മോഡിക്ക്‌ കിട്ടിയ വജ്രമാലയുടെ വിലയെത്ര?

പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ദിവസം ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ വജ്രങ്ങളും പവിഴവും പതിച്ച ഒരു മാല സമ്മാനമായി ലഭിച്ചു. ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി സമ്മാനിച്ച മാല ഇപ്പോളൊരു വിവാദത്തിനു കാരണമായിരിക്കുകയാണ്‌. മാലയുടെ വില എത്രയാണെന്ന്‌ വെളിപ്പെടുത്തണമെന്ന്‌ എന്‍സിപി ആവശ്യപ്പെട്ടു. മാലയുടെ വില 50 കോടിയാണോ അഞ്ച്‌ കോടിയാണോ 50 ലക്ഷമാണോ അതോ വെറും അഞ്ചു രൂപയാണോയെന്ന്‌ വ്യക്‌തമാക്കണമെന്ന്‌ എന്‍സിപിയുടെ മുതിര്‍ന്ന നേതാവ്‌ നവാബ്‌ മാലിക്കാണ്‌ ആവശ്യപ്പെട്ടത്‌. ഇപ്പോള്‍ മാല ആരുടെ കൈവശമാണെന്നും വ്യക്‌തമാക്കണമെന്നും എന്‍സിപി നേതാവ്‌ ആവശ്യപ്പെട്ടു. സെപ്‌തംബര്‍ 13 ന്‌ ഡല്‍ഹിയില്‍ വച്ചായിരുന്നു ബിജെപി മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്‌. പ്രഖ്യാപനം നടന്നയുടന്‍ മോഡിയെ മറ്റു നേതാക്കള്‍ പുഷ്‌പഹാരങ്ങള്‍ അണിയിച്ച്‌ അഭിനന്ദിച്ചപ്പോള്‍ ഗഡ്‌കരി വജ്രമാല സമ്മാനിക്കുകയായിരുന്നു. കുറച്ചുനേരം അണിഞ്ഞശേഷം മോഡി മാല പ്രൈവറ്റ്‌ സെക്രട്ടറിക്കോ ബോഡിഗാര്‍ഡിനോ കൈമാറുകയായിരുന്നു. 

Search site