രാസായുധം: ഇസ്രാഈലിന് ചങ്കിടിപ്പ്

അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം സിറിയയുടെ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ ഊര്‍ജിത നീക്കം നടക്കുമ്പോള്‍ ഇസ്രാഈലിന് ചങ്കിടിപ്പ്. 
 
സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞാല്‍ തങ്ങളും അതിന് നിര്‍ബന്ധിതമാകുമെന്ന് ഇസ്രാഈല്‍ ഭരണകൂടം ഭയക്കുന്നു. ഇസ്രാഈലിന്റെ സായുധ ശക്തിക്ക് മറുപടിയായാണ് സിറിയ രാസായുധം സൂക്ഷിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
ആണവ രാഷ്ട്രമായ ഇസ്രാഈല്‍ തൊട്ടടുത്തുള്ളപ്പോള്‍ സിറിയ രാസായുധം കൈവശം വെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് റഷ്യന്‍ അംബാസഡര്‍ പറയുകയും ചെയ്തിരുന്നു. 
 
ഇസ്രാഈലിലെ രാസായുധവും യു.എന്‍ പരിശോധനക്ക് തുറന്നു കൊടുക്കുകയും നശിപ്പിക്കുകയും ചെയ്യണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. രാസായുധ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഇസ്രാഈല്‍ അതിലെ വ്യവസ്ഥകള്‍ ഇതുവരെ പാലിച്ചിട്ടില്ല. അന്താരാഷ്ട്ര പരിശോധന അനുവദിക്കാനോ, കരാര്‍ ലംഘിക്കുന്ന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കാനോ അവര്‍ തയാറല്ലെന്നതും ശ്രദ്ധേയമാണ്. രാസായുധങ്ങളുടെ ഉല്‍പാദനവും സംഭരണവും നിരോധിക്കാനും നിലവിലുള്ളവ നശിപ്പിക്കാനും നിര്‍ദേശിക്കുന്ന ഉടമ്പടിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് സിറിയ ഐക്യരാഷ്ട്രസഭക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. 
 
ഇസ്രാഈലിന്റെ പേരു പറഞ്ഞാണ് സിറിയയും ഈജിപ്തും ഇതുവരെ ഉടമ്പടിയില്‍ ഒപ്പുവെക്കാതിരുന്നത്. ആണവ നിര്‍വ്യാപന, രാസായുധ നിരോധന നിയമങ്ങളില്‍ ഇസ്രാഈല്‍ ഒപ്പുവെച്ചാല്‍ തങ്ങളും അതിനു തയാറാണെന്ന് അവര്‍ അന്താരാഷ്ട്ര വേദികളില്‍ വ്യക്തമാക്കിയിരുന്നു. രാസായുധ ഉടമ്പടിയില്‍ ഇറാന്‍ ഒപ്പുവെച്ചിട്ടുണ്ട്. 1997ല്‍ വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്തു. 
 
ഈ സാഹചര്യത്തില്‍ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ ഇസ്രാഈലിനുമേല്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്.

Search site