മാടായിപ്പാറ വിസ്മയമാവുന്നു; വിരുന്നെത്തിയത് അത്യപൂര്‍വ്വ സൈബീരിയന്‍ നീര്‍കാട

ഇന്ത്യയില്‍ അത്യപൂര്‍വ്വമായി മാത്രം കണ്ടിട്ടുള്ള സൈബീരിയന്‍ നീര്‍ക്കാട മാടായിപ്പാറയിലെത്തി. സൈബീരിയയിലും അലാസ്‌കയിലും കാനഡയിലും പ്രജനനം നിര്‍വഹിക്കുകയും തെക്കന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ദേശാടനം നടത്തുകയും ചെയ്യാറുള്ള ഈ പക്ഷിയെ പക്ഷി നിരീക്ഷകനായ പി.സി. രാജീവനാണ് ആദ്യമായി മാടായിപ്പാറയില്‍ കണ്ടത്. തുടര്‍ന്ന് ഡോ. ഖലീല്‍ ചൊവ്വ, ഡോ. ജയന്‍ തോമസ് എന്നിവര്‍ പക്ഷിയുടെ ഫോട്ടോയെടുക്കുകയും തിരിച്ചറിയുകയും ചെയ്തു.
 
ഇന്ത്യയില്‍ 2002ല്‍ പഞ്ചാബില്‍ കണ്ടതായി ഒരു റിപ്പോര്‍ട്ട് മാത്രമാണുള്ളതെന്നും തെക്കെ ഇന്ത്യയില്‍ ഇതിനെ ആദ്യമായിട്ടാണ് കണ്ടെത്തുന്നതെന്നും ഈ കണ്ടെത്തല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പക്ഷി നിരീക്ഷകരായ സി. ശശികുമാര്‍, ജെ. പ്രവീണ്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
21. സെ.മീ നീളമുള്ള ഈ പക്ഷിയുടെ വിടര്‍ന്ന ചിറകിനു 46 സെ.മീ അകലമുണ്ട്. 
 
പുറംഭാഗത്തെ തവിട്ട് നിറവും മാറിടത്തിലെ തെളിഞ്ഞു കാണുന്ന ചാരനിറത്തിലുള്ള വരയന്‍ പുള്ളികളും അറ്റം കറുത്ത ഒലീവ് നിറത്തിലുള്ള കൊക്കും മഞ്ഞക്കാലുകളും ഈ പക്ഷിയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ശിശിര കാലത്ത് വളരെ ആകര്‍ഷകമായ നിറങ്ങളാണ് പക്ഷിക്കുണ്ടാവുക. തണ്ണീര്‍ത്തടങ്ങളിലും പുല്‍മേടുകളിലും ഇര തേടാറുള്ള സൈബീരിയന്‍ നീര്‍ക്കാടയുടെ ഇഷ്ടഭോജനം ചെറു പ്രാണികളാണ്. 
 
കടലിലൂടെയുള്ള ദേശാടനത്തിനിടയില്‍ കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ ഉയര്‍ന്ന ചെങ്കല്‍ക്കൂന്നായ മാടായിപ്പാറ പക്ഷികള്‍ക്ക് എളുപ്പത്തില്‍ ദൃഷ്ടി ഗോചരമാകുന്നതു കൊണ്ടാവാം ഇത്തരം ഒറ്റപ്പെട്ട അപൂര്‍വ്വം പക്ഷികള്‍ ഏതാനും ദിവസത്തേക്ക് ഇടത്താവളമായി മാടായിപ്പാറ ഉപയോഗപ്പെടുത്തുന്നത്.
 
കഴിഞ്ഞവര്‍ഷങ്ങളില്‍ പി.സി. രാജീവനും കൂട്ടുകാരും മാടായിപ്പാറയില്‍ അത്യപൂര്‍വ്വ പക്ഷികളായ അലാസ്‌കന്‍ മഞ്ഞക്കാലി, വെള്ളരയന്‍, യൂറോപ്യന്‍ പനങ്കാക്ക, ചാരക്കഴുത്തന്‍ എന്നിവക്ക് ശേഷം കഴിഞ്ഞദിവസം കാസ്പിയന്‍ മണല്‍ക്കോഴിയെയും കണ്ടെത്തിയിരുന്നു.
ഇതോടെ പക്ഷി ദേശാടന ഭൂപടത്തില്‍ മാടായിപ്പാറ ആഗോള ശ്രദ്ധ പിടിച്ചുപറ്റി. അതുകൊണ്ടു തന്നെ ജൈവവൈവിദ്ധ്യത്താല്‍ വിസ്മയം തീര്‍ക്കുന്ന ഈ ചെറു ചെങ്കല്‍പ്പാറ ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

Search site