രണ്ടാമൂഴവും നിഷേധിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ വേദനയില്‍ അദ്വാനി

നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍നിന്ന് വിട്ടുനിന്ന അദ്വാനി ബി.ജെ.പി.യില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. അദ്വാനിയെ ഒപ്പം നിര്‍ത്തുന്നതിന് പാര്‍ട്ടിയധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും മറ്റുനേതാക്കളും നടത്തിയ എല്ലാ ശ്രമങ്ങളോടും മുഖംതിരിച്ച അദ്ദേഹത്തിനു മുന്നില്‍ ഇനിയെന്തെന്ന ചോദ്യംമാത്രമാണ് അവശേഷിക്കുന്നത്.

പ്രധാനമന്ത്രിയാവുകയെന്ന സ്വപ്നം അവശേഷിപ്പിച്ച് എല്‍.കെ. അദ്വാനി എന്ന നേതാവ് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുമോ?. അതോ, അപമാനം സഹിക്കാനില്ലെന്ന് വ്യക്തമാക്കി കലാപത്തിന് തയ്യാറാകുമോ?-തലസ്ഥാനത്തെ രാഷ്ട്രീയരംഗത്ത് വെള്ളിയാഴ്ച നിറഞ്ഞുനിന്ന ചോദ്യങ്ങള്‍ ഇതായിരുന്നു. മോഡിയടക്കമുള്ള, ബി.ജെ.പിയിലെ ഇന്നത്തെ എല്ലാ പുതുതലമുറ നേതാക്കളെയും ഉയര്‍ത്തിക്കൊണ്ടുവന്നത് അദ്വാനിയായിരുന്നു. 1984-ല്‍ രണ്ട് സീറ്റുമാത്രമുണ്ടായിരുന്ന ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത് അദ്വാനിയുടെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു.

പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനായി വീട്ടില്‍ നിന്നിറങ്ങിയശേഷം രണ്ട് മിനിറ്റിനുള്ളില്‍ മടങ്ങിപ്പോയ അദ്വാനി, മോഡിയുടെ കാര്യത്തില്‍ നിലപാട് അരക്കിട്ടുറപ്പിക്കുകയായിരുന്നു. 1996-ല്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം വേണ്ടെന്നുവെച്ച് അടല്‍ബിഹാരി വാജ്‌പേയിയെ നേതാവായി പ്രഖ്യാപിച്ചത് അദ്വാനിയായിരുന്നു. 2009-ല്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായെങ്കിലും എന്‍.ഡി.എ. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പാര്‍ട്ടിക്ക് വിജയിക്കാനുള്ള അവസരം വന്നപ്പോള്‍ രണ്ടാമൂഴവും നിഷേധിച്ച്, അദ്വാനിയെ പാര്‍ട്ടി ഒതുക്കി.

മോഡിയെ പാര്‍ട്ടിയുടെ പ്രചാരണസമിതി അധ്യക്ഷനാക്കുന്നതിലെ എതിര്‍പ്പ് ഗോവയില്‍ നടന്ന ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍നിന്ന് വിട്ടുനിന്ന് അദ്ദേഹം പരസ്യമാക്കിയിരുന്നു. എതിര്‍പ്പ് മറികടന്നും മോഡിയെ അധ്യക്ഷനാക്കിയതിലൂടെ അദ്വാനിയെ ഇനി ആവശ്യമില്ലെന്ന പ്രഖ്യാപനമാണ് ഫലത്തില്‍ ബി.ജെ.പി. നടത്തിയത്. ഇപ്പോള്‍, ആ തീരുമാനം ആവര്‍ത്തിക്കുകയാണ് ബി.ജെ.പി.

മോഡിയുടെ നേതൃത്വത്തില്‍ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി. മാറുകയും എന്‍.ഡി.എ.ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കുകയും ചെയ്താല്‍ അദ്വാനിയെ ഒരുപക്ഷെ, പാര്‍ട്ടിക്ക് വീണ്ടും ആവശ്യമായി വന്നേക്കാം. അതൊരു വിദൂരസാധ്യതയാണ്. ബി.ജെ.പി.ക്ക് പുറമെ, അകാലിദളും ശിവസേനയുംമാത്രമാണ് ഇപ്പോള്‍ എന്‍.ഡി.എ.യിലുള്ളത്. മോഡിയോട് എതിര്‍പ്പുള്ള കക്ഷികളില്‍നിന്നും അദ്വാനിക്ക് പിന്തുണ ലഭിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍, എല്ലാ പ്രായോഗിക അര്‍ഥത്തിലും അദ്വാനിയെന്ന നേതാവ് ബി.ജെ.പി.യുടെ മുന്‍നിരയില്‍നിന്നകന്നുപോവുകയാണ്; എന്നന്നേക്കുമായി.

Search site