മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം

സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ മൂന്നാര്‍ ഉണരുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം സഞ്ചാരികളുടെ തിരക്ക് ഏറെ കുറവായിരുന്ന മൂന്നാറില്‍ സന്ദര്‍ശകര്‍ എത്തി തുടങ്ങി. ഓണക്കാല അവധി ആഘോഷിക്കാന്‍ പതിനായിരക്കണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയത്. 
 
വെള്ളം കയറി മൂന്നാറിലെ ദേശീയപാതയും, ഉരുള്‍പൊട്ടല്‍ മൂലം ഉടുമല്‍പ്പെട്ട് പാത തകരുകയും ചെയ്തത് മൂന്നാറിലെ മണ്‍സൂണ്‍ ടൂറിസത്തിന് തിരിച്ചടിയായിരുന്നു. 
മഴക്കാലം ആസ്വദിക്കുവാന്‍ മൂന്നാറിലെ ഹോട്ടലുകള്‍ സഞ്ചാരികള്‍ക്കായി ട്രക്കിംങ് അടക്കമുള്ളവ ഒരുക്കിയിരുന്നെങ്കിലും അപകടമേഖലയായി മൂന്നാര്‍ അറിയപ്പെട്ടതോടെ ഹോട്ടലുകളില്‍ സഞ്ചാരികള്‍ എത്തിയില്ല. ബുക്കിംഗ് ചെയ്ത മുറികള്‍ ക്യാന്‍സല്‍ ചെയ്തതോടെ മിക്ക ഹോട്ടലുകളും, കോട്ടേജുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലായി. 
 
മൂന്നാറിലെ സുഗന്ധവ്യഞ്ജനകടകളും ഭക്ഷണശാലകളും രണ്ടുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ വിദേശികളും, അറിബികളും എത്തിതുടങ്ങിയിരുന്നെങ്കിലും തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.
 
എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയുണ്ടെങ്കിലും തിരക്ക് കൂടിയിരിക്കുകയാണ്. കനത്ത നീരൊഴുക്കിനാല്‍ മാട്ടുപെട്ടി, കുണ്ടള ജലാശയങ്ങള്‍ നിറഞ്ഞൊഴുകുകയാണ്. പച്ചവിരിച്ചു കിടക്കുന്ന പുല്‍മേടുകളുടെ ഇടയിലൂടെ ഒഴുകിയെത്തുന്ന മാട്ടുപെട്ടി ജലാശങ്ങള്‍ ആരുടെയും കണ്ണിനു കുളിര്‍മയേകും. മാട്ടുപെട്ടിയിലെ പുല്‍മേടുകളില്‍ ഉച്ചതിരിഞ്ഞെത്തുന്ന കാട്ടാനകുട്ടവും കുട്ടിക്കൊമ്പന്റെ കുസൃതിയും സഞ്ചാരികളുടെ ആകര്‍ഷണീയമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ലഭിക്കുന്ന മാട്ടുപെട്ടി ജലാശയത്തിന്റെ സമീപത്തെ കച്ചവട സ്ഥാപനങ്ങള്‍ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഇരുവശങ്ങളിലും വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ മേഖലയാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയവും.

Search site