മുസ്‌ലിം സംഘടനകളെയും മതപണ്ഡിതരെയും അവഹേളിച്ച് പിണറായി

മുസ്‌ലിം സംഘടനകളെയും മതപണ്ഡിതരെയും അവഹേളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹത്തെ നാണം കെടുത്തുന്ന നിലപാടാണ് സമുദായനേതാക്കളുടെയും മതസംഘടനകളുടെയും ഭാഗത്തു നിന്നുണ്ടായതെന്ന് പിണറായി കുറ്റപ്പെടുത്തി. 
 
തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാനത്തിന് വേണ്ടി നേതൃത്വം നല്‍കിയ സംഘടനകള്‍ പോലും നിര്‍ഭാഗ്യവശാല്‍ ഈ അധമ രീതിയിലായിപ്പോയി. ഇത് ശരിയാണോ എന്ന് ഈ സംഘടനകള്‍ ചിന്തിക്കണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അധഃപതിച്ച മാനസികാവസ്ഥയുള്ളവരാണ്. അറബിക്കല്യാണവും ശൈശവവിവാഹവും ഹരമായി കാണുന്ന അധഃപതിച്ച പ്രമാണിമാര്‍ക്ക് വേണ്ടി സംഘടനകള്‍ നിലപാട് എടുക്കരുതായിരുന്നു.
 
മുസ്‌ലിം വ്യക്തിനിയമത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് പറയുന്നില്ല. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ വിവാഹം ചെയ്യാമെന്നാണ് പറയുന്നത്. ഈ പ്രായപൂര്‍ത്തി എന്നുദ്ദേശിക്കുന്നത് കളിച്ചു നടക്കുന്ന പ്രായമല്ല. പെണ്‍കുട്ടിയുടെ മാനസികവും ശാരീരികവുമായ പക്വതയാണ് ഉദ്ദേശിക്കുന്നത്. 
 
ഈ സമുദായ നേതാക്കളാരെങ്കിലും തങ്ങളുടെ പെണ്‍മക്കളെ കളിച്ചു നടക്കുന്ന പ്രായത്തില്‍ വിവാഹം ചെയ്തു നല്‍കുമോ? മുസ്‌ലിം പെണ്‍കുട്ടികള്‍ കോളജില്‍ പഠിക്കരുതെന്ന് പുരോഹിതന്‍മാര്‍ പരോക്ഷമായി പറയുകയാണ്. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ വഴിപിഴച്ചുപോകുമെന്ന അസംബന്ധ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനു പിന്നില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മുസ്‌ലിം ലീഗിന്റെ നീക്കമാണെന്നും പിണറായി പറഞ്ഞു.
 
സമസ്തയുടെ ആഭിമുഖ്യത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റാണ് സമസ്തയുടെ വൈസ് പ്രസിഡന്റ്. ഇതിന്റെ അര്‍ത്ഥം ലീഗിനാണ് ഇതിന്റെ നേതൃത്വമെന്നാണ്. മുസ്‌ലിം സംഘടനകളെ ഏകോപിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ലീഗിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വിവാഹപ്രായമെന്ന പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും പിണറായി ആരോപിച്ചു.
 
മുസ്‌ലിം വ്യക്തിനിയമത്തെ നല്ലതല്ലാത്ത രീതിയില്‍ പരാമര്‍ശിച്ച് പിണറായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ലീഗ് നേതൃത്വത്തെയും അതിനിശിതമായി വിമര്‍ശിച്ചു. 
 
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം16 ആക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്‌ലിം സംഘടനകള്‍ നടത്തുന്ന നീക്കം ദുരുപദിഷ്ടവും അത്യന്തം അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. 
 
സമൂഹത്തെയും സംസ്‌കാരത്തെയും പിന്നോട്ടടിപ്പിക്കുന്ന ഈ കാടന്‍ നീക്കത്തോട് കോണ്‍ഗ്രസിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ഇത്തരമൊരു നീക്കം സമൂഹത്തെ ഭിന്നിപ്പിക്കുന്ന അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കായിരിക്കും ചെന്നെത്തുക. രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ കുറയാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് അതിനെ വെല്ലുവിളിച്ചുകൊണ്ട് മുസ്‌ലിം സംഘടനകള്‍ അത് 16 ആക്കി കുറയ്ക്കാനുളള ശ്രമം നടത്തുന്നത്. ഇത് ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കലാണ്. 
 
മറുവശത്ത് ബി.ജെ.പി - ആര്‍.എസ്.എസ് ശക്തികള്‍ ഹിന്ദുത്വ മൗലികവാദമുയര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്- വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Search site