മോഡി തിരുവനന്തപുരത്ത്‌ സ്‌ഥാനാര്‍ഥി?

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയും തുരുപ്പുചീട്ടുമായ നരേന്ദ്രമോഡി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍നിന്നുജനവിധി തേടാന്‍ സാധ്യത. പ്രധാനമന്ത്രി സാധ്യത മോഡിക്കു വിജയമുറപ്പിക്കുന്നതിനൊപ്പം കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുകയും ചെയ്യാമെന്ന വിലയിരുത്തലാണ്‌ ബി.ജെ.പി. നേതൃത്വത്തിന്റെ അപ്രതീക്ഷിതനീക്കത്തിനു പിന്നില്‍. ഗുജറാത്തിനു പുറത്തു ഉത്തര്‍പ്രദേശിലെ വാരാണസിയിലും തിരുവനന്തപുരത്തുമാണ്‌ മോഡി മത്സരിക്കാന്‍ സാധ്യത. ഹിന്ദി ബെല്‍റ്റില്‍ മാത്രമാണ്‌ ഇപ്പോള്‍ മോഡിയുടെ സ്വീകാര്യത. അനന്തപുരിയില്‍ എത്തുന്നതോടെ ആ ന്യൂനത പരിഹരിക്കപ്പെടുമെന്നു ബി.ജെ.പി. കരുതുന്നു. മുതിര്‍ന്നനേതാവ്‌ മുരളീ മനോഹര്‍ ജോഷിയാണ്‌ നിലവില്‍ വാരാണസിയെ പ്രതിനിധീകരിക്കുന്നത്‌. ഒ.രാജഗോപാല്‍ മത്സരിച്ചപ്പോള്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിച്ചതാണ്‌ മോഡിയെ തിരുവനന്തപുരത്തിറക്കി അറ്റകൈപ്രയോഗത്തിനു ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്‌. അടുത്തിടെ മോഡി കേരളത്തോടു കാട്ടുന്ന പ്രത്യേക മമത മത്സരസാധ്യതയ്‌ക്ക്‌ ആക്കം കൂട്ടുന്നു. ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്ത്‌ കനകജൂബിലി ആഘോഷസമാപനത്തിന്റെ ഉദ്‌ഘാടനത്തിന്‌ നരേന്ദ്രമോഡി ശിവഗിരിയിലെത്തിയത്‌ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വന്‍ജനക്കൂട്ടമാണ്‌ അവിടെയും വിമാനത്താവളത്തിലും മോഡിയെ കാണാനെത്തിയത്‌. മലയാളികള്‍ക്ക്‌ മോഡി ഓണാശംസകള്‍ നല്‍കിയതും മലയാളത്തിലാണ്‌.- മോഡിയുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം. നാളെ കൊല്ലത്തു നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ 60-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മോഡി ഇന്നു കേരളത്തിലെത്തും. പത്മനാഭസ്വാമി ക്ഷേത്രസന്ദര്‍ശനം, കവടിയാര്‍ കൊട്ടാരസന്ദര്‍ശനം എന്നിവയാണ്‌ പാര്‍ട്ടി യോഗങ്ങള്‍ക്കു പുറമേയുള്ള മോഡിയുടെ മറ്റു പരിപാടികള്‍. അടിക്കടി കേരളത്തിലേക്ക്‌ എത്തുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ലെന്നു കരുതുന്നവര്‍ ഏറെയാണ്‌. കേരളത്തില്‍നിന്നുചെല്ലുന്ന ക്രൈസ്‌തവ ബിഷപ്പുമാരെ മിക്കവരെയും ഗുജറാത്ത്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌ സംസ്‌ഥാന അതിഥി പദവി നല്‍കിയാണ്‌. ബിഷപ്പുമാരുമായി വ്യക്‌തിബന്ധം പുലര്‍ത്തുന്നതില്‍ മോഡി പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. കേരളത്തിലെ പല ബിഷപ്പുമാരും മോഡിയുടെ ചങ്ങാതിമാരായിക്കഴിഞ്ഞു. മോഡി പ്രധാനമന്ത്രിയായാല്‍ ക്രൈസ്‌തവസഭകളുടെ താല്‍പര്യം സംരക്ഷിക്കപ്പെടുമെന്ന്‌ രഹസ്യമായി പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്‌. - 

Search site