മോഡിയെ പുകഴ്ത്തി അദ്വാനി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ വിയോജിച്ചിരുന്ന മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി മോഡിയെ പുകഴ്ത്തി രംഗത്തെത്തി. ഛത്തീസഗഢില്‍ നടന്ന ബി.ജെ.പി റാലിയിലാണ് അദ്വാനി നിലപാടില്‍ മലക്കം മറിഞ്ഞത്.
 
 ഗ്രാമീണ മേഖലകളിലെ വികസനത്തിന് ഊന്നല്‍ നല്‍കിയ ആദ്യ നേതാവാണ് നരേന്ദ്രമോഡിയെന്ന് അദ്വാനി പറഞ്ഞു. ഗുജറാത്തിലെ മോഡിയുടെ ഭരണം മാതൃകാപരമാണെന്നും അദ്വാനി പുകഴ്‌ത്തി.
 
 മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ച യോഗത്തില്‍നിന്ന് വിട്ടുനിന്ന അദ്വാനി, തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രസിഡന്റ്‌ രാജ്നാഥ് സിങ്ങിന് കത്തെഴുതുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം അദ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമം ബി.ജെ.പി നേതാക്കള്‍ ആരംഭിച്ചിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അനന്തകുമാര്‍, ബല്‍ബീര്‍ പുഞ്ച് എന്നിവരാണ് അനുനയത്തിന് മുന്‍കൈയെടുത്തിരുന്നത്. ഇവര്‍ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്വാനി ബി.ജെ.പിയില്‍ ഒറ്റപ്പെട്ടിട്ടില്ല. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കരുതെന്ന് അദ്വാനി ഒരിക്കലും പറഞ്ഞിട്ടില്ല. മോഡിക്കായി ആര്‍.എസ്.എസ് ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Search site