മുന്നണിയെ കാത്തു നില്‍ക്കാതെ മുസ്ലിംലീഗ്‌ കണ്‍വെന്‍ഷനുകള്‍ക്കു തുടക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചരണ പ്രവര്‍ത്തനത്തിനു യു.ഡി.എഫ്‌ സംവിധാനത്തിനു കാത്തു നില്‍ക്കാതെ ഇന്നു മുതല്‍ മുസ്ലിംലീഗ്‌ പാര്‍ലിമെന്റ്‌ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്കു തുടക്കം കുറിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ യു.ഡി.എഫിലെ അസ്വാരസ്യങ്ങളും കോണ്‍ഗ്രസിലെ വിവാദങ്ങളും മുന്‍കൂട്ടികണ്ടാണു തങ്ങളുടെ സീറ്റുകള്‍ ഭദ്രമാക്കാനും മുസ്ലിംലീഗിന്റെ കെട്ടുടപ്പ്‌ ഭദ്രമാക്കി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുമുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായാണു നേരത്തെ തന്നെ മുസ്ലിംലീഗ്‌ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങാന്‍ കാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ രണ്ടുസീറ്റുകള്‍ കൂടി ആവശ്യപ്പെടാനും ലീഗ്‌ അണിയറയില്‍ നീക്കമുണ്ട്‌. ഇതിനു കരുത്തുപകരാന്‍ മലബാര്‍ കേന്ദ്രീകരിച്ച്‌ പ്രചരണം കൂടുതല്‍ കാര്യക്ഷമമാക്കാനാണു നീക്കം. സ്വന്തംനിലക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ മുസ്ലിംലീഗില്‍ ചെരിയ രീതിയില്‍ തുടങ്ങിയിരുന്നെങ്കിലും ആദ്യമായി ഇന്നാണു ലോക്‌സഭാ മണ്ഡലം തലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ ചേരുന്നത്‌. ഇതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനമാണു പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ നടക്കുന്നത്‌. ഇന്നു ഉച്ചയ്‌ക്കു 2.30 നു കോട്ടയ്‌ക്കല്‍ ചെങ്കുവെട്ടിയില്‍ നടക്കുന്ന ആദ്യകണ്‍വെന്‍ഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി മണ്ഡലം തലങ്ങളില്‍ ഇലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചും വോട്ടര്‍മാരെ ചേര്‍ക്കാന്‍ പ്രത്യേക കമ്മിറ്റിയും രൂപീകരിക്കും. ഡിസംബര്‍, ജനുവരി മാസങ്ങളിലായി വാര്‍ഡ്‌, പഞ്ചായത്ത്‌ തലങ്ങളില്‍ കുടുംബ സംഗമങ്ങളും രാഷ്‌ട്രീയ പ്രചരണ ജാഥകളും നടത്തും. 21 നു മലപ്പുറം മണ്ഡലം കണ്‍വെന്‍ഷന്‍, 22 ന്‌ വയനാട്‌, കോഴിക്കോട്‌, 23 ന്‌ പാലക്കാട്‌, ആലത്തൂര്‍, 24 നു മാവേലിക്കര, ആറ്റിങ്ങല്‍, 25 നു ആലപ്പുഴ, കോട്ടയം, 27 നു ചാലക്കുടി, വടകര, 30 നു കൊല്ലം, തിരുവനന്തപുരം, ഒക്‌ടോബര്‍ ഒന്നിനു പത്തനംതിട്ട, ഇടുക്കി, ആറിനു കണ്ണൂര്‍, കാസര്‍കോട്‌ പാര്‍ലിമെന്റു മണ്ഡലങ്ങളിലും കണ്‍വെഷനുകള്‍ നടത്താനാണു പദ്ധതി. മുസ്ലിംലീഗ്‌ അഖിലേന്ത്യാപ്രസിഡന്റടക്കം മുസ്ലിംലീഗിലെ മുഴുവന്‍മന്ത്രിമാരും, എം.എല്‍.എമാരും മണ്ഡലം തല കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുമെന്നും മുസ്ലിംലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌ മംഗളത്തോടു പറഞ്ഞു. 

Search site