മുംബൈയ്ക്ക് ജയം

ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് എ ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഹൈഫെല്‍ഡ് ലയണ്‍സിനെതിരെ ജയത്തോടെ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടത് 141 റണ്‍സ്. ആദ്യം ബാറ്റു ചെയ്ത ലയണ്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണെടുത്തത്. വലിയൊരു ഇന്നിങ്‌സിനോ ആക്രമണാത്മക ബാറ്റിങ്ങിനോ ലയണ്‍സ് താരങ്ങള്‍ മെനക്കെടാതിരുന്നതോടെ അവരുടെ സ്‌കോര്‍ 140ല്‍ ഒതുങ്ങുകയായിരുന്നു. പിരിയാത്ത ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ആല്‍വിരോ പീറ്റേഴ്‌സണും(27 പ ന്തില്‍ പുറത്താവാതെ 35) പ്രിട്ടോറിയസും (21 പന്തില്‍ പുറത്താവാതെ 31) നേടിയ 59 റണ്‍സാണ് ലയണ്‍സ് ഇന്നിങ്‌സിന് കുറച്ചെങ്കിലും മാന്യത നല്കിയത്. പീറ്റേഴ്‌സണാണ് ടോപ്‌സ്‌കോറര്‍.
 
 സെമിഫൈനല്‍ പ്രതീക്ഷ കെടാതെ നിര്‍ത്താന്‍ വിജയം അനിവാര്യമായതിനാല്‍, ടോസ് ജയിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പേസ് ബൗളിങ്ങിന് തുടക്കത്തില്‍ നല്ല പിന്തുണ പിച്ചില്‍ നിന്നും കിട്ടി. തുടക്കത്തില്‍ ഒരു വിധം പിടിച്ചുനിന്ന ഓപ്പണര്‍മാരായ വാന്‍ ഡെര്‍ ഡുസ്സനും ഡി കോക്കും ചേര്‍ന്ന് 4.1 ഓവറില്‍ 29 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടക്കം കിട്ടിയശേഷം വിക്കറ്റു കളഞ്ഞുകുളിക്കുകയെന്ന രീതി മുന്‍നിര ബാറ്റ്മാന്മാര്‍ തുടര്‍ന്നതോടെ ഇടയ്ക്കിടെ വിക്കറ്റു വീണു. വലിയൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. ഡുസ്സന്‍(13), ഡികോക്ക്(19), നീല്‍ മെക്കന്‍സി(16), സൈംസ്(14) എന്നിവരെല്ലാം തുടക്കം കിട്ടിയശേഷം വലിയൊരു ഇന്നിങ്‌സിനു പറ്റാതെ വിക്കറ്റു നഷ്ടപ്പെടുത്തിയവരാണ്. അഞ്ചാമനായിറങ്ങിയ ക്യാപ്റ്റന്‍ ആല്‍വിരോ പീറ്റേഴ്‌സണും ഡ്വയിന്‍ പ്രിട്ടോറിയും മാത്രമാണ് ചെറുത്തുനിന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചത്. പിരിയാത്ത ആറാം വിക്കറ്റില്‍ 6.4 ഓവറില്‍ 59 റണ്‍സ് ചേര്‍ത്ത് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് ഇവര്‍ എത്തിച്ചു. പീറ്റേഴ്‌സണ്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചപ്പോള്‍ പ്രിട്ടോറിയസ് ഒരു സിക്‌സറും രണ്ടു ബൗണ്ടറിയുടമടിച്ചു.
 
 എ ഗ്രൂപ്പില്‍ രണ്ടു പോയന്റു വീതമുള്ള മുംബൈയും ലയണ്‍സും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. രാജസ്ഥാന്‍ റോയല്‍സും(8) ഒട്ടാഗോ വോള്‍ട്‌സു(6)മാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Search site