റഷ്യ-യു.എ.ഇ സഹകരണം ശക്തിപ്പെടുത്തും

യു.എ.ഇയും റഷ്യയും തമ്മില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ റഷ്യ സന്ദര്‍ശനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 
 ശൈഖ് മുഹമ്മദും റഷ്യ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു.
 ഇതിന്‍െറ ഭാഗമായി റഷ്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ 500 കോടി ഡോളര്‍ വരെ യു.എ.ഇ നിക്ഷേപിക്കും.റഷ്യന്‍ പ്രസിഡന്‍റിന്‍െറ ഔദ്യാഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സാമ്പത്തിക മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാനും വൈവിധ്യവത്കരിക്കാനും തീരുമാനിച്ചു.
 നിക്ഷേപ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തു.
 അറബ് മേഖലയിലെ സംഭവവികാസങ്ങളും ചര്‍ച്ചാവിഷയമായി. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ചര്‍ച്ചയില്‍ സംബന്ധിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ സന്ദേശം കൈമാറുകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസന സഹകരണ കരാറില്‍ അബൂദബി ധനകാര്യ മന്ത്രാലയവും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടും ഒപ്പിട്ടു. 
 അബൂദബി ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ചെയര്‍മാന്‍ ഹമദ് മുഹമ്മദ് അല്‍ ഹുര്‍ അല്‍ സുവൈദിയും റഷ്യന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കിരില്‍ ദിമിത്രീവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. 500 കോടി ഡോളറിന്‍െറ സംയുക്ത പദ്ധതി സംബന്ധിച്ചും അന്തിമ കരാറിനെ കുറിച്ചും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ചര്‍ച്ച നടത്തുകയും തീരുമാനത്തിലെത്തുകയും ചെയ്യും.

Search site