മോഹന്‍ലാലിന്റെ കാമുകി

അവളുടെ പേര് ഞാനൊരിക്കലും പറയുകയില്ല. പറഞ്ഞാല്‍ അവളുടെ ഭര്‍ത്താവറിയും, അവളുടെ അച്ഛനും ചേട്ടന്മാരുമറിയും.
 ഞായറാഴ്ചകളില്‍ പത്തുപതിനൊന്നു മണിയോടെ അവളുടെ വീട്ടില്‍ ബൈക്കുകള്‍ വന്നുതുടങ്ങും. പൊടിമീശയും ലജ്ജയും നിറഞ്ഞ മുഖത്തോടെ അവളെ പെണ്ണുകാണാന്‍ അവര്‍ ആണ്‍ചെറുക്കന്മാര്‍ ആശാരിക്കാവിന്റെ മുന്നിടവഴിയിലൂടെ തല ചെരിച്ച് നടന്നുവരുന്നു. ചക്കമുല്ലപ്പൂ കോര്‍ത്ത് പിന്നിയിട്ട മുടിയില്‍ തിരുകിയ അവളുടെ മുഖം കാണാന്‍ കാക്കയെപ്പോലെ തല ചെരിച്ച് അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് അവര്‍ പ്രതീക്ഷയോടെ വന്നു. മിക്‌സ്ചറിന്റെയും കായവറുത്തതിന്റെയും പാത്രങ്ങള്‍ക്ക് മാറ്റമില്ല. കാപ്പിക്കപ്പുകള്‍ മാത്രം പുതുതായ് നിറയും.

 അവള്‍ ഇടയ്ക്കിടെ വിദ്യുത്‌സ്പര്‍ശമേറ്റപോലെ നീണ്ട കണ്ണുകള്‍ വിറപ്പിച്ചടയ്ക്കുന്നതിനാല്‍ ചെറുക്കന്മാര്‍ പരിഭ്രാന്തരാവും. പ്രേമരോഗികളും. അവര്‍ അവളെ മാത്രം മതിയെന്നു ശഠിക്കും. പക്ഷേ, അവള്‍ക്കൊരുത്തനെയും പിടിച്ചില്ല. അവളുടെ അച്ഛനുമമ്മയും ഭയന്നു. ചേട്ടന്മാര്‍ ദേഷ്യപ്പെട്ടു. അവരുടെ മുറ്റത്ത് മല്‍മല്‍ ഷിമ്മീസിട്ട് കക്കുകളിച്ചുകൊണ്ടിരുന്ന ഏഴാംക്ലാസുകാരിയായ ഞാന്‍ അവളുടെ മുഖത്തേക്ക് തുറിച്ചുനോക്കി നിന്നു.

 അവളുടെ മുതിര്‍ന്ന ചേട്ടന്‍ ഓടിവന്ന് അവളെ പിടിച്ചിഴച്ച് അകത്ത് കൊണ്ടുപോയി കതകടച്ചു. ''ആരാടീ അവന്‍? സത്യം പറഞ്ഞേ... ആരാടീ അവന്‍?'' അകത്തുനിന്ന് അടിയുടെ ശബ്ദം പൊങ്ങി 'ലാലേട്ടന്‍' കരച്ചിലിന്റെ ശബ്ദത്തില്‍ വാക്കു ചിതറി.
 നാട്ടിലോ വീട്ടിലോ കേള്‍ക്കാത്ത ചെറുപ്പക്കാരന്‍.
 അവളുടെ വീട്ടുകാര്‍ അമ്പരന്നു.
 ''ഇന്നെക്കൊന്നാലും ഞാനീ ലാലേട്ടനേ കയ്ക്കൂ''
 ''ഏത് ലാലേട്ടന്‍'' അവളുടെ അച്ഛന്‍ ഇടയ്ക്കു കയറി. ''ലാലേട്ടന്‍!''
 കേട്ടത് സത്യമാകല്ലേ എന്നു ഞെട്ടിയ ഉടലോടും പിടയ്ക്കുന്ന ഹൃദയത്തോടും ഞാന്‍ ഗ്രില്‍സില്‍ പിടിച്ചുതൂങ്ങി നിന്നു. 'ഠേ' വീണ്ടുമൊരടിശബ്ദം ''ആരാടീ അവന്‍?'' ''മോ-ഹ-ന്‍-ലാ-ല്‍'' അവളുടെ ശബ്ദത്തില്‍ പ്രേമം പുരളുന്നു. ഞാനും കൂട്ടുകാരി ബിന്ദുവും ഞെട്ടലോടെ പരസ്പരം നോക്കി.

 'ദുഷ്ടത്തി' ബിന്ദു പല്ലിറുമ്മി. 'മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ' എന്നു പാടിയ വിഷ്ണുലോകത്തിലെ തെരുവുസര്‍ക്കസ്സുകാരനെയായിരുന്നു ബിന്ദുവിനിഷ്ടം. എനിക്ക് താളവട്ടത്തിലെ പ്രാന്തൂസിനെയും രഞ്ജിനിയുടെ കവിള്‍മസിലില്‍ ഉമ്മവെച്ചു ചുവപ്പിച്ചോടിയ ചിത്രത്തിലെ കൊലയാളിയായ ചെറുപ്പക്കാരനെയും. പക്ഷേ, ഞങ്ങളെക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് പാട്ടുപാടുന്ന സില്‍ക്ക് ജുബ്ബക്കാരനായ അബ്ദുള്ളയെയും മുന്തിരിത്തോപ്പില്‍വെച്ച് പ്രേമം കൊടുക്കുന്ന സോളമനെയും ഉര്‍വശിക്കു കിട്ടിയ കളിപ്പാട്ടഭര്‍ത്താവിനെയുമായിരുന്നു ഇഷ്ടം.

 'എനിക്കാ ഭ്രാന്തന്റെ ചങ്ങലയിലെ കണ്ണിയാകാന്‍ തോന്നുവാ' എന്നോ മറ്റോ പറയുന്ന തൂവാനത്തുമ്പികളിലെ ക്ലാരയുടെ ഓമനക്കാമുകനെയായിരുന്നു അവള്‍ക്കിഷ്ടം (എനിക്കാ മോഹന്‍ലാലിനെ അന്നും ഇന്നും എന്നും ഇഷ്ടമല്ല. മുഖത്ത് നിറയെ ഗോട്ടികളിക്കാന്‍ മുഖക്കുരുക്കുഴിയുള്ള ക്ലാരയെയും എനിക്കിഷ്ടമല്ല. മോഹന്‍ലാലിന്റെ നാട്യസിനിമകളിലൊന്നായാണത് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്).
 എങ്കിലും 'ഐ ലവ് യൂ മൈ മോഹന്‍ലാല്‍' എന്നു പറഞ്ഞ് മോഹന്‍ലാലിന്റെ പോസ്റ്ററില്‍ നിത്യം ചുംബിച്ചിരുന്ന എന്റെ അനുജത്തി അമ്മുക്കുട്ടിയെപ്പോലെ, അവള്‍... ആ ചേച്ചിപ്പെണ്ണും ലാലിനെ പ്രേമിച്ച് ഞങ്ങളെ ചതിച്ചു.

 ലാല്‍, സുചിത്രയെ വിവാഹംചെയ്യാന്‍പോകുന്ന വാര്‍ത്തയറിഞ്ഞ് കുശുമ്പുകുത്തിയെങ്കിലും ഞാനും ബിന്ദുവും പൊട്ടിച്ചിരിച്ചു. അഴിഞ്ഞുലഞ്ഞ മുടിയും മുഷിഞ്ഞ കുപ്പായവുമിട്ട് കട്ടിലില്‍ രണ്ടുദിവസം അവള്‍ കമിഴ്ന്നുകിടന്ന് കരഞ്ഞത് ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. 'ചതിച്ചിക്കങ്ങനെ വരണം'. ഒടുക്കം പിശാചു നക്കിയ മോഹന്‍ലാലിനെപ്പോലൊരുത്തനെ കല്യാണംകഴിച്ച് അവള്‍ ദുഃഖം തീര്‍ത്തു.
 ഭര്‍ത്തൃവീട്ടില്‍നിന്ന് അവള്‍ തിരികെയെത്തുന്ന ദിവസങ്ങളില്‍ ലാലിന്റെ ശബ്ദത്തില്‍ ഇന്‍ട്രൊഡക്ഷനുള്ള കാസെറ്റുകള്‍ അവള്‍ വെച്ചു. ലാലിനോടുള്ള പ്രേമത്തില്‍ തരിക്കുറവില്ലെന്ന് ചുമരിലെ പുതിയ നാനച്ചിത്രങ്ങള്‍ പറഞ്ഞു.

 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞങ്ങള്‍ കൗമാരത്തില്‍ വസന്തകാലത്തിന്റെ പൂവുകളെപ്പോലെ, ചുവന്ന അത്തിപ്പഴങ്ങളെപ്പോലെ ഉത്സാഹിപ്പെണ്‍കിടാങ്ങളായി മെലിഞ്ഞ വിരലുകള്‍ പ്രത്യേക രീതിയില്‍ പിടിച്ച് വിറപ്പിക്കുന്ന, അമ്മായിയച്ചന്റെ മൊട്ടത്തലയില്‍ ഉമ്മവെക്കുന്ന, ലാല്‍സലാം പറയുന്ന, വെടിയുണ്ടപ്പഴുപ്പുമായ് ചീരപ്പൂപ്പെണ്ണിന്റെ മച്ചില്‍ ഒളിച്ചുതാമസിക്കുന്ന ലാല്‍ ഞങ്ങള്‍ക്ക് ഹരമായി. അക്കാലങ്ങളില്‍ ലാലിലെ ആര്‍ട്ടിസ്റ്റ് കൗമാരക്കാരികള്‍ക്കുവേണ്ടി ചുണ്ട് പ്രത്യേകരീതിയില്‍ വിടര്‍ത്തിയാണ് പുഞ്ചിരിച്ചിരുന്നത്. അതില്‍ മയങ്ങാത്ത പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. അഭിമന്യുവിലെ കൊല്ലപ്പെട്ട നായകനും പാദമുദ്രയിലെ മുള്‍വേലി ചുമന്ന ജാരസന്തതിയും കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടിയവനും രാജശില്പിയിലെ പ്രേമശില്പിയുമെല്ലാം പെണ്‍ഹൃദയങ്ങളെ തകര്‍ത്തു.

Search site