യു.എ.ഇയില്‍ നിന്ന് അഞ്ചു റെക്കോര്‍ഡുകൂടി ഗിന്നസ് ബുക്കിലേക്ക്

അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ഗിന്നസ് ബുക്കില്‍ യു.എ.ഇയില്‍ നിന്ന് അഞ്ചു പുതിയ ലോക റെക്കോര്‍ഡുകള്‍ ഇടംപിടിക്കും.
 ഭൂമിയിലെ മനുഷ്യനിര്‍മിതമായ ഏറ്റവും ഉയരമുള്ള കെട്ടിടമായി 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ എഴുതിച്ചേര്‍ക്കപ്പെടും. ബുര്‍ജ് ഖലീഫയുടെ 122ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അറ്റ്.മോസ്ഫിയര്‍ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റ് ആയി മാറും. ദുബൈ മാള്‍ ആണ് ഗിന്നസ് ബുക്കില്‍ കയറുന്ന മൂന്നാമത്തെ താരം. 11.24 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ദുബൈ മാള്‍ ഏറ്റവും വലിയ ഷോപ്പിങ് സെന്‍ററാണ്.
 74.69 കിലോമീറ്റര്‍ ഡ്രൈവര്‍മാരില്ലാതെ സര്‍വീസ് നടത്തുന്ന ദുബൈ മെട്രോയും ഗിന്നസ് ബുക്കില്‍ കയറുകയാണ്. ലോകത്ത് ഡ്രൈവര്‍മാരില്ലാതെ ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന മെട്രോ എന്ന ബഹുമതിയാണ് നാലു വയസ്സ് ഈയിടെ പൂര്‍ത്തിയാക്കിയ ദുബൈ മെട്രോ സ്വന്തമാക്കിയത്.
 അബൂദബി ഫെരാരി വേള്‍ഡിലെ റോളര്‍ കോസ്റ്റ (വിനോദവണ്ടി)റും ഗിന്നസ് ബുക്കില്‍ ഇടംപിടിക്കും. ഉരുക്കില്‍ നിര്‍മിച്ച ഏറ്റവും വേഗം കൂടിയ വിനോദവണ്ടിയാണിത്. മണിക്കൂറില്‍ 239.9 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന റെയിലിലൂടെ സഞ്ചരിക്കുന്ന ഈ വണ്ടിക്ക് അഞ്ചു സെക്കന്‍ഡില്‍ 52 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
 ഏറ്റവും പരിസ്ഥിതി സൗഹൃദ നഗരമെന്ന ബഹുമതിയുമായി അബൂദബിയിലെ മസ്ദാര്‍ സിറ്റിയും ഗിന്നസില്‍ കയറുകയാണ്. മാലിന്യവും കാര്‍ബണ്‍ മാലിന്യവും തീരെയില്ലാതെ രൂപകല്‍പ്പന ചെയ്ത ലോകത്തെ ആദ്യത്തെ സിറ്റിയെന്ന റെക്കോര്‍ഡാണ് മസ്ദാര്‍ സ്വന്തമാക്കിയത്. ഇവിടേക്കാവശ്യമായ മുഴവുന്‍ ഊര്‍ജവും പുനരുല്‍പ്പാദന വിഭവങ്ങളിലൂടെയാണ്. മാത്രമല്ല എല്ലാ മാലിന്യവും പുന:ചംക്രമണം ചെയ്യുന്നു. കാറുകള്‍ നിരോധിച്ച ഇവിടെ ഇലക്ട്രിക്, അണ്ടര്‍ഗ്രൗണ്ട് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ കാര്‍ബണ്‍ മാലിന്യം തീരെയില്ല.
 എല്ലാംകൂടി 100ലേറെ തവണ യു.എ.ഇ പുതിയ ഗിന്നസ് ബുക്കില്‍ പരാമര്‍ശിക്കപ്പെടുന്നതായി ഗള്‍ഫ് ന്യൂസ് പത്രത്തെ ഉദ്ധരിച്ച് ഔദ്യാഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി ദുബൈയിലെ ജെ.ഡബ്ള്യു മാരിയറ്റ് മാര്‍ക്വിസും (355.35 മീറ്റര്‍ ഉയരം)ഏറ്റവും വലിയ യന്ത്രവല്‍കൃത പാര്‍ക്കിങ് സൗകര്യമായി എമിറേറ്റസ് ഫിനാന്‍ഷ്യല്‍ ടവറിലേതും നേരത്തെ തന്നെ ഗിന്നസ് ബുക്കിലുണ്ട്. 1191 കാറുകള്‍ക്ക് ഇവിടെ പാര്‍ക്ക്ചെയ്യാം.

Search site