മൂന്നാര്‍

സഞ്ചാരികളുടെ സ്വപ്ന ഭൂമിയെന്നാണ് മൂന്നാര്‍ അറിയപ്പെടുന്നത്. നട്ടുച്ചക്ക് പോലും കോടമഞ്ഞില്‍ കുളിച്ചാണ് മൂന്നാറിന്റെ നില്‍പ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലച്ചെടികള്‍, അതിനിടയിലൂടെ ഒഴുകുന്ന കൊച്ചു നീര്‍ച്ചാലുകള്‍... എത്ര വര്‍ണിച്ചാലും തീരില്ല മൂന്നാറിനെക്കുറിച്ച്. അതുകൊണ്ടായിരിക്കണം മൂന്നാറിന്റെ കുളിരുതേടി എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും ഇരട്ടിയാകുന്നത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമ സ്ഥലമാണ് മൂന്നാര്‍. ഈ മൂന്നു നദികളുടെ സംഗമവേദി ആയതു കൊണ്ടാണ് മുന്നാര്‍ എന്ന പേരു വന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യന്നത്. ആഗസ്റ്റ് തൊട്ട് മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്നത്. ഇരവികുളം നാഷനല്‍ പാര്‍ക്ക് മൂന്നാറിനടുത്താണ്. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍: മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്‌, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍, ആനയിറങ്ങല്‍ ഡാം 

Search site