മുഷറഫിന് രാജ്യം വിടാനാവില്ല

പാകിസ്താന്റെ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് രാജ്യം വിടാനാവില്ലെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ചൗദ്‌രി നിസാര്‍ അലിഖാന്‍. രാജ്യം വിടുന്നതിന് വിലക്കുള്ളവരുടെ പട്ടികയില്‍ മുഷറഫ് ഉള്‍പ്പെടുന്നതിനാലാണിത്. 
 
സര്‍ക്കാരുമായി പ്രത്യേക ധാരണയുണ്ടാക്കുന്നതിലൂടെ മുഷറഫിന് പാകിസ്താന്‍ വിടാന്‍ സാധിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ചൗദ്‌രി നിസാര്‍ അലിഖാന്റെ പ്രതികരണം.
 
മുഷറഫ് ലാല്‍ മസ്ജിദ് കൂട്ടക്കൊലക്കേസില്‍ കഴിഞ്ഞ ദിവസം പാകിസ്താനില്‍ അറസ്റ്റിലായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ മുഷറഫിനെ കോടതി പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.ഇസ്ലാമാബാദിലെ മജീസ്‌ട്രേറ്റ് കോടതിയാണ് മുഷറഫിനെ റിമാന്‍ഡ് ചെയ്തത്. അദ്ദേഹത്തെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. 
 
ലാല്‍ മസ്ജിദ് കേസ് രണ്ടാഴ്ച്ച മുമ്പാണ് രജിസ്റ്റര്‍ ചെയ്തത്. 2007ല്‍ ലാല്‍ മസ്ജിദില്‍ നടന്ന കൂട്ടക്കൊലയില്‍ 58 പേര്‍ മരിച്ചിരുന്നു. തീവ്രവാദികല്‍ ഒളിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് മസ്ജിദില്‍ സൈനിക നടപടിക്ക് മുഷറഫ് ഉത്തരവിട്ടിരുന്നത്. ഓപ്പറേഷനില്‍ മുസ്ലിം പുരോഹിതന്‍ അബ്ദുള്‍ റഷീദും കൊല്ലപ്പെട്ടിരുന്നു. മറ്റൊരു കൊലക്കേസില്‍ ഒക്ടോബര്‍ പത്തിന് ജാമ്യം ലഭിച്ച മുഷറഫ് രാജ്യം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2007ല്‍ മുന്‍പ്രസിഡന്റ് ബാനസീര്‍ ബൂട്ടോ കൊല്ലപ്പെട്ട കേസിലും പ്രതിയാണ് മുഷറഫ്.

Search site