റാഫ @ 13

നേട്ടങ്ങളുടെ പട്ടിക തയാറാക്കിയ വര്‍ഷം യു.എസ് ഓപണിലും മുത്തമിട്ട് മികവിലേക്കുള്ള തിരിച്ചുവരവ് റാഫേല്‍ നദാല്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. റോജര്‍ ഫെഡററെ ലോക ഒന്നാമന്റെ പദവിയില്‍ നിന്നു പുറത്താക്കിയ ശേഷം നൊവാക് ദ്യോകോവിച്ചിനു കുതിപ്പില്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട റാഫ പൂര്‍വാധിക കരുത്തില്‍ തിരിച്ചടിക്കുന്നതായി ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടം. ടെന്നീസ് ലോകം ആവേശപൂര്‍വം കാത്തിരുന്ന യു.എസ് ഓപണ്‍ പുരുഷ സിംഗിള്‍സിലെ കണ്ണഞ്ചും ഫൈനല്‍ നാലു സെറ്റ് പോരാട്ടത്തില്‍ നദാല്‍ സ്വന്തമാക്കി. സ്‌കോര്‍: 6-2, 3-6, 6-4, 6-1.
 
യു.എസ് ഓപണില്‍ രണ്ടാം തവണയും മുത്തമിട്ട സ്പാനിഷ് താരത്തിന്റെ ഗ്രാന്‍ഡ് സ്ലാംനേട്ടം 13 ആയി. എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളില്‍ ഇതിനകം സ്ഥാനംപിടിച്ച നദാല്‍ കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടിയവരില്‍ റോയ് എമേഴ്‌സണെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കു കയറി. മുന്നില്‍ പീറ്റ് സാംപ്രസും റോജര്‍ ഫെഡററും മാത്രം. സാംപ്രസിലേക്ക് കേവലം ഒരു കിരീടത്തിന്റെ ദൂരം. ഫെഡററിലേക്കെത്താന്‍ നാലു കിരീടങ്ങള്‍ കൂടി വേണം.
 
ഒന്നാം നമ്പര്‍ ദ്യോകോവിച്ചും രണ്ടാം റാങ്കിലുള്ള നദാലും തമ്മിലുള്ള ഫൈനല്‍ ആകാംക്ഷയോടെയാണ് ടെന്നീസ് പ്രേക്ഷകര്‍ കാത്തിരുന്നത്. പ്രതീക്ഷിക്കപ്പെട്ടതു പോലെ മത്സരം പൊടിപാറി. ഒരു തവണ ഷോട്ടുകളുടെ മാല തീര്‍ത്ത് ടാലി 54 കടന്നപ്പോള്‍ അത് യു.എസ് ഓപണിലെ റെക്കോര്‍ഡുമായി. 20 ഷോട്ടുകള്‍ അധികം നേടിയാണ് അടുത്ത കാലത്തൊന്നും തകരാനിടയില്ലാത്ത റെക്കോര്‍ഡ് സ്പാനിഷ്-സെര്‍ബ് പോരില്‍ പിറന്നത്.
ഏഴു മാസത്തെ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ഷിപ്പ് നഷ്ടമായ നദാല്‍ അടുത്ത റാങ്കിങ് പ്രഖ്യാപിക്കുമ്പോള്‍ ഒന്നാം റാങ്കും തിരിച്ചുപിടിക്കും.
 
നദാലും ദ്യോകോവിച്ചും തമ്മിലുള്ള 37-ാം മത്സരമായിരുന്നു ഇത്തവണത്തേത്. ജോണ്‍ മക്കന്റോ-ഇവാന്‍ ലെന്‍ഡില്‍ നേരങ്കങ്ങളെ മറികടക്കുന്നതായി ഈ കണക്ക്. 1968 ലാണ് മക്കന്റോ-ലെന്‍ഡില്‍ പോരാട്ടമാരംഭിച്ചത്. നദാലും ദ്യോകോവിച്ചും തമ്മിലുള്ള ആറാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. ഫഌഷിങ് മീഡോസില്‍ മൂന്നാമത്തേതും. 2010ല്‍ നദാലും 2011ല്‍ ദ്യോകോവിച്ചുമാണ് വിജയിച്ചതെന്നതിനാല്‍ ഇത്തവണത്തേത് മറ്റൊരു നിലക്കും ഫൈനലായിരുന്നു. യു.എസ് ഓപണില്‍ ദ്യോകോവിച് അഞ്ചു ഫൈനലുകളില്‍ നാലാം തവണയാണ് തോല്‍വിയറിയുന്നത്.

Search site