മുസഫര്‍ നഗര്‍ ഉയര്‍ത്തുന്ന മതേതര പാഠങ്ങള്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് പതിനായിരക്കണക്കിന് വര്‍ഗീയ കലാപങ്ങളിലൂടെ എല്ലാം നഷ്ടപ്പെട്ട അനേകായിരം മനുഷ്യരുടെ രോദനകഥകളാണ് പറയാനുള്ളത്. 
 
എന്നാല്‍ സമീപകാലത്ത് ഇതിന് അല്‍പം ആശ്വാസമുണ്ടായെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കാനുള്ള സംഘ്പരിവാര്‍ താല്‍പര്യങ്ങളിലേക്ക് വഴിമാറുന്ന ലക്ഷണങ്ങളാണ് ഇപ്പോള്‍ പ്രകടമാകുന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ മതേതര ഭരണകൂടങ്ങളുടെ നിസ്സംഗതയുടെ അവസാനത്തെ ഉദാഹരണമാണ് യു.പി.യിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ നടന്ന വര്‍ഗീയ കലാപം. ന്യൂനപക്ഷങ്ങളെ നിവര്‍ന്ന് നില്‍ക്കാന്‍ അനുവദിക്കുകയില്ലെന്ന സംഘ്പരിവാര്‍ ശക്തികളുടെ ഗുജറാത്തിലെ വംശഹത്യയുടെ രീതിശാസ്ത്രം തന്നെയാണ് മുസഫര്‍ നഗറില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് പുറത്ത് വരുന്നവരുടെ മുഖത്തുനിന്ന് നമുക്ക് വായിച്ചെടുക്കാന്‍ പറ്റുന്നത്. 
 
ന്യൂനപക്ഷത്തിന്റെ മസ്തിഷ്‌കത്തില്‍ തന്നെ ഭയത്തിന്റെ ഉല്‍പാദനം നടത്തണമെന്നാഗ്രഹിക്കുന്ന വര്‍ഗീയശക്തികളുടെ നീക്കം മുസഫര്‍ നഗര്‍ കലാപത്തില്‍ ആര്‍ക്കും കാണാവുന്നതാണ്. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ നടുവില്‍ ഭീകരമായ ഈ വര്‍ഗീയ കലാപത്തിന്റെ ഗൗരവം പരിഗണിക്കപ്പെടാതെ പോവുകയാണ് ചെയ്തത്. മിക്ക ദേശീയ മാധ്യമങ്ങളും ഈ സംഭവത്തിന് അര്‍ഹമായ വാര്‍ത്താപ്രാധാന്യം നല്‍കിയില്ല.
 
ഏതൊരു വര്‍ഗീയ കലാപത്തിന്റെയും തുടക്കം പോലെ ഓഗസ്റ്റ് 27ന് കവാല്‍ ഗ്രാമത്തില്‍ ഉടലെടുത്ത പ്രാദേശിക പ്രശ്‌നമാണ് ഒരു ഭീകര കലാപത്തിലേക്ക് വഴിമാറാന്‍ കാരണമായത്. കവാല്‍ സ്വദേശിയായ ഷാനവാസ് എന്ന മുസ്‌ലിം യുവാവ് ജാട്ട് യുവതിയെ ഉപദ്രവിച്ചുവെന്ന വ്യാജ പ്രചാരണത്തിലൂടെ ഷാനവാസിനെ വധിക്കുകയും അനുബന്ധമായി അവിടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയുമായിരുന്നു. 
 
കലാപം വ്യാപിപ്പിക്കാന്‍ മീറത്തിലെ ബി.ജെ.പി എം.എല്‍.എ വ്യാജ സി.ഡി വരെ പ്രചരിപ്പിക്കുകയുണ്ടായി. സമീപകാലത്ത് പൂവാലശല്യം കഥയാക്കി വ്യാജ പ്രചാരണം നടത്തി വര്‍ഗീയ കലാപമുണ്ടാക്കുന്ന പ്രവണത യു.പി.യില്‍ ശക്തിപ്പെട്ടുവരുന്നതായി കാണാം. ഉത്തര്‍പ്രദേശില്‍ ഒന്നര വര്‍ഷത്തിനിടയില്‍ നടന്ന നൂറിലധികം വര്‍ഗീയ കലാപങ്ങളില്‍ ഇരുപതെണ്ണം ഈ രീതിയിലാണ്. പ്രസ്തുത ഇരുപത് കലാപങ്ങളുടെയും തുടക്കവും ഒടുക്കവും പരിശോധിച്ചാല്‍ ഇതിന്റെ പിന്നിലെ ആസൂത്രണം ബോധ്യപ്പെടും.
 
ഓഗസ്റ്റ് 27ന് മുസഫര്‍ നഗറില്‍ നടന്ന കലാപത്തില്‍ 43ലധികം പേര്‍ കൊല്ലപ്പെട്ടതായും 43000ത്തിലധികം പേര്‍ ഭവനരഹിതരായെന്നുമാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അഭയാര്‍ത്ഥികളുടെ എണ്ണം ഇതിലും ഇരട്ടിയോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 
 
കലാപത്തെ അമര്‍ച്ച ചെയ്യുന്നതിലും അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നതിലും അഖിലേഷ് യാദവ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പരക്കെ പരാതിയുണ്ട്. എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ലാതെ മദ്രസകളിലാണ് അഭയം പ്രാപിച്ചത്. റസൂല്‍പൂര്‍, ജോല, ബുഡാന തുടങ്ങിയ ഇടങ്ങളില്‍ 30000ത്തിലധികം പേരാണ് അഭയാര്‍ത്ഥികളായെത്തിയത്. ഭരണകൂടത്തിന്റെ നിലപാട് മുസ്‌ലിം സമുദായത്തില്‍ വലിയ പ്രതിഷേധത്തിന് തന്നെ കാരണമായിട്ടുണ്ട്. കലാപത്തിന്റെ 14 ദിവസം മുമ്പ് തന്നെ വര്‍ഗീയ സംഘട്ടനങ്ങളുടെ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടും അത് തടയാന്‍ സര്‍ക്കാറിന് സാധിച്ചില്ല. കലാപത്തിന് തുടക്കം കുറിച്ച ദിവസം തന്നെ സംഭവം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത കാണിച്ചില്ല. കലാപത്തിന്റെ ഇരകള്‍ക്ക് അഭയാര്‍ത്ഥി കേമ്പുകള്‍ ഒരുക്കാനും ഭക്ഷണവും സൗകര്യങ്ങളും നല്‍കാനും സര്‍ക്കാര്‍ തയാറായില്ല.
 
ഗുജറാത്തില്‍ നടത്തിയ തരത്തില്‍ ഹീനമായ രീതിയിലുള്ള കൊലപാതകങ്ങളാണ് മുസഫര്‍ നഗറിലും നടന്നത്. 53 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ 40 പേരെയാണ് തിരിച്ചറിഞ്ഞത്. 13 എണ്ണം തിരിച്ചറിയാന്‍ പറ്റാത്ത വിധം വികൃതമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദാരുണമായ ഇത്രയും വലിയ വംശഹത്യ നടന്നിട്ടും ഇപ്പോഴും ഗൗരവത്തോടെ സംഭവത്തെ കാണാന്‍ യു.പി സര്‍ക്കാറിന് സാധിച്ചിട്ടില്ല. കലാപത്തില്‍ കൊല്ലപ്പെട്ടവരും അഭയാര്‍ത്ഥികളും പതിവുപോലെ മഹാഭൂരിപക്ഷവും ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരാണ്. എന്നാല്‍ ഇവരുടെ കൃത്യമായ കണക്ക് പോലും ശേഖരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും അനുവദിച്ചതാണ് എടുത്ത് പറയാവുന്ന ഏക ആശ്വാസം.
 
യു.പി.യില്‍ അഖിലേഷ് യാദവ് അധികാരമേറ്റ ഒന്നര വര്‍ഷത്തിനിടയില്‍ നൂറിലധികം വര്‍ഗീയ കലാപങ്ങളാണ് നടന്നത്. മധുര, ഫൈസാബാദ്, ബറേലി, മീററ്റ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ മാസം വലിയ തോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായി. ഇക്കഴിഞ്ഞ മാസം വര്‍ഗീയശക്തികള്‍ അയോധ്യയില്‍ നടത്താന്‍ ഉദ്ദേശിച്ച 'കോസിപരാക്രമയാത്ര' തടയാന്‍ അഖിലേഷ്‌യാദവിന് സാധിച്ചെങ്കിലും വര്‍ഗീയ കലാപങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. സുപ്രീംകോടതി മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതിനകം തന്നെ കാരണം കാണിക്കല്‍ നോട്ടീസയച്ചത് ശ്രദ്ധേയമാണ്.
 
മുസ്‌ലിം ന്യൂനപക്ഷ വോട്ടിന്റെ ബലത്തില്‍ കൂടി അധികാരത്തില്‍ വന്ന സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ഇത്രയും വലിയ തിരിച്ചടി നേരിട്ടതിന്റെ പ്രതിഷേധം മുസ്‌ലിം നേതാക്കള്‍ക്കുണ്ട്. പാര്‍ട്ടിക്കുള്ളിലെ മുസ്‌ലിം നേതാക്കളെ വരെ ഇത് മുറിവേല്‍പ്പിച്ചു. ആഗ്രയില്‍ കഴിഞ്ഞ ദിവസം മുലായംസിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാജ് വാദി പാര്‍ട്ടിയുടെ ദേശിയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടിയുടെ മുസ്‌ലിം മുഖവും മുതിര്‍ന്ന നേതാവുമായ അഅ്‌സംഖാന്‍ പങ്കെടുക്കാതിരുന്നത് മുസഫര്‍നഗര്‍ കലാപത്തില്‍ ഭരണകൂട നിലപാടിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ്. യോഗത്തില്‍ പങ്കെടുത്ത യു.പി മന്ത്രിസഭാ അംഗങ്ങളായ അഹമ്മദ് ഹുസൈനും കമാല്‍ അക്തറും സര്‍ക്കാര്‍ നിലപാടിനെതിരെ യോഗത്തില്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 
 
ന്യൂനപക്ഷ താല്‍പര്യങ്ങളുടെ സംരക്ഷണം സെക്യൂലര്‍ പാര്‍ട്ടികളിലൂടെ സാധ്യമാണെന്ന ഉത്തരേന്ത്യന്‍ മുസ്‌ലിം നേതൃത്വത്തിന്റെ നിലപാടിനുള്ള തിരിച്ചടികൂടിയാണ് സമാജ്‌വാദി പാര്‍ട്ടിക്കുള്ളിലെ മുസ്‌ലിം നേതാക്കളുടെ പ്രതികരണം നല്‍കുന്ന സന്ദേശം.
 
സംഭവത്തെകുറിച്ച് യു.പി ഗവര്‍ണര്‍ സി.എല്‍ ജോഷി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചയെകുറിച്ച് പരാമര്‍ശമുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ലാഭനഷ്ടങ്ങളെ മുന്നില്‍ വെച്ച് നിലപാട് സ്വീകരിക്കാനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കത്തിലൂടെ ന്യൂനപക്ഷങ്ങളുടെ നീതിയാണ് നിഷേധിക്കപ്പെടുന്നതെന്ന് ആരും ഓര്‍മ്മിക്കുന്നില്ല. യു.പിയിലെ സെക്യൂലര്‍ ഭരണകൂടത്തിന്റെ നിസ്സംഗതയെ ഇതിനോട് ചേര്‍ത്ത് വായിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ കാരണവുംഇതാണ്.
 
ഇനിയുള്ള നാളുകള്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഫാസിസ്റ്റ് ശക്തികളുടെ തീവ്രശ്രമങ്ങളുടെ കാലമാണെന്ന് ഏറ്റവും പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടും. ഇതില്‍ സെക്യുലര്‍ ശക്തികളും മതന്യൂനപക്ഷങ്ങളും ജാഗ്രത കൈവരിക്കേണ്ട സമയമാണിത്. 
 
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ ആര്‍.എസ്.എസ് നേരിട്ട് ഭരണകൂട നിര്‍മ്മിതിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് 2014 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഇതില്‍ അധികാരം ലഭിക്കാനുള്ള എളുപ്പ വഴികള്‍ അവര്‍ അന്വേഷിക്കും. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരമെന്നതാണ് സംഘ് പരിവാര്‍ ലക്ഷ്യം. ഇതുകൊണ്ടാണ് 80 സീറ്റുള്ള യു.പിയില്‍ പരമാവധി സീറ്റ് നേടാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ വലംകൈയായ അമിത് ഷായെ തന്നെ യു.പിയിലേക്ക് അയച്ചതിന്റെ മുഖ്യലക്ഷ്യവും ഇതുതന്നെയാണ്.
 
ഗുജറാത്ത് കലാപത്തിന്റെയും വ്യാജ ഏറ്റുമുട്ടലിന്റെയും മുഖ്യആസൂത്രകനെന്ന് പരക്കെ പരാതിയുള്ള അമിത് ഷാ ന്യൂനപക്ഷ വംശഹത്യയുടെ രീതി ശാസ്ത്രം പ്രയോഗവല്‍ക്കരിക്കാന്‍ പ്രാപ്തനാണ്. യു.പിയില്‍ പ്രവേശിച്ചതോടെ അദ്ദേഹം പണികളാരംഭിച്ചതിന്റെ മുഴക്കങ്ങളാണ് ഉത്തര്‍പ്രദേശിന്റെ പലഭാഗത്തും നാം കേട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍. തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതുതന്നെ അയോധ്യയില്‍ ബാബ്‌രി മസ്ജിദിന്റെ പരിസരത്ത് വെച്ചാണ്. 
 
ഇന്ത്യയിലെ മതേതര ശക്തികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ദിശാബോധം നല്‍കേണ്ട സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് രൂപപ്പെട്ട് വരുന്നത്. ഇതിന്റെ സൂചനയാണ് മുസഫര്‍നഗര്‍ സംഭവം നല്‍കുന്നത്. മതേതര കക്ഷികളും മത ന്യൂനപക്ഷങ്ങളും രാജ്യ താല്‍പര്യത്തിനും നിര്‍ഭയമായ ഒരു ജീവിത സാഹചര്യത്തിനും വേണ്ടി ജനാധിപത്യ പോരാട്ട പാതയില്‍ കൈകോര്‍ക്കണമെന്ന് പുതിയ ദേശീയ സാഹചര്യം നമ്മോട് ആവശ്യപ്പെടുകയാണ്. ഇതിനുള്ള ഉത്തരമായിരിക്കണം വരാന്‍പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിന് ലഭിക്കുന്ന ഫലം.

Search site