രാഹുല്‍ ഗാന്ധിക്കെതിരെ അസം ഗണ പരിഷത്തിന്റെ 500 കോടിയുടെ മാനനഷ്ടകേസ്

കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിക്കെതിരെ 500 കോടിയുടെ മാനനഷ്ടകേസ്. അസമിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ അസം ഗണ പരിഷത്താണ് രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. അസം ഗണ പരിഷത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും ഫലസ്തീനിലെ ഹമാസിന് സമാനമായ സംഘടനയാണ് അതെന്നുമുളള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് 500 കോടിയുടെ മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്.
 
 പാര്‍ട്ടിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ മാപ്പു പറയാന്‍ രാഹുല്‍ ഗാന്ധിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അനുവദിച്ച സമയത്തിനകം രാഹുല്‍ ഗാന്ധി മാപ്പു പറഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടെയും ആറു വര്‍ഷത്തോളം വിദേശി വിരുദ്ധ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി നേതാക്കളുടെയും പേരിലുണ്ടായ അപകീര്‍ത്തിക്കെതിരെ 500 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് എ.ജി.പി യൂത്ത് വിങ് പ്രസിഡന്‍്റ് കിഷോര്‍ ഉപാധ്യായ അറിയിച്ചു.
 
 രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പാര്‍ട്ടിക്ക് ഖേദമുള്ളതായും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും നേരത്തെ എ.ജി.പി അധ്യക്ഷന്‍ പ്രഫുല്ല കുമാര്‍ അറിയിച്ചിരുന്നു. നേരത്തെ വിക്കിലീക്സ് ആണ് എ.ജി.പിക്കെതിരെ രാഹുല്‍ ഗാന്ധി വിവാദ പ്രസ്താവന നടത്തിയ കാര്യം പുറത്തുവിട്ടത്.
 
 രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ട് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രംഗത്തെത്തിയിരുന്നു. അസം ഗണ പരിഷത്തിന്റെ നേതാക്കള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് തരുണ്‍ ഗൊഗോയ് ആരോപിച്ചിരുന്നു.

Search site