മുസ്‌ലിംലീഗ് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ തുടങ്ങി

സ്വന്തം നിലയില്‍ ജയിക്കാനും കൂടെയുള്ളവരെ സഹായിക്കാനും ആഹ്വാനംചെയ്ത് മുസ്‌ലിം ലീഗ് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക്. വെള്ളിയാഴ്ച കോട്ടയ്ക്കലില്‍ ചേര്‍ന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി നില്‍ക്കാന്‍ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ശാഖാതല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കര്‍മപരിപാടികള്‍ക്കും കണ്‍വെന്‍ഷന്‍ രൂപം നല്‍കി. കോട്ടയ്ക്കല്‍ പി.എം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനോടെയാണ് ലീഗിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമായത്. 
 മന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്തു. പാര്‍ട്ടിയുടെ ഐക്യം ഉറപ്പിക്കുന്നതിന് പ്രാധാന്യം കൊടുക്കണമെന്ന് നിര്‍ദേശിച്ച അദ്ദേഹം സ്വന്തം നിലയില്‍ ജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നടത്തണമെന്നും പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ്സിന് കരുത്തുപകരണമെന്നും അദ്ദേഹം പറഞ്ഞു. 
 ജയിക്കാനും ജയിപ്പിക്കാനുമാണ് ലീഗ് ഒരുങ്ങേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിക്ക് തന്നെ വേണ്ടാത്ത നരേന്ദ്ര മോഡിയെയാണ് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഇടതുമുന്നണിക്ക് ദേശീയരാഷ്ട്രീയത്തില്‍ കാര്യമായ പങ്ക് വഹിക്കാനുമില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് നയിക്കുന്ന മുന്നണിക്ക് പ്രസക്തിയേറുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
 കണ്‍വെന്‍ഷനില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. 
 മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി, മണ്ഡലം എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, സി. മമ്മൂട്ടി, കെ.എന്‍.എ. ഖാദര്‍, പി.ഉബൈദുള്ള, അബ്ദുറഹ്മാന്‍ രണ്ടത്താണി, എന്‍. ഷംസുദ്ദീന്‍, കെ.പി.എ. മജീദ്, പി.വി. അബ്ദുല്‍ വഹാബ്, സിറാജ് ഇബ്രാഹിം സേട്ട്, ടി.പി.എം. സാഹിര്‍, കുട്ടി അഹമ്മദ് കുട്ടി, പി.അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Search site