മെസിക്കരുത്തില്‍ ബാഴ്‌സ; ചെല്‍സിയെ ബേസല്‍ ഞെട്ടിച്ചു

ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനിലേക്ക് ഹാട്രികോടെ കുതിച്ച ലോകതാരം ലയണല്‍ മെസിയുടെ കരുത്തില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ജയം. ഡച്ച് ടീം അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു കറ്റാലന്മാരുടെ ജയം.
 
ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ ന്യൂകാമ്പില്‍ നടന്ന മത്സരത്തില്‍ ആദ്യാന്തം ബാഴ്‌സ തന്നെയായിരുന്നു ചിത്രത്തില്‍. കരിയറിലെ 27ാം ഹാട്രിക്കുമായി ലോകതാരം ലയണല്‍ മെസി തന്നെയാണ് ബാഴ്‌സയെ മുന്നില്‍ നിന്ന് നയിച്ചത്. കളിയുടെ 22ാം മിനിറ്റിലാണ് ബാഴ്‌സ ആദ്യ ഗോള്‍ നേടിയത്. മെസിയെടുത്ത ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു. രണ്ടാം പകുതിയില്‍ മെസി ബാഴ്‌സയുടെ ലീഡുയര്‍ത്തി. സ്വതസിദ്ധമായ ഇടംകാലന്‍ അടിയിലൂടെ മെസി അയാക്‌സ് ഗോളിയെ കീഴടക്കുകയായിരുന്നു. 69ാം മിനിറ്റില്‍ പ്രതിരോധ താരം ജെറാര്‍ഡ് പിക്വയുടെ ഗോളിലൂടെ ബാഴ്‌സ ലീഡ് മൂന്നാക്കി. നെയ്മറുടെ ക്രോസിന് തലവെച്ചാണ് പിക്വ ഗോള്‍ നേടിയത്. ആറുമിനിറ്റിനകം മെസി ഹാട്രികോടെ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
 
മറ്റു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയെ സ്വിസ് ടീം എഫ് സി ബേസല്‍ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബേസല്‍ ചെല്‍സിയെ വീഴ്ത്തിയത്.
45ാം മിനിറ്റില്‍ ഓസ്‌കറിലൂടെ ചെല്‍സിയാണ് ലീഡ് നേടിയത്. എന്നാല്‍ 71 മിനിറ്റില്‍ മൊഹമ്മദ് സലായും 81ാം മിനിറ്റില്‍ മാര്‍ക്കോ സ്‌റ്റെല്ലറും നേടിയ ഗോളില്‍ ബേസല്‍ ചെല്‍സിയെ തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു.
 
മറ്റു മത്സരങ്ങളില്‍ പാരിസ് സെന്റ് ജര്‍മ്മന്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഒളിംപിയാക്കോസിനെ തോല്‍പ്പിച്ചു. ആഴ്‌സണല്‍ മാഴ്‌സലിയെയും തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം. സെല്‍റ്റിക്കിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് എസി മിലാനും ജയം നേടി.

Search site