മഴയില്‍ കുതിര്‍ന്ന ഖബറിനരികില്‍ ഹംസയെത്തി

‘ഉപ്പാക്ക് ഇനിയും പോരാനായില്ലേ.....’ മഴയില്‍ കുതിര്‍ന്ന മണ്ണില്‍ ഉറങ്ങുന്ന അരുമ മകളുടെ ഖബറിന് മുകളിലെ പച്ചമണ്ണില്‍ തൊട്ട് നിന്നപ്പോള്‍ ഈ വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഒടുവില്‍ ഉപ്പയെത്തിയപ്പോഴേക്കും മകള്‍ മരണത്തിന്‍െറ തണുപ്പിലേക്ക് താണുപോയിരുന്നു.
 മേല്‍ക്കുളങ്ങര ജുമാമസ്ജിദിന് സമീപത്ത് വരിവരിയായി തീര്‍ത്ത ഖബറുകള്‍ക്കിടയില്‍ മകളുടെ പേരെഴുതിയ മീസാന്‍ കല്ലിന് മുന്നില്‍ അല്‍പനേരം പ്രാര്‍ഥനയോടെ അയാള്‍ നിന്നു. അകത്തു കിടക്കുന്ന മകള്‍ ഉപ്പയെത്തിയത് അറിഞ്ഞിട്ടുണ്ടാവണം. മണല്‍ക്കാട്ടില്‍ ഒരാഴ്ചയോളം വെന്തുരുകി കഴിയുമ്പോഴും മകളായിരുന്നു മനസ്സു നിറയെ. നാട്ടില്‍ മകളുടെ ഖബറിടത്തിലെത്തണം. അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം.
 തേലക്കാട് ബസ് ദുരന്തത്തില്‍ മരിച്ച സബീറയുടെ പിതാവ് മേല്‍ക്കുളങ്ങര കാവണ്ണില്‍ ഹംസ റിയാദില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് 3.30നാണ് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് തിരിച്ച ഹംസ വൈകീട്ട് അഞ്ച് മണിയോടെയാണ് വീട്ടിലെത്തിയത്. വഴിമധ്യേയാണ് മകളുടെ ഖബറിടത്തിലെത്തിയത്. താനെത്തുന്നതിനു മുമ്പ് തിരിച്ചു വരാത്ത ലോകത്തേക്ക് മകള്‍ യാത്ര പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഹംസക്ക്. 
 മകളുടെ ജീവന്‍ കവര്‍ന്നെടുത്ത ദുരന്തസ്ഥലം ഹംസ കണ്ടിട്ടില്ല. എളുപ്പവഴിയായിട്ടും പച്ചീരിപ്പാറ തേലക്കാട് വഴി വരാതെ ഏറെ ദൂരം യാത്ര ചെയ്ത് മഞ്ചേരി മേലാറ്റൂര്‍ കൊളപ്പറമ്പ് വഴിയാണ് അദ്ദേഹത്തെ ബന്ധു കൊണ്ടു വന്നത്. വൈകീട്ട് വീട്ടില്‍ നടന്ന മൗലീദ് പാരായണത്തില്‍ പങ്കെടുത്തതിന് ശേഷം വീണ്ടും പള്ളിയിലെത്തി പ്രാര്‍ഥന നടത്തി. ‘ഞങ്ങളുടെ പള്ളിയില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന വെള്ളിയാഴ്ചയാണ് അതില്‍ പങ്കെടുക്കണം’ -ഹംസ പറഞ്ഞു.

Search site