മാസം തികയാതെയുള്ള പ്രസവം കൂടുന്നു; ശിശുമരണ നിരക്കില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് തിരിച്ചടി

ശിശുമരണ നിരക്ക് കുറക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് തിരിച്ചടിയായി മാസം തികയാതെയുള്ള പ്രസവങ്ങള്‍ കൂടുന്നു. ദേശീയ ഗ്രാമീണാരോഗ്യമിഷനും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സും (ഐ.എ.പി) സംയുക്തമായി നാല് ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടത്തെല്‍.
 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. നായര്‍ നേതൃത്വം നല്‍കിയ പഠനം കണ്ണൂര്‍, വയനാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ് നടന്നത്. മരിച്ച കുഞ്ഞുങ്ങളില്‍ 90 ശതമാനത്തിലേറെയും മാസം തികയാതെ പിറന്നവരായിരുന്നു. കൊല്ലത്തായിരുന്നു കൂടുതല്‍ ശിശുമരണങ്ങള്‍. സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തിന്‍െറ (എസ്.ആര്‍.എസ്) ബുള്ളറ്റിന്‍ പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് 1000ത്തിന് 12 ആണ്. ഇത് 1000ത്തിന് 10 ആയി കുറക്കുന്നതിനുള്ള ശ്രമകരമായ പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. അതിന് തിരിച്ചടിയായാണ് മാസം തികയാതെയുള്ള പ്രസവനിരക്ക് വര്‍ധിക്കുന്നത്.
 മാറുന്ന ജീവിതശൈലിയും ഗര്‍ഭകാലത്തെ ശ്രദ്ധക്കുറവുമാണ് പ്രധാനകാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. 37 ആഴ്ചയാണ് ഗര്‍ഭകാലമായി കണക്കാക്കുന്നത്. ഇത് പൂര്‍ത്തിയാക്കാതെ നടക്കുന്ന പ്രസവങ്ങളെ പ്രീമെച്വര്‍ ബര്‍ത്ത് അഥവാ പ്രീടേം ബര്‍ത്ത് എന്നാണ് പറയുന്നത്. ഇതില്‍ 36ാം ആഴ്ചയില്‍ നടക്കുന്ന പ്രസവങ്ങളെ സ്വാഭാവിക പ്രസവം ആയാണ് പരിഗണിക്കുക. 34,35 ആഴ്ചകളിലാണ് പ്രസവമെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ അമ്മയും കുഞ്ഞും നേരിടേണ്ടിവരും. അപൂര്‍വമായി 26-28 ആഴ്ചകളിലും പ്രസവം നടക്കാറുണ്ട്.ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കുക ശ്രമകരമാണ്. ഇന്‍ക്യുബേറ്ററിന്‍െറ സഹായം ഇവര്‍ക്ക് നിര്‍ബന്ധമായും വേണ്ടിവരും. ഗര്‍ഭകാലത്തിന്‍െറ ആദ്യആഴ്ചകളില്‍ പരിശോധനക്കത്തെുന്ന സ്ത്രീകളെ ഹൈ-റിസ്ക് പ്രെഗ്നന്‍സി, ലോ-റിസ്ക് പ്രെഗ്നന്‍സി എന്ന് തരംതിരിക്കാറുണ്ട്. രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം മരുന്നുകളും ഭക്ഷണക്രമവുമാണുള്ളത്. പ്രമേഹം, രക്തസമ്മര്‍ദം, അപസ്മാരം, പ്രായക്കൂടുതല്‍, കുടുംബപരമായി പ്രസവത്തില്‍ സങ്കീര്‍ണതകളുള്ളവര്‍ എന്നിവരെ ഹൈ-റിസ്ക് വിഭാഗത്തിലാണ് പെടുത്തുക.
 ശിശുമരണനിരക്കില്‍ എസ്.ആര്‍.എസിന്‍െറ ബുള്ളറ്റിന്‍ പ്രകാരം ഇന്ത്യ 4.5 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. 2012ലെ കണക്കുകള്‍ അനുസരിച്ചാണ് കേരളം 1000ത്തിന് 12 എന്ന നിരക്കില്‍ തുടരുന്നത്. മധ്യപ്രദേശ് 2011ല്‍ 59 ആയിരുന്നത് 2012ല്‍ 56 ആയി കുറച്ചു. ഒഡിഷ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 57 ആയിരുന്നത് 53 ആക്കിയും അസം 55 എന്നത് നിലനിര്‍ത്തുകയും ചെയ്തു. തമിഴ്നാട് 22 ആയിരുന്നത് 21 ആയി കുറക്കുകയും മഹാരാഷ്ട്ര 25 എന്നത് നിലനിര്‍ത്തുകയുമാണ് ചെയ്തത്.
 ഒക്ടോബറില്‍ പുറത്തിറങ്ങുന്ന എസ്.ആര്‍.എസിന്‍െറ പുതിയ ബുള്ളറ്റിന്‍ പ്രകാരം ശിശുമരണനിരക്കില്‍ കേരളം 10 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല പറഞ്ഞു.

Search site