ലളിത്‌മോഡി പടിക്ക് പുറത്ത്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോഡിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആജീവനാന്തം വിലക്കി. തിരുവായ്ക്ക് എതിര്‍വായില്ല എന്ന പോലെ ഐ.പി.എല്ലിന്റെ എല്ലാമെല്ലാമായി വിലസിയ മോഡി ഇനി ബി.സി.സി.ഐ.യുടെ പടിക്ക് പുറത്ത്. ഗുരുതരമായ അച്ചടക്കരാഹിത്യവും പെരുമാറ്റദൂഷ്യവും കണക്കിലെടുത്താണ് നടപടി. ചെന്നൈയില്‍ ചേര്‍ന്ന പ്രത്യേക പൊതുയോഗത്തിലാണ് ബി.സി.സി.ഐ.യില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം. ബി.സി.സി.ഐ.യുമായോ ഇന്ത്യന്‍ ക്രിക്കറ്റുമായോ ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും മോഡിക്ക് ഇനി വ്യാപൃതനാവാന്‍ കഴിയില്ല.
 
 ബി.സി.സി.ഐ.യില്‍ മേലില്‍ ഏതെങ്കിലും സ്ഥാനത്തിരിക്കാനോ ബി.സി.സി.ഐ.യുടെയോ സംസ്ഥാന അസോസിയേഷനുകളുടെയോ ഏതെങ്കിലും കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനോ മോഡിക്ക് സാധ്യമല്ല. ഐ.പി.എല്ലിന്റെ മുന്‍ ചെയര്‍മാനെന്ന നിലയില്‍ അവകാശങ്ങളും സൗകര്യങ്ങളും ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.
 
 മോഡിയെ പുറത്താക്കാനുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചത് ഹരിയാണ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനിരുദ്ധ് ചൗധരിയാണ്. ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അതിനെ പിന്താങ്ങി. മൂന്ന് വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്നു മോഡി. ബി.സി.സി.ഐ. തന്നെ പുറത്താക്കുമെന്ന് ഉറപ്പായിരുന്നതിനാല്‍, പ്രത്യേക യോഗം തടയാന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. യോഗവുമായി മുന്നോട്ടുപോകാന്‍ ബോര്‍ഡിന് സുപ്രീംകോടതിയുടെ അനുമതി ബുധനാഴ്ച കിട്ടിയതിന് തൊട്ടുപിന്നാലെയായിരുന്നു പ്രത്യേക യോഗം. ഉച്ചയ്ക്ക് രണ്ട് മണിക്കാരംഭിച്ച യോഗം അരമണിക്കൂറിനകം മോഡിയെ പുറത്താക്കിക്കൊണ്ട് തീരുമാനം കൈക്കൊണ്ടു.
 
 പെരുമാറ്റച്ചട്ട, അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട എട്ട് കുറ്റങ്ങളാണ് മോഡിയുടെ പേരിലുണ്ടായിരുന്നത്. സാമ്പത്തിക ദുര്‍വിനിയോഗവും ബി.സി.സി.ഐ.യ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളും ഇതില്‍പ്പെടും. ഇതേക്കുറിച്ച് അന്വേഷിച്ച അരുണ്‍ ജെയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങിയ ബി.സി.സി.ഐ. അച്ചടക്ക സമിതി 134 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ മോഡി കുറ്റക്കാരനാണെന്ന് സ്ഥാപിച്ചു.

Search site