റിയാദില്‍ വാഹനാപകടം; രണ്ടു കോതമംഗലം സ്വദേശികള്‍ മരിച്ചു

ദവാദ്മിയില്‍ നിന്ന് ഹഫീഫിലേക്കുള്ള വഴി 80 കി. മീ അകലെ വാഹനമിടിച്ച് കോതമംഗലം സ്വദേശികളായ രണ്ടു പേര് മരിച്ചു. കോതമംഗമം മേതല അംബേദ്കര്‍ കോളനിയിലെ നായാട്ടുപാറ ഖാദറിന്റെ മകന്‍ ഷമീര്‍ (32), കോതമംഗലം കൂറ്റമ്പീടിയിലെ മോളത്ത് മൊയ്തീന്‍കുഞ്ഞിന്റെ മകന്‍ അനസ് മൊയ്തീന്‍ (30) എന്നിവരാണ് മരിച്ചത്. 
 
ശമീര്‍ സംഭവ സ്ഥലത്തുവെച്ചും അനസ് ദവാദ്മി ആസ്പത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 6 മണിയോടെയുമാണ് മരിച്ചത്.
 
ഇരുവരും രണ്ടു ട്രെയിലറുകളിലായി റിയാദില്‍നിന്ന് സിമന്റ് കയറ്റി താഇഫില്‍ പോയി തിരിച്ച് വരുമ്പോള്‍ ജിദ്ദയില്‍ നിന്ന് ഗോതമ്പ് കയറ്റി ദവാദ്മി, ഖസീം, നസീം, റഫായ എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനായി വരികയായിരുന്നു. രാത്രി എട്ടര മണിക്ക് വഴി യില്‍ ഹോട്ടലില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയതായിരുന്നു. ചായകുടിച്ച് വാഹനത്തിനടുത്തേക്ക് റോഡ് മുറിച്ചു കടക്കുമ്പോള്‍ ലൈറ്റിടാതെ അമിതവേഗതയില്‍ വന്ന സ്വദേശികള്‍ ഓടിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ ഇടിക്കുകയായിരുന്നു. 
 
ഷമീര്‍ പുതിയ വിസയില്‍ മൂന്നു മാസമായിട്ടുള്ളൂ. രണ്ടുമാസത്തെ ശമ്പളം ഒന്നിച്ച് ഇന്നലെയാണ് നാട്ടിലേക്ക് അയച്ചത്.
 
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സമീറിന്റെ ബന്ധു ശിഹാബ്, അനസിന്റെ റിയാദിലുള്ള സഹോദരന്‍ നജീബ്, ഭാര്യ സഹോദരന്‍ ശമീറും കെ.എം.സി.സി പ്രവര്‍ത്തകരായ സമീര്‍ ബാഫഖി കൊയിലാണ്ടി,യൂനുസ് കൂട്ടായി, ഷാക്കിര്‍ കണ്ണൂര്‍, സലീം കൂട്ടായി, എന്നിവരും അനില്‍, റാഫി, റിയാസ്, ആസിഫ് എന്നിവരും രംഗത്തുണ്ട്. അനസ് നാട്ടില്‍നിന്ന് വന്നിട്ട് ഒന്നര വര്‍ഷമായി. രണ്ടു പേരും ഒരേ കഫീലിന്റെ കീഴിലാണ് ജോലി ചെയ്യുന്നത്.
 
ദവാദ്മി ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ടു മയ്യിത്തുകളും ദവാദ്മിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കഫീല്‍ സഹായം ചെയ്യുന്നുണ്ട്. അനസിന്റെ ഭാര്യ: ഹുസ്‌ന. സഹോദരങ്ങള്‍: നിഷാദ്, നജീല.
 
ഷമീറിന്റെ മാതാവ് നാച്ചി. ഭാര്യ: സുനീറ. മക്കള്‍: അക്ബറലി, അന്‍വര്‍സാദത്ത്. സഹോദരന്‍: കബീര്‍.

Search site