രശ്മിയുടെ റീഎന്‍ട്രി

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബസദസ്സുകളിലേയ്ക്ക് എത്തുകയാണ് രശ്മി സോമന്‍. സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന പെണ്‍മനസ്സ് എന്ന പരമ്പരയിലൂടെ. രശ്മിയുടെ വിശേഷങ്ങളിലേയ്ക്ക്...

 ഇത്ര നീണ്ട ഒരു ഇടവേള?
 ''ഞാന്‍ പഠിക്കുകയായിരുന്നു. അഭിനയത്തില്‍ നിന്ന് മാറി നിന്ന മൂന്ന് വര്‍ഷം ഞാന്‍ റഗുലര്‍ വിദ്യാര്‍ഥിയായിരുന്നു. എം.ജി സര്‍വകലാശാലയുടെ കീഴിലുള്ള ആല്‍ബര്‍ട്ടിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ ചെയ്തു. അഡ്മിഷന്‍ എടുക്കുന്ന സമയത്തേ അവര്‍ പറഞ്ഞിരുന്നു-അഭിനയിക്കാനായി അവധി തരില്ല. മൂന്ന് വര്‍ഷം പഠനത്തിന് മാത്രമായി നീക്കിവയ്ക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്.''

 പെട്ടന്നൊരു എം.ബി.എ മോഹം?
 പെട്ടന്നുണ്ടായതൊന്നുമല്ല. ഏറെക്കാലമായി മനസ്സിലുള്ള ആഗ്രഹമാണ്. അഭിനയത്തിന്റെ തിരക്കില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാനവര്‍ഷ പരീക്ഷ എഴുതാന്‍ പറ്റിയില്ല. 2010ലാണ് ഞാന്‍ ഡിഗ്രി പൂര്‍ത്തിയാക്കിയത്. അതുകഴിഞ്ഞപ്പോള്‍ എം.ബി.എ എന്‍ട്രന്‍സ് എഴുതി നോക്കി. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. 87 ശതമാനം മാര്‍ക്കുണ്ടായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. നേരെ പോയി അഡ്മിഷന്‍ എടുത്തു.
 വീണ്ടും ക്യാമറ കണ്ടപ്പോള്‍?
 പെണ്‍മനസ്സിന്റെ ആദ്യ ഷോട്ട് എടുക്കുമ്പോള്‍ വല്ലാത്ത പേടി തോന്നി. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ പോലും ഞാന്‍ ഇത്ര പേടിച്ചിട്ടില്ല. കൂടെയുള്ളവരെല്ലാം നന്നായി പ്രോത്സാഹിപ്പിച്ചു. ആദ്യ ഷോട്ട് ഓകെ ആയപ്പോള്‍ എല്ലാവരും കയ്യടിച്ചു. ഞാന്‍ പോയപ്പോഴുള്ള ടെക്‌നീഷ്യന്‍സും ആര്‍ട്ടിസ്റ്റുകളും ഒക്കെ തന്നെയാണ് ഇപ്പോഴും ഉള്ളത്. അതുകൊണ്ടാവും സീരിയല്‍ രംഗത്ത് വലിയ മാറ്റങ്ങളൊന്നും വന്നിട്ടുള്ളതായി തോന്നിയില്ല.

 നല്ല കഥയും കഥാപാത്രവും
 ഇനി അഭിനയിക്കുന്നില്ലേ എന്ന ചോദ്യമാണ് ഈ മൂന്ന് വര്‍ഷത്തിനിടയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടത്. വീണ്ടുമെത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാവണമെന്ന് ആഗ്രഹിച്ചു. പെണ്‍മനസ്സിലെ എന്റെ കഥാപാത്രം എന്തുകൊണ്ടും വ്യത്യസ്തമാണ്. ആദ്യ എപ്പിസോഡില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം മരിക്കുന്ന രംഗമാണ് കാണിച്ചത്. അതു കണ്ട് പ്രേക്ഷകര്‍ പലരും വിളിച്ചു. ഇനി എന്നെ അതില്‍ കാണില്ലേ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. കഥ മുഴുവന്‍ പറഞ്ഞു കൊടുക്കാന്‍ കഴിയില്ലല്ലോ. എങ്കിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണെന്ന് മാത്രം പറയാം. എന്നാല്‍ പ്രേതമല്ല. നിഗൂഡതകള്‍ ഏറെ നിറഞ്ഞ ഈ വേഷത്തെ പറ്റി കേട്ടപ്പോള്‍ തന്നെ അതേറ്റെടുക്കുമെന്ന് ഞാന്‍ തീരുമാനിച്ചു.

 പ്രേക്ഷകരുടെ പ്രതികരണം
 ആദ്യ ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ കുറേ അധികം കോളുകള്‍ വന്നു. തിരിച്ചു വന്നതില്‍ സന്തോഷമുണ്ടെന്ന് അവരില്‍ പലരും പറഞ്ഞു. എന്റെ കോസ്റ്റിയൂം, അപ്പിയറന്‍സ് ഒക്കെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു.

Search site