മുസ്‌ലിംലീഗ് ആരുടെയും അവകാശം കവര്‍ന്നിട്ടില്ല: ചെന്നിത്തല

ആരുടേയും അവകാശങ്ങള്‍ മുസ്‌ലിംലീഗ് കവര്‍ന്നെടുക്കാറില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോഴിക്കോട് ടൗണ്‍ ഹാളില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ്‌കോയ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ മുന്നോട്ടുനയിക്കാനാണ് സി.എച്ചും മുസ്‌ലിം ലീഗും എന്നും ശ്രമിച്ചത് - ചെന്നിത്തല പറഞ്ഞു.
 
മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണ്. യു.ഡി.എഫിനെ ശക്തിപ്പെടുത്താനും യു.പി.എയെ വീണ്ടും അധികാരത്തിലേറ്റാനുമാണത്. കോണ്‍ഗ്രസും ബൂത്ത് തല തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുന്നണിയാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വരും. എന്നാല്‍ ഒരു പൊതുകാര്യം വരുമ്പോള്‍ ഒന്നിച്ചു നില്‍ക്കാനുള്ള രാഷ്ട്രീയ വിവേകം യു.ഡി.എഫിനുണ്ട്. മുന്നണിയെ ഭിന്നിപ്പിക്കുന്ന ശ്രമം ഒന്നിച്ചു ചെറുത്തു തോല്‍പ്പിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. സോണിയ ഗാന്ധി കേരളത്തില്‍ വന്ന് മടങ്ങുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി ആവേശത്തോടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങും. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാവാന്‍ മുന്നണി അനുവദിക്കില്ല. നാലു പതിറ്റാണ്ടു പിന്നിടുന്ന കോണ്‍ഗ്രസ്-ലീഗ് ബന്ധം യാതൊരു കോട്ടവും തട്ടാതെ മുന്നോട്ടു പോകും- അദ്ദേഹം പറഞ്ഞു.
 
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ശത്രു കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ അല്ലെന്ന് സി.പി.എം തിരിച്ചറിയണം. അന്ധമായ കോണ്‍ഗ്രസ് വിരോധം വെച്ചുപുലര്‍ത്തിയാല്‍ രാജ്യം ആപല്‍ക്കരമായ അവസ്ഥയിലേക്ക് നീങ്ങും. കോര്‍പ്പറേറ്റുകളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്രമോഡി. 
 
ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിട്ട് രാജ്യത്തെ ചുടലക്കളമാക്കാനാണ് മോഡിയുടെ നീക്കം. മതേതര വിശ്വാസികള്‍ ഏറ്റവും ജാഗ്രതയോടെ നിലയുറപ്പിക്കേണ്ട അവസരമാണിത്. നരേന്ദ്രമോഡി എന്ന വിപത്തിനെതിരെ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ സി.പി.എം തയ്യാറാവണം- അദ്ദേഹം ആവശ്യപ്പെട്ടു.

Search site