില്‍ നിന്നെല്ലാം ഒളിച്ചോടാനായി തുടര്‍ച്ചയായി ലഹരിവസ്തുക്കളെ അഭയം പ്രാപിക്കുന്നു. ഇത്തരക്കാരെ ചികിത്സയുടെ പാതയിലേക്ക് കൊണ്ടുവരുക എളുപ്പമല്ല.
 ഒരാള്‍ ലഹരിക്കടിമയാവുന്നത് പലഘട്ടങ്ങളിലൂടെയാണ്. ആദ്യഘട്ടങ്ങളില്‍ ലഹരിവസ്തുക്കളോട് മാനസികവും ശാരീരികവുമായ അടിമത്തം കുറവായതിനാല്‍ ചികിത്സ എളുപ്പവും ഫലപ്രദവുമാണ്. എന്നാല്‍, ഇത് പലപ്പോഴും നടക്കാറില്ല. ഒരാള്‍ ലഹരിയുടെ പിടിയിലകപ്പെട്ട് അവസാനഘട്ടങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് ബന്ധുക്കളും മറ്റും ചികിത്സയെപ്പറ്റി ആലോചിക്കുന്ന്. ഈ ഘട്ടത്തില്‍ രോഗിയെ പൂര്‍ണമായി രോഗമുക്തമാക്കല്‍ എളുപ്പമല്ല.
 ബന്ധുക്കളോ പുരോഹിതരോ സ്നേഹപൂര്‍വം ഉപദേശിച്ചാലോ പൊലീസിനെക്കൊണ്ടോ മറ്റോ ഭീഷണിപ്പെടുത്തിയാലോ ലഹരി ഉപയോഗിക്കുന്നയാളുടെ മനസ്സ് മാറില്ല. മറിച്ച് ചികിത്സയാണ് ഏകവഴി. ഇതാവട്ടെ ശ്രമകരവും വളരെനാള്‍ നീണ്ടുനില്‍ക്കുന്നതുമാണ്. ചികിത്സയുടെ ആദ്യഘട്ടത്തില്‍ വിറയല്‍, ഛര്‍ദി, സ്ഥലകാലവിഭ്രാന്തി തുടങ്ങിയ പിന്മാറ്റ അസ്വസ്ഥതകള്‍ രോഗിയില്‍ കാണാവുന്നതാണ്. ഈ വേളയില്‍ രോഗി ചികിത്സ അവസാനിപ്പിച്ച് ചികിത്സാകേന്ദ്രത്തില്‍നിന്ന് ഓടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഇത്തരം അസ്വസ്ഥതകള്‍ താല്‍ക്കാലികവും മരുന്നുകള്‍കൊണ്ട് മറികടക്കാവുന്നതുമാണ്.
 ഒരു മനോരോഗ വിദഗ്ധന്‍െറ സഹായത്താല്‍ രോഗിയുടെ മാനസികാവസ്ഥ വിശകലനം ചെയ്ത് ലഹരി ഉപയോഗത്തിലേക്ക് രോഗിയെ നയിക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതനുസരിച്ചുള്ള സൈക്കോതെറപ്പിയാണ് ചികിത്സയുടെ അടുത്ത ഘട്ടം. മദ്യപാനരോഗിയാണെങ്കില്‍ മദ്യാസക്തി കുറക്കുന്നതും മദ്യത്തോട് വിരക്തിതോന്നിക്കുന്നതുമായ മരുന്നുകളും കൂടെ നല്‍കേണ്ടതുണ്ട്.
 രോഗിക്കും ബന്ധുക്കള്‍ക്കും രോഗത്തെ ഉള്‍ക്കൊള്ളാനുള്ള കൗണ്‍സലിങ്ങും പ്രധാനമാണ്. ചികിത്സക്ക് വിധേയനായ വ്യക്തി വീണ്ടും ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതും ചികിത്സയുടെ ഭാഗമാണ്.
 രോഗിക്കും ബന്ധുക്കള്‍ക്കും വേണ്ടത്ര ക്ഷമയും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ശാസ്ത്രീയ ചികിത്സയിലൂടെ ഏത് അവസ്ഥയിലുള്ള രോഗിയെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. സര്‍ക്കാര്‍ വക മാനസികാരോഗ്യ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാറിന്‍െറ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലഹരിമോചന കേന്ദ്രങ്ങളിലും ഈ ചികിത്സ തികച്ചും സൗജന്യമാണ്.
 ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് രോഗംവരാതെ നോക്കുന്നതാണ് എന്നുപറയുന്നത് ലഹരി ഉപയോഗത്തിന്‍െറ കാര്യത്തില്‍ 100 ശതമാനം ശരിയാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളും കൗമാരപ്രായക്കാരും ഒരു രസത്തിനോ പെട്ടെന്ന് മുതിര്‍ന്ന വ്യക്തിയാവണമെന്ന മോഹത്താലോ ഒരിക്കലും ലഹരി ഉപയോഗത്തെ കുറിച്ച് ചിന്തിക്കരുത്.
 സിനിമകളിലും മറ്റുമുള്ള ഇഷ്ടനായകര്‍ മദ്യപിച്ച് ചെയ്യുന്ന വീരകൃത്യങ്ങളും ഇളംതലമുറയെ മദ്യപാനത്തിലേക്ക് നയിക്കുന്നുണ്ട്. എന്നാല്‍, ഇതിനൊന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. മദ്യവും മയക്കുമരുന്നും ഒരുവ്യക്തിയുടെ കഴിവുകളെ നശിപ്പിക്കുകയല്ലാതെ പരിപോഷിപ്പിച്ചതായി ചരിത്രമില്ല.
 സിനിമകളിലെ ബാറുകളിലിരുന്ന് മദ്യപിച്ച് ഡയലോഗുകള്‍ പറയുന്ന നായകരെയല്ല, മറിച്ച് മദ്യപിച്ച് തൊഴില്‍ നഷ്ടപ്പെട്ട് പിച്ചക്കാരെപ്പോലെ അഴുക്കുചാലുകളിലും മറ്റും ബോധമില്ലാതെ വീണുകിടക്കുന്ന കുടിയന്മാരെ നോക്കിയാണ് നാം ലഹരി വസ്തുക്കളെ പടിക്കുപുറത്ത് നിര്‍ത്തേണ്ടത്. 100 ശതമാനം ദോഷവും പൂജ്യം ശതമാനം ഗുണവും മാത്രമുള്ള ശീലമാണ് ലഹരി ഉപയോഗം. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ഒരുരോഗത്തെ എങ്ങനെ നമ്മള്‍ പ്രതിരോധിക്കുന്നുവോ അതുപോലെ ലഹരിവസ്തുക്കളെ മാറ്റിനിര്‍ത്തുക.

Search site