യുവതികളെ പീഡിപ്പിച്ച മലയാളി ഡോക്ടര്‍ കുറ്റക്കാരനെന്ന് ഓസ്‌ട്രേലിയന്‍ കോടതി

രോഗികളായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലയാളിയായ ഡോക്ടര്‍ കുറ്റക്കാരനെന്ന് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി. മാര്‍ച്ച് ഒന്നിന് മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ മനു മാമ്പിള്ളി ഗോപാല്‍ (39) കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. കൊച്ചിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്.
 
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ . വയറുവേദനയെ തുടര്‍ന്ന് സണ്‍ബറി മെഡിക്കല്‍ ക്ലിനിക്കല്‍ ചികിത്സക്കെത്തിയ യുവതികളെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മനു പീഡിപ്പിച്ചുവെന്നാണ് കേസ്. രണ്ടാഴ്ച നീണ്ട വിചാരണക്കൊടുവില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു. സെപ്തംബര്‍ 26-ന് ശിക്ഷ വിധിക്കുമെന്ന് ദി ഏജ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
 
പ്രതിയുടെ അക്രമത്തിനിരയായ ആദ്യ യുവതി 18 വയസ്സുള്ള വിദ്യാര്‍ത്ഥിനിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്‍സള്‍ട്ടേഷന്‍ റൂമില്‍ പരിശോധനക്കെന്ന വ്യാജേന വാതില്‍ കുറ്റിയിട്ട് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പരിശോധന നാലു മിനുട്ട് നീണ്ടെങ്കിലും പ്രതി കുറിപ്പുകളൊന്നും രേഖപ്പെടുത്തിയില്ല. സംഭവത്തിനു ശേഷം പെണ്‍കുട്ടി മാനസികമായും ശാരീരികമായും തളര്‍ന്നുപോയെന്ന് വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
 
പീഡനത്തിനിരയായ രണ്ടാമത്തെ യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്. ഇവരെയും അനാവശ്യ പരിശോധന നടത്തിയ ഡോക്ടര്‍ കുറിപ്പുകളെഴുതിയില്ലെന്ന് കോടതി വ്യക്തമാക്കി.

Search site