മൂന്നാംസീറ്റായി വയനാട് വേണമെന്ന് ലീഗ്; കരുതലോടെ കോണ്‍ഗ്രസ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായുള്ള മുസ്‌ലീം ലീഗിന്റെ തര്‍ക്കം ചൂടുപിടിക്കുന്നു. മൂന്നാം സീറ്റ് വേണമെന്ന് മുസ്‌ലിം ലീഗ് പരസ്യമായി ആവശ്യപ്പെട്ട് നിലപാട് കര്‍ക്കശമാക്കി. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വയനാട് സീറ്റാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
എന്നാല്‍ തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുള്ളതിനാല്‍ ഇപ്പോഴേ ഇത് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കേണ്ടെന്നും കടുത്ത പ്രസ്താവനകള്‍ വഴി ബന്ധം വഷളാക്കേണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതേസമയം അധികമായി സീറ്റ് ലീഗിന് കൊടുക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധവുമല്ല. കേരള കോണ്‍ഗ്രസും ഒരു സീറ്റ്കൂടി ആവശ്യപ്പെടുമെന്നതിനാല്‍ ഈയാവശ്യം അംഗീകരിക്കാനാവില്ലെന്നും പഴയ ഫോര്‍മുല തുടരാമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. 
മൂന്നാം സീറ്റ് ആവശ്യപ്പെടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബഷീര്‍. യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് മുസ്‌ലിം ലീഗ്. ലീഗ് ആവശ്യം ഉന്നയിച്ചാല്‍ തെറ്റാണന്ന് ആര്‍ക്കും പറയാനാകില്ല. സമയമാകുമ്പോള്‍ വയനാട് ചോദിക്കുമെന്നും ഇ.ടി വിശദീകരിച്ചു.
കോണ്‍ഗ്രസിന് യഥാസമയം തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാവുന്നില്ല. യു.ഡി.എഫ് സംവിധാനം ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണ്. സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തേണ്ട സമയത്ത് നടത്തും.
ലീഗുമായി തുടര്‍ന്നുവരുന്ന വിവാദം ചൊവ്വാഴ്ചയും തുടര്‍ന്നു. കെ.മുരളീധരന്‍ ലീഗിനെതിരെ വീണ്ടും രംഗത്തെത്തി. തനിച്ച് മത്സരിക്കണമോ മുന്നണി വേണോ എന്ന് ലീഗിന് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തും. ലീഗിന് മൂന്നോ നാലോ സീറ്റുകള്‍ ചോദിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ വിട്ടുവീഴ്ച ദൗര്‍ബല്യമായി കരുതരുതെന്നും മുരളീധരന്‍ പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ലീഗ് തുടങ്ങുകയും മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഉറങ്ങുന്നവരെ ഉണര്‍ത്താനാണ് ലീഗ് ശ്രമിക്കുന്നത്. കണ്ണൂര്‍, വയനാട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് ജയിച്ചതെങ്കിലും ലീഗിന്റെ പതാകയാണ് പാറിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ലീഗ് - കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായത്.

Search site