മുസ്ലിം നേതാക്കന്മാര്‍ക്ക് തലയില്‍ ഓളം ബാധിച്ചു : പി സി ജോര്‍ജ്‌

പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണം എന്ന പേരില്‍ വിവാദപരമായ പ്രസ്താവനകള്‍ ഇറക്കുന്ന മുസ്ലിം സമുദായ നേതാക്കളുടെ തലയ്ക്ക് ഓളമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. 
 
പതിനാറ് വയസുള്ള പെണ്‍കുട്ടികളെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ വിവാഹം കഴിച്ചയക്കുകയല്ല. മാനസികരോഗികളാണ് പ്രായം ഇനിയും കുറയ്ക്കണമെന്ന് പറയുന്നത് - പി സി ജോര്‍ജ്ജ് പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ വിവിധ തുറകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സംഘടനകളുടെ ഇപ്പോഴത്തെ ആവശ്യത്തിന് പിന്നില്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയമാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. 
 
സാമുദായിക ധ്രുവീകരണം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് ലീഗിന്റെ ശ്രമം.പെണ്‍കുട്ടികളുടെ വിവാഹപ്രായം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ലീഗിന്‍റെ ശ്രമം പക്ഷേ ആര്‍ എസ് എസിനെപ്പോലുള്ള സംഘടനകളായിരിക്കും മുതലെടുക്കുക എന്നാണ് പിണറായിയുടെ അഭിപ്രായം. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. വിവാഹപ്രായം കുറയ്ക്കാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കരുത്. ഇത് കാടത്തമാണ് -വി എസ് പറഞ്ഞു. സാമുദായിക സംഘടനകളുടെ ആവശ്യത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്നാണ് വി എസ് അച്യുതാനന്ദനും കുറ്റപ്പെടുത്തുന്നത്. 
 
വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കനത്ത പ്രതിഷേധമാണ്. പ്രായപരിധി തന്നെ എടുത്തുകളഞ്ഞ് തൂക്കം നോക്കി വിവാഹം കഴിക്കുന്ന സമ്പ്രദായം കൊണ്ടുവരാം എന്ന് വരെ ചിലര്‍ മത നേതാക്കളെ കളിയാക്കുകയാണ് .

Search site