മസില്‍ പിടിച്ച് ജീവിക്കാനറിയില

മനസ് ജയിച്ചതു കൊണ്ടാണ് ഞാന്‍ ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടത്. ഗെയിം ജയിക്കാനുള്ള ബുദ്ധി എനിക്കില്ല. കാരണം വീട്ടിനകത്ത് ഗെയിം കളിക്കാനറിയില്ല. -'മലയാളി ഹൗസി'ലെ മികച്ച ഐക്കണായി തെരഞ്ഞെടുക്കപ്പെട്ട ജി.എസ്.പ്രദീപ് സംസാരിക്കുന്നു.

ജി.എസ്. പ്രദീപിന് മലയാളി മനസില്‍ എന്നും ഒരു സ്ഥാനമുണ്ടായിരുന്നു. മലയാളിഹൗസിലേക്കു പോയപ്പോള്‍ അത് തകര്‍ന്നില്ലേ?

സാമ്പത്തികമായി തകര്‍ന്ന സമയത്താണ് 'മലയാളിഹൗസി'ലേക്ക് ഓഫര്‍ വന്നത്. ഒരാഴ്ച ഒരുലക്ഷം രൂപയെന്ന മോഹിപ്പിക്കുന്ന പേയ്‌മെന്റുള്ളതുകൊണ്ടാണ് സ്വീകരിച്ചത്. ഐ.എം.വിജയന്‍, സിസ്റ്റര്‍ ജെസ്മി, കല്‍പ്പനച്ചേച്ചി, പ്രഫ.ടി.ജെ.ജോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രാഹുല്‍ ഈശ്വര്‍ എന്നിവരടങ്ങിയ ഗ്രൂപ്പാണ് മലയാളിഹൗസിലുണ്ടാവുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ബൗദ്ധികവും അഭിപ്രായവ്യത്യാസമുണ്ടാവുകയും ചെയ്യുന്ന, ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പാണത്. അവിടെച്ചെന്നപ്പോള്‍ നേരത്തെ പറഞ്ഞ ഗ്രൂപ്പില്‍പെട്ട ഒരേയൊരാള്‍ മാത്രം. രാഹുല്‍ ഈശ്വര്‍. മറ്റ് പലരും സമയമായപ്പോള്‍ പിന്മാറി. എഗ്രിമെന്റ് ഒപ്പിട്ട സ്ഥിതിക്ക് അനുസരിച്ചല്ലേ പറ്റൂ. യഥാര്‍ഥത്തില്‍ വീടുപോലെ തോന്നിക്കുന്ന ജയിലായിരുന്നു ഹൈദരാബാദിലെ മലയാളിഹൗസ്. വലിയ ഫ്‌ളോറിനകത്തെ സെറ്റാണത്. വീടിനു ചുറ്റും കാമറകള്‍. ഓരോ കണ്ണാടിയുടെ പിറകിലും കാമറാമാന്‍മാരുണ്ട്. വാഷ്‌റൂമില്‍ വരെ കാമറ പിന്തുടരുന്നു. ടോയ്‌ലറ്റിലില്ല. ആദ്യ ദിവസങ്ങളില്‍ ഒറ്റപ്പെടലുണ്ടായിരുന്നു. പതിനാറു പേരില്‍ ഒന്നോ രണ്ടോ പേര്‍ ഒഴിച്ച് ബാക്കിയുള്ളവരുമായി കൂട്ടുകൂടാന്‍ പ്രയാസമായിരുന്നു. ആ ഒഴുക്കില്‍പെട്ട് എനിക്കും നീന്തേണ്ടിവന്നിട്ടുണ്ട്. എങ്കിലും 24 മണിക്കൂറുള്ള ജീവിതത്തിലെ 45 മിനുട്ട് മാത്രമേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. ബാക്കി ഇരുപത്തിമൂന്നേകാല്‍ മണിക്കൂറില്‍ ഒരുപാടു മനോഹരമായ കാര്യങ്ങളുണ്ടായിരുന്നു. ക്രിയാത്മകചര്‍ച്ചകള്‍. പാതിരാത്രിയിലും വെളുപ്പിനുമുള്ള സംവാദങ്ങള്‍, കവിതകള്‍...ഒന്നും സംപ്രേഷണം ചെയ്തില്ല. ചക്കളത്തിപ്പോരാട്ടങ്ങള്‍ മാത്രമാണ് കാണിച്ചത്. ഷോയുടെ രീതി അതായിരിക്കാം. ഇതറിയില്ലായിരുന്നു. കാണിച്ചതിലല്ല പരാതി, കാണിക്കാമായിരുന്ന പലതും മറച്ചുവച്ചതിലാണ്. അസ്വസ്ഥത കൂടിയപ്പോള്‍ ചിലരൊക്കെ അവിടെനിന്ന് പുറത്തുപോകാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടതിനാല്‍ വേണ്ടെന്നുവച്ചു.

മലയാളിഹൗസില്‍ നിന്നിറങ്ങിയപ്പോള്‍ ജനങ്ങളുടെ അഭിപ്രായം?

രണ്ടുതരത്തിലായിരുന്നു അഭിപ്രായം. അശ്വമേധം ഷോ നടക്കുമ്പോള്‍ ജനബാഹുല്യം കാരണം ലാത്തിച്ചാര്‍ജ് വരെ ഉണ്ടായ സ്ഥലമാണ് മലബാര്‍ പ്രദേശങ്ങള്‍. അവിടെയുള്ളവര്‍ പറഞ്ഞത്, ഞങ്ങളുടെ മനസിലുള്ള ബൗദ്ധികവിഗ്രഹം ഉടഞ്ഞുപോയി എന്നാണ്. എന്നാല്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലുള്ളവര്‍ പറഞ്ഞത് ഞാനെന്ന പച്ചമനുഷ്യനെക്കണ്ടത് മലയാളിഹൗസിലാണെന്നാണ്. പരസ്യമായി പുകവലിക്കുന്നു എന്ന ആരോപണമാണ് ചിലര്‍ പറഞ്ഞത്. അതൊക്കെ സ്വകാര്യമായ കാര്യമല്ലേ? മലയാളിഹൗസിന്റെ ഊഞ്ഞാല്‍ പരിസരം സ്‌മോക്കേഴ്‌സ് സോണ്‍ ആയിരുന്നു. അവിടെ പുകവലിച്ചാല്‍ ഷൂട്ട് ചെയ്യില്ലെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഷൂട്ട്്‌ചെയ്തു. ഒറ്റയ്ക്ക് പോയി പുകവലിച്ചാല്‍ ഷൂട്ട്‌ചെയ്യില്ലെന്നും ഒന്നിലധികം പേര്‍ പോയി പുകവലിച്ചതുകൊണ്ടാണ് കാണിച്ചതെന്നുമായിരുന്നു അവരുടെ ന്യായീകരണം. അത് ശരിയാണ്. ലൈറ്റായിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ആ സമയത്താണ്. അതാണ് അവര്‍ക്ക് വേണ്ടതും. ഒരു ദിവസം ഒരു പായ്ക്കറ്റ് സിഗരറ്റാണ് കിട്ടുക. ഞാനും സോജനും രാഹുലും സാഷയും തിങ്കളുമാണ് അതുപയോഗിച്ചത്. ഏറ്റവുമധികം പുകവലിക്കുന്നത് ഞാനാണ്. മറിച്ചുചൊല്ലിയ ചില തമാശകള്‍ ചിലരെ വിഷമിപ്പിച്ചിട്ടുണ്ട്. സ്വകാര്യനിമിഷങ്ങളില്‍ പറഞ്ഞുപോയതാണത്. എനിക്ക് മസില്‍ പിടിച്ച് ജീവിക്കാനറിയില്ല.

ഒരു ദിവസം പത്തു പുസ്തകം വായിക്കുന്നയാളാണ് ജി.എസ്.എന്നു കേട്ടിട്ടുണ്ട്. അതിനുപുറമെ പത്രങ്ങള്‍, വാരികകള്‍.... ഇതൊന്നുമില്ലാത്ത നൂറു ദിവസങ്ങള്‍?

സത്യം പറഞ്ഞാല്‍ അറിവിനെ ഇഷ്ടപ്പെടുന്നയാള്‍ക്ക് ഒരു ശിക്ഷ തന്നെയായിരുന്നു. ആ നൂറു ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ആകെ അറിഞ്ഞ വാര്‍ത്ത ഉത്തരാഖണ്ഡിലെ പ്രളയമായിരുന്നു. ശ്രീകണ്ഠന്‍നായര്‍ ഒരു ദിവസം വന്നപ്പോള്‍ പറഞ്ഞു, കേരളത്തില്‍ ഭരണം മാറി, ശ്രീശാന്ത് അന്തര്‍ദേശീയ ടീമില്‍ ഇടംനേടി എന്നൊക്കെ. ഞാനും രാഹുലും അന്നു രാത്രി മുഴുവന്‍ ചര്‍ച്ച ചെയ്തു. എന്തുകൊണ്ടാണ് കേരളഭരണം മാറിയത്? ആരായിരിക്കും മുഖ്യമന്ത്രി? ശ്രീശാന്തിന് എങ്ങനെ അന്തര്‍ദേശീയ ടീമില്‍ ഇടംകിട്ടി? അതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തമാശ തോന്നുന്നു. ഞങ്ങള്‍ അവിടെ അശ്വമേധം കളിച്ചു. നൂറു ദിവസത്തിനുള്ളില്‍ പതിനാറ് പാട്ടുകളെഴുതി. അത് ചിത്രാഅയ്യരെക്കൊണ്ട് പാടിപ്പിച്ചു. ഒരു സ്‌ക്രിപ്‌റ്റെഴുതി. പേനയും പേപ്പറുമൊന്നും അവിടെ അനുവദനീയമല്ല. പെണ്‍കുട്ടികളുടെ ലിപ്‌സ്റ്റിക്കും ടിഷ്യൂപേപ്പറും ഉപയോഗിച്ചായിരുന്നു എഴുത്ത്.

എങ്ങനെ തിരിച്ചുപിടിച്ചു, നൂറു ദിവസത്തെ അറിവുകള്‍, അനുഭവങ്ങള്‍?

മംഗളം വാരികയും കലാകൗമുദിയും ഉള്‍പ്പെടെ സ്ഥിരം വായിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും ഒരു ദിവസം കൊണ്ട് പതിനഞ്ച് ലക്കങ്ങള്‍ വായിച്ചു തീര്‍ത്തു. ഇവിടെ നിന്നു പോയതു മുതലുള്ള പത്രങ്ങള്‍ തീയതിക്കനുസരിച്ച് വായിച്ചു.

മലയാളിഹൗസിലേക്ക് പോയതില്‍ സംതൃപ്തി തോന്നുന്നുണ്ടോ?

'ബിഗ്‌ബോസ്' എന്ന ബോളിവുഡ്‌ഷോയുടെ മലയാളം വേര്‍ഷനാണിത്. പങ്കെടുക്കാന്‍ വന്ന പലരും അതു കണ്ടിട്ടാണ് വന്നത്. ഞാനത് കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ മുന്‍കരുതലൊന്നുമുണ്ടായില്ല. അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. 

മലയാളിഹൗസിലെത്തിയപ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ക്ക് വികാരം കൊള്ളുന്ന, പൊട്ടിക്കരയുന്ന ജി.എസിനെയാണ് കണ്ടത്?

വളരെ പെട്ടെന്ന് പൊട്ടിക്കരയുന്നയാളാണ് ഞാന്‍. സ്‌നേഹം വരുമ്പോഴും ദേഷ്യം വരുമ്പോഴും അതിന്റെ ഉയരത്തിലെത്തും. ഒതുക്കിനിര്‍ത്താന്‍ രഹസ്യഅറകള്‍ കുറവാണ്.വളര്‍ന്ന രീതിയുടെ പ്രശ്‌നമാണത്. യാന്ത്രികമായ ബന്ധം ഞങ്ങളുടെ കുടുംബത്തിലില്ല.

ആദ്യഘട്ടത്തില്‍ സന്തോഷ് പണ്ഡിറ്റിനെ എതിര്‍ത്ത ജി.എസ്, പിന്നീട് നിലപാടില്‍ മാറ്റം വരുത്താന്‍ കാരണം?

സന്തോഷ് പണ്ഡിറ്റിനെ രണ്ടായിക്കാണണം. സന്തോഷ് എന്ന വ്യക്തിയും സന്തോഷ് പണ്ഡിറ്റ് എന്ന പ്രതിഭാസവും. സന്തോഷ് എന്ന വ്യക്തിയെ എനിക്കിഷ്ടമാണ്. ആത്മവിശ്വാസമുള്ള മനുഷ്യനാണയാള്‍. പക്ഷേ പണ്ഡിറ്റ് എന്ന പ്രതിഭാസത്തോട് യോജിക്കാന്‍ കഴിയില്ല. പണ്ഡിറ്റിനെ അഞ്ചുമിനുട്ടുപോലും സഹിക്കാനാവില്ല. വ്യക്തിപരമായി ഒരുപാടു ഗുണങ്ങളുള്ള മനുഷ്യന്‍ പ്രതിഭാസത്തിലേക്ക് വഴുതിവീഴുമ്പോഴാണ് പ്രശ്‌നം. ഷോയുടെ ആദ്യഘട്ടത്തില്‍ പണ്ഡിറ്റ് എന്ന പ്രതിഭാസമായിരുന്നു. പിന്നീട് പുറത്തായി വീണ്ടും തിരിച്ചുവന്നപ്പോള്‍ യഥാര്‍ഥ മനുഷ്യനായാണ് വന്നത്.

അന്തിമവിജയം രാഹുലിനാണ്. ഐക്കണായി പ്രദീപും. ഗെയിം ജയിക്കാത്തതില്‍ സങ്കടമുണ്ടോ?

മലയാളിഹൗസിന് രണ്ടു വിജയികളാണ്. മനസിനെ ജയിച്ചയാളും ഗെയിം ജയിച്ചയാളും. ഇതു പറഞ്ഞത് ഞാനല്ല, രേവതിയാണ്. മനസ് ജയിച്ചതുകൊണ്ടാണ് ഞാന്‍ ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടത്. ഗെയിം ജയിക്കാനുള്ള ബുദ്ധി എനിക്കില്ല. കാരണം വീട്ടിനകത്ത് ഗെയിം കളിക്കാനറിയില്ല. അച്ഛനായാലും ഭാര്യയായാലും മക്കളായാലും ഫോര്‍മലായ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. മകന്‍ സൂര്യനാരായണനെ സ്‌നേഹം കൂടുമ്പോള്‍ കവിളില്‍ കടിക്കുകയും ദേഷ്യംവരുമ്പോള്‍ ചന്തിക്കടിക്കുകയും ചെയ്യുന്നതാണ് എന്റെ രീതി. എന്റച്ഛനും ഞാനും തമ്മിലുള്ള ബന്ധവും അങ്ങനെയായിരുന്നു. അച്ഛന്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്താണ് അന്നും ഇന്നും. അത്തരമൊരാള്‍ക്ക് ഗെയിം ജയിക്കാന്‍ കഴിയില്ല.

രാഹുല്‍ വിജയി ആയതുകൊണ്ടാണോ അവസാനനിമിഷം കെട്ടിപ്പിടിക്കാന്‍ വിസമ്മതിച്ചത്?

ഒരിക്കലുമല്ല. അതൊരു തെറ്റിദ്ധാരണയാണ്. ആ സമയത്ത് വിജയി ആരാണെന്ന് എനിക്കറിയില്ലായിരുന്നു. രാഹുലിനെ എനിക്കിഷ്ടമായിരുന്നു. വിവരമുള്ള വ്യക്തിയാണയാള്‍. പലതരം സംവാദങ്ങളില്‍ സജീവമായി ഇടപെടാന്‍ രാഹുലിന് കഴിയും. പക്ഷേ തുടക്കം മുതല്‍ രാഹുലെന്നെ നിരാശപ്പെടുത്തി. പ്രതീക്ഷിച്ച ബൗദ്ധികതയിലേക്ക് ഉയരാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ഷോയിലെത്തിയപ്പോള്‍ വേറൊരാളായി മാറുകയായിരുന്നു. മലയാളിഹൗസിലെത്തുന്നതിനു മുമ്പുതന്നെ രാഹുലിനെ പരിചയമുണ്ട്. കേരളത്തിന്റെ സാമൂഹ്യപ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെട്ടിരുന്ന ആളായിരുന്നു രാഹുല്‍. പക്ഷേ ഇവിടെവന്ന നൂറുദിവസവും നിരാശപ്പെടുത്തി. ഞാനിക്കാര്യം രാഹുലിനോടുതന്നെ പറഞ്ഞിട്ടുണ്ട്. ബിഗ്‌ബോസ് പോലുള്ള ഷോ കണ്ടതിന്റെ പരിചയം കൊണ്ടായിരിക്കാം ഷോയില്‍ അങ്ങനെ കാണിച്ചത്. രാഹുലിന്റെ പെരുമാറ്റം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് എന്നെ തൊടരുതെന്ന് പറഞ്ഞത്. രാഹുല്‍ ഇക്കാര്യത്തെക്കുറിച്ച് രേവതിയോട് ചോദിച്ചിരുന്നു. പുറത്തിറങ്ങിയാല്‍ രാഹുലിനത് മനസിലാവുമെന്നാണ് രേവതി പറഞ്ഞത്. ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കള്‍ തന്നെയാണ്. മലയാളിഹൗസ് വിട്ടിട്ടും കഴിഞ്ഞ ദിവസം തമ്മില്‍ക്കണ്ടിരുന്നു.

രാഹുല്‍-റോസിന്‍ ബന്ധം യഥാര്‍ഥത്തില്‍ പ്രണയമായിരുന്നോ?

അതൊരു സ്‌പെഷല്‍ ഫ്രണ്ട്ഷിപ്പായിരുന്നു. പ്രണയത്തിലേക്ക് വഴിമാറിയതായി എനിക്ക് തോന്നിയിട്ടില്ല. നൂറുദിവസം ഒന്നിച്ചുതാമസിക്കുമ്പോള്‍ പെണ്‍കുട്ടികളോട് ചിലപ്പോള്‍ സോഫ്റ്റായ വാക്കുകള്‍ ഉപയോഗിച്ചെന്നുവരാം. രാഹുല്‍ ഒരു കുടുംബസ്ഥനാണല്ലോ. ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ കാണിക്കുന്ന ജിജ്ഞാസ എനിക്കില്ല. ഈ ബന്ധത്തില്‍ എന്തെങ്കിലും ദോഷമുണ്ടാവുമെങ്കില്‍ അത് നിനക്കായിരിക്കുമെന്ന് മാത്രമാണ് ഇക്കാര്യത്തില്‍ ഞാന്‍ രാഹുലിനോട് പറഞ്ഞത്. ചുറ്റും കാമറകള്‍ നിറഞ്ഞ വീട്ടില്‍ അരുതാത്തതൊന്നും നടക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ചില പഞ്ചാരവര്‍ത്തമാനങ്ങള്‍ ഉണ്ടാവാം. ഞാനും എന്റെ കുടുംബവും തമ്മിലുള്ള ബന്ധം തീക്ഷ്ണമാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രശ്‌നത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഞാനില്ല.

മലയാളിഹൗസില്‍ നിന്നും ജി.എസ്.എന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ എന്തുനേടി?

സ്വന്തം ജീവിതത്തില്‍ ഒഴിവാക്കപ്പെടേണ്ടത് എന്താണെന്ന് തിരിച്ചറിയാനുള്ള മായക്കണ്ണാടിയാണ് മലയാളിഹൗസ്. സോജനെപ്പോലുള്ള നല്ല സുഹൃത്തിനെ കിട്ടി.സോജനില്‍ ഞാന്‍ എന്നെത്തന്നെയാണ് കണ്ടത്. സ്വന്തമായി പാചകം ചെയ്തു. ബ്രഡും ചമ്മന്തിയുമായിരുന്നു അവിടത്തെ ദേശീയഭക്ഷണം. ജാം ഉണ്ടായിരുന്നെങ്കിലും ഡയബറ്റിക്കുള്ളതിനാല്‍ എനിക്കു തന്നില്ല. ആദ്യ ആഴ്ചയില്‍ പതിനാറുപേര്‍ക്ക് ഒരു ടോയ്‌ലറ്റായിരുന്നു. അതും സഹിച്ചു. മീന്‍കറിയുണ്ടാക്കാന്‍ പുളി തരില്ല. ഒരു ദിവസം ധോബിയുടെ ജോലിയായിരുന്നു എനിക്ക്. അറുപത് തുണികളാണ് അന്ന് അലക്കിയത്. മലയാളിഹൗസിനെ കുറ്റപ്പെടുത്തുന്നവര്‍ ഒരാഴ്ച സ്വന്തം വീട്ടിലെ ഓരോ മുറികളിലും കാമറ വയ്ക്കണം. എന്നിട്ട് അതിലെ റെക്കോഡ് ചെയ്ത ഭാഗങ്ങള്‍ കാണണം. അപ്പോള്‍ നിങ്ങള്‍ക്കൊരു കാര്യം മനസിലാവും. മലയാളിഹൗസ് സ്വന്തം ഹൗസിനേക്കാള്‍ എത്രയോ ഭേദമാണെന്ന്.

എന്താണ് ഭാവി പരിപാടികള്‍?

തമിഴിലും മലയാളത്തിലുമുള്ള ഓരോ ചാനലുകളില്‍ ലൈവ് ക്വിസ് പ്രോഗ്രാം കരാറായിക്കഴിഞ്ഞു. കേരളത്തിന്റെ യുവത്വത്തിന് പ്രാധാന്യം നല്‍കുന്ന പരിപാടിയായിരിക്കും അത്. സിനിമയില്‍ അഭിനയിച്ചതും മലയാളിഹൗസില്‍ പോയതുമാണ് ഞാന്‍ ജീവിതത്തില്‍ ചെയ്ത രണ്ട് അബദ്ധങ്ങളെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്. ചില അബദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ഒന്നുരണ്ടു സിനിമകളുടെ പ്ലാനിംഗും നടക്കുന്നുണ്ട്. 

Search site