മോഡി വഞ്ചനയുടേയും നിരാശയുടേയും മുഖമെന്നു കോണ്‍ഗ്രസ്‌

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി വഞ്ചനയുടേയും നിരാശയുടേയും മുഖമാണെന്നു കോണ്‍ഗ്രസ് പരിഹസിച്ചു. 
 
മോഡിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ആര്‍.എസ്.എസ് തീരുമാനമാണെന്നും അതിന്‍മേല്‍ ഒപ്പുവെക്കുക മാത്രമാണ് ബി.ജെ.പി ചെയ്തതെന്നും കേന്ദ്ര മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തുന്ന മോഡി രാഷ്ട്രീയത്തില്‍ ഇതു വരെ മാന്യതയുടെ മുഖം കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 
ചെങ്കോട്ടയിലും പാര്‍ലമെന്റിലും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന മോഡിയുടെ പ്രസ്താവന കേവലം സ്വപ്‌നം മാത്രമാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇത്തരം നിര്‍ഭാഗ്യത്തിനു തയാറാവില്ലെന്നും ആനന്ദ് ശര്‍മ പറഞ്ഞു. 
 
അതേ സമയം സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി മോഡി രംഗത്തെത്തി. ദേശീയ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പാക് സൈനികരുടെ വേഷത്തിലെത്തിയ തീവ്രവാദികളാണ് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതെന്ന പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പരാമര്‍ശത്തെയും മോഡി വിമര്‍ശിച്ചു. 
 
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത് പാക്കിസ്താന്‍ പട്ടാള വേഷത്തിലെത്തിയ തീവ്രവാദികളാണെന്നുള്ള എ.കെ. ആന്റണിയുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രശ്‌നം നിലനില്‍ക്കുന്നത് അതിര്‍ത്തിയില്‍ അല്ലെന്നും പ്രശ്‌നമുള്ളത് ഡല്‍ഹിയിലാണെന്നും അതിനാല്‍ പരിഹാരവും ഡല്‍ഹിയില്‍ തന്നെ കാണണമെന്നും മോഡി ആവശ്യപ്പെട്ടു. ഹരിയാനയിലെ റെവാഡിയില്‍ വിമുക്ത ഭടന്മാരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള ആദ്യ പൊതു യോഗമായിരുന്നു ഇത്. 
 
അതേ സമയം മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ അനുനയിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടരുകയാണ്. രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രവി ശങ്കര്‍ പ്രസാദ് എന്നിവരാണ് അദ്വാനിയെ അനുനയിപ്പിക്കാനായി ചര്‍ച്ചകള്‍ നടത്തുന്നത്. 
 
എന്നാല്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തീരുമാനത്തോടു അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന കടുത്ത നിലപാടില്‍ തന്നെയാണ് അദ്വാനി. ഇതോടൊപ്പം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങിന്റെ നടപടികള്‍ ശരിയല്ലെന്നും അദ്വാനി വിമര്‍ശമുന്നയിച്ചിട്ടുണ്ട്.

Search site