മഴ കുറഞ്ഞു; ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കില്ല

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനിയര്‍ അറിയിച്ചു. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 2401.7 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 2403 അടിയില്‍ കവിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഇപ്പോള്‍ ഇടുക്കിയില്‍ വൈദ്യുതോല്പാദനം പൂര്‍ണ്ണതോതില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 
ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കരുതലുകള്‍ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റ് എറണാകുളത്ത് എത്തിയിട്ടുണ്ട്. ശനിയാഴ്ച 18.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. ഡാമില്‍ ഇപ്പോള്‍ 1433.82 ദശലക്ഷം ഘനയടി വെള്ളം ഉണ്ട്. ഇതുകൊണ്ട് 2120 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാം.

Search site