മലപ്പുറത്തിനു കിട്ടിയ മെഡിക്കല്‍ കോളജ്

തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍ പോലും പെട്ടെന്നു മൗനത്തില്‍ വീഴുന്നു. 
 
ആ രാത്രിയാത്ര മൂകമാണ്. ജീവിതം എത്ര വേഗമാണ് പിടിവിട്ടു പോകുന്നതെന്ന് നിശബ്ദമാക്കുന്ന ബഹളങ്ങള്‍. തൊട്ടുതൊട്ടിരിക്കുന്ന മഹാമൗനങ്ങള്‍. തമ്മിലറിയാത്തവര്‍. ഒന്നും മിണ്ടാതിരുന്നിട്ടും ഒന്നിച്ചുയരുന്ന നെടുവീര്‍പ്പുകള്‍.
 
കൈയെത്തുന്ന വിദഗ്ധ ചികിത്സാ സ്വപ്‌നത്തിന്റെ മറുകരയിലേക്ക് തളര്‍ന്നുനീന്തുന്നവര്‍. വേദനയുടെ പാളങ്ങളിലൊഴുകുന്ന അനന്തമായ ഈ യാത്രയില്‍ മിക്കപ്പോഴും കണ്ടുമുട്ടുന്നതിലേറെയും മലപ്പുറത്തുകാര്‍.
41 ലക്ഷം കവിഞ്ഞ ഒരു ജില്ലാ ജനസംഖ്യയില്‍ ഇവ്വിധം എണ്ണക്കൂടുതല്‍ സ്വാഭാവികം. പക്ഷേ വിദഗ്ധ ചികിത്സയെന്ന ഭാരം താങ്ങാനാവുന്നവര്‍ വിരളം. 
 
ഒരു ദിവസം പണിചെയ്താല്‍ അന്നത്തെ അന്നത്തിനു വകകിട്ടും എന്നതിലപ്പുറം നീക്കിയിരിപ്പില്ലാത്തവരാണ് മലപ്പുറത്തിന്റെ അകപ്പൊരുള്‍. വിമര്‍ശകര്‍ ചാര്‍ത്തിക്കൊടുത്ത 'പണക്കൊഴുപ്പിന്റെ ലോകം' എന്ന അലങ്കാര നാമം മലപ്പുറത്തിന്റെ സാമൂഹികജീവിതത്തിനന്യമാണ്. 
 
14 ജില്ലകളുള്ള കേരളത്തിലെ ആളോഹരി വരുമാനത്തില്‍ പതിനാലാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ലയുടെ പേരാണ് മലപ്പുറം. ഇത് ജനസംഖ്യാ വര്‍ധന കൊണ്ടല്ല. കാരണം വയനാടാണ് തൊട്ടുമുന്നില്‍. 'ഇല്ലായ്മ'കള്‍ പക്ഷേ മലപ്പുറം പുറത്ത് കാണിക്കില്ല. 'ഒള്ളതു കൊണ്ട് ഓണം' എന്നാണ് തത്വം. 
 
ഏറ്റവുമധികം പ്രവാസികളുള്ള ജില്ലയാണിത്. പക്ഷേ പ്രവാസികളിലേറെയും ഗള്‍ഫിലെ 'കൂലിപ്പണിക്കാര്‍'. പോയതിന്റെ കടം പോലും വീട്ടാനാവാത്തവര്‍. എന്നാലും മലപ്പുറത്തെ ജീവിപ്പിക്കുന്നത് പ്രവാസികളിലെ ഈ സാധാരണക്കാരും ഇടത്തരക്കാരും ചേര്‍ന്ന ഉദാരമനസ്സുകളാണ്. 
 
അതാണ് പുറമെ കാണുന്ന മലപ്പുറത്തിന്റെ 'പത്രാസ്'. നല്ല വേഷവിധാനങ്ങള്‍. ഉള്ളിലെ പ്രയാസം പുറത്തുകാണിക്കാത്ത പെരുമാറ്റം. പ്രവാസകൂട്ടായ്മകളുമായി കൈകോര്‍ത്തു നീങ്ങുന്ന സേവന, കാരുണ്യ മണ്ഡലം. അതിന്റെ ഏകോപനത്തിന് മലപ്പുറത്തോട് ഉത്തരവാദിത്തവും ആത്മാര്‍ത്ഥതയുമുള്ള സമര്‍പ്പണ സന്നദ്ധരായ ഭരണ, രാഷ്ട്രീയ, മത, സാമൂഹിക സംഘടനാ നേതൃത്വം. 
 
ഗതിയറ്റവര്‍ക്ക് വീടും ചികിത്സയും വിദ്യാഭ്യാസവും തൊഴിലും വിവാഹ സഹായവും അഭയവും ആശ്വാസവുമെല്ലാം ആവുന്നത്ര എത്തിക്കാന്‍ ശ്രമിക്കുന്ന സമൂഹമനസ്സ്. പക്ഷേ, ചികിത്സയുടെ കണ്ണെത്താ ശിഖരങ്ങളില്‍ കയറാന്‍ നാട്ടുകാര്‍ സഹായിച്ചാലും കടമ്പകളേറെയുണ്ട് മലപ്പുറത്തിന്. 
 
ഇതാണ,് 'മലപ്പുറം ജില്ലക്ക് ഒരു ഗവ. മെഡിക്കല്‍ കോളജ്' എന്ന ആവശ്യമുയര്‍ത്താന്‍ 'ചന്ദ്രിക' ദിനപത്രത്തിന് പ്രേരണയായത്. മലപ്പുറത്തിന്റെ സമ്പൂര്‍ണ പിന്തുണയോടെ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആദ്യനാളുകള്‍. 2011 ജൂണ്‍ അഞ്ചിന് 'ചന്ദ്രിക' ദിനപത്രത്തിന്റെ ഒന്നാം പേജില്‍ 'മലപ്പുറത്തിനും വേണം ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്' എന്ന തലക്കെട്ടില്‍ മുഖ്യവാര്‍ത്ത പ്രസിദ്ധീകരിച്ചു. 
 
വിമര്‍ശനങ്ങളുയര്‍ന്നു. മഞ്ചേരി ശിഹാബ് തങ്ങള്‍ സ്മാരക ഗവ. ജനറലാസ്പത്രി മെഡിക്കല്‍ കോളജായി വികസിപ്പിക്കണമെന്ന രൂപരേഖയുമായി നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. എം. ഉമര്‍ ഇതിനകം നിശ്ചയ ദാര്‍ഢ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ചു. മലപ്പുറത്തെ അറിയുന്ന മലപ്പുറം അറിയുന്ന 'ചന്ദ്രിക' അധികാരകേന്ദ്രങ്ങള്‍ക്കു മുമ്പാകെയും ബഹുജനസമക്ഷവും സമര്‍പ്പിച്ച ഈ ആവശ്യം നേടിയെടുക്കാനുള്ള സംഘടിത പരിശ്രമങ്ങള്‍ പാണക്കാട്ട് നിന്ന് തുടക്കം കുറിച്ചു. 
 
ജനകീയ കൂട്ടായ്മയിലൂടെ സാധിച്ചെടുത്ത വിപ്ലവ പദ്ധതികള്‍ക്കെല്ലാം കൈനീട്ടം കൊടുത്ത പാണക്കാട് കൊടപ്പനക്കല്‍ നിന്ന്. 'മെഡിക്കല്‍ കോളജ്' നേടിയെടുക്കുക എന്ന നിശബ്ദ പ്രക്ഷോഭം 'ചന്ദ്രിക' ആരംഭിച്ചു. തൊട്ടുപിറ്റേന്ന് തന്നെ (ജൂണ്‍ ആറ്) മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്തിന് ഗവ. മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 
 
മുഖ്യമന്ത്രിയായി അധികാരമേറ്റ ഉമ്മന്‍ചാണ്ടി, പാണക്കാട്ടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു: 'മലപ്പുറം ജില്ലക്ക് ഒരു ഗവ. മെഡിക്കല്‍ കോളജ്' വേണം. അതിന്റെ കാര്യകാരണങ്ങള്‍ നിരത്തുന്ന വിശദവാര്‍ത്ത വന്ന 'ചന്ദ്രിക' ദിനപത്രം അദ്ദേഹം മുഖ്യമന്ത്രിക്കു നല്‍കി. 
 
തങ്ങള്‍ ഉന്നയിച്ച ആവശ്യത്തിന്റെയും മലപ്പുറത്തിന്റെ ഈ ജനകീയാഭിലാഷത്തിന്റെയും പ്രസക്തി തത്സമയം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് 'ഗവ. മെഡിക്കല്‍ കോളജ്' ഉടന്‍ വേണമെന്നാവശ്യപ്പെട്ടു. മലപ്പുറം ജില്ലയുടെ വികസനം കൊതിക്കുന്നവരെല്ലാം 'മെഡിക്കല്‍ കോളജ്' എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി കൈകോര്‍ത്തു.
 
അവഗണനയുടെ ഇരുട്ടില്‍ കഴിഞ്ഞ ഒരു ദേശത്തിന്റെ വികസനത്തിന് വെളിച്ചം കാട്ടാന്‍ സന്മനസ്സുള്ളവര്‍ അധികാരത്തിലിരിക്കുന്ന ഈ ഘട്ടത്തില്‍ 'മലപ്പുറത്തിന്റെ മനസ്സില്‍ ഒരു മെഡിക്കല്‍ കോളജ് സ്വപ്‌നം മുളപൊട്ടുന്നു' എന്നാണ് 'ചന്ദ്രിക' ഈ ജനകീയാവശ്യത്തിന് അടിക്കുറിപ്പ് നല്‍കിയത്. 
 
മൂന്നേകാല്‍ കോടി ജനസംഖ്യയുള്ള കേരളത്തില്‍ ആകെ അഞ്ചു ഗവ. മെഡിക്കല്‍ കോളജുകളാണ്. ഇതില്‍ മലബാര്‍ മേഖലയില്‍ ഒന്നു മാത്രം. മലബാറിനു പുറത്ത് 45 ലക്ഷം ജനസംഖ്യക്ക് ഒരു മെഡിക്കല്‍ കോളജ്. മലബാറില്‍ 150 ലക്ഷത്തിന് ഒരെണ്ണം. ഈ അസന്തുലിതാവസ്ഥ മറികടക്കാന്‍, നിത്യദാരിദ്ര്യത്തിന്റെ കണ്ണീര്‍ക്കയങ്ങളില്‍ മുങ്ങിത്താഴുന്ന, മഹാരോഗങ്ങളുടെ പിടിയിലമര്‍ന്ന് മരണത്തിലേക്കു വീഴുന്ന, മലബാര്‍ മേഖലയിലുള്ളവര്‍ക്ക് ഒരു ഗവ. മെഡിക്കല്‍ കോളജ് വേണമെന്നാണ് 'ചന്ദ്രിക' ഉന്നയിച്ചത്.
 
ജനസംഖ്യ 41 ലക്ഷം കവിയുന്ന മലപ്പുറം ജില്ലയും 28 ലക്ഷം വരുന്ന പാലക്കാട് ജില്ലയിലെ ആദിവാസി കേന്ദ്രമായ അട്ടപ്പാടിയുള്‍പ്പെട്ട മണ്ണാര്‍ക്കാട് താലൂക്കും പതിനായിരക്കണക്കിനു പാവപ്പെട്ട മലയാളികള്‍ കൂലിവേല ചെയ്ത് പാടികളില്‍ കഴിയുന്ന ഗൂഡല്ലൂര്‍ താലൂക്കും ചേര്‍ന്ന ഒരു വിശാലവൃത്തമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ ആധുനിക വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ തീര്‍ത്തും ഇല്ലാത്ത മേഖല. 
 
മഞ്ചേരി ശിഹാബ് തങ്ങള്‍ ഗവ. ജനറലാസ്പത്രി മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തിയാല്‍ അറുപത് ലക്ഷത്തോളം പേര്‍ക്ക് വിദഗ്ധ ചികിത്സാ സേവനത്തിനാശ്രയിക്കാമെന്നാണ് 'ചന്ദ്രിക' ചൂണ്ടിക്കാട്ടിയത്.
 
കക്ഷിഭേദമന്യെ മലപ്പുറം ജില്ല ഈ ലക്ഷ്യപ്രാപ്തിക്കായി അണിനിരന്നു. മഞ്ചേരി ജനറലാസ്പത്രിയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചു തന്നെ കൂടുതല്‍ മുതല്‍ മുടക്കില്ലാതെ സംസ്ഥാനത്ത് ഒരു പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കാനാവുമെന്ന് സര്‍ക്കാരിന് ബോധ്യമായി. 
 
മലപ്പുറത്തിനു വേണ്ടി നടത്തിയ ശ്രമങ്ങള്‍ മറ്റു ജില്ലകള്‍ക്കും പ്രയോജനമായി. സംസ്ഥാനത്ത് നാലു പുതിയ ഗവ. മെഡിക്കല്‍ കോളജുകള്‍ (മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കാസര്‍ക്കോട്) ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. 30 വര്‍ഷത്തിനു ശേഷമാണ് സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. 55 വര്‍ഷത്തിനു ശേഷമാണ് മലബാറില്‍ ഒരു ഗവ. മെഡിക്കല്‍ കോളജ് ഉണ്ടാകുന്നത്. 
 
'ചന്ദ്രിക' നയിച്ച ജനകീയ പ്രസ്ഥാനം ആരോഗ്യ രംഗത്ത് സംസ്ഥാനത്തിന്റെ പൊതുവളര്‍ച്ചക്ക് നിമിത്തമായതിന്റെ അഭിമാന മുഹൂര്‍ത്തം കൂടിയാണിത്. സര്‍വം സ്വകാര്യമയമായ യുഗത്തില്‍, സ്വകാര്യ മേഖല മാത്രം ശക്തിപ്പെടുന്ന ഒരു കാലത്ത്, ചികിത്സയുടെ സ്വകാര്യവല്‍ക്കരണം സാധാരണക്കാരനെ മരണക്കിണറ്റിലേക്കു തള്ളുന്ന നേരത്ത് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു വേണ്ടിയാണ് 'ചന്ദ്രിക'യും മുസ്‌ലിംലീഗും യു.ഡി.എഫും ശബ്ദമുയര്‍ത്തിയത്. ജനങ്ങളെ ഒന്നിച്ചണിനിരത്തിയത്. 
 
പണത്തിന്റെ തിളപ്പിലല്ലാതെ, പഠനത്തിന്റെ മികവില്‍ നൂറു കുട്ടികള്‍ മഞ്ചേരിയില്‍ എം.ബി.ബി.എസ് പ്രവേശനം നേടിയിരിക്കുന്നു. അതിലേറെയും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവര്‍. മലപ്പുറം ജില്ലക്കാരുമുണ്ടിതില്‍. സര്‍ക്കാരിന്റെ വിദഗ്ധ ചികിത്സ മലപ്പുറത്തെ സാധാരണക്കാരന് സൗജന്യമായി കിട്ടുന്നതിനൊപ്പം കൂലിപ്പണിയെടുക്കുന്നവരുടെ മക്കള്‍ വമ്പന്‍ ഫീസ് കൊടുക്കാതെ സര്‍ക്കാര്‍ ചെലവില്‍ നാളെ ഡോക്ടര്‍മാരായി ഇറങ്ങിവരുന്ന കാഴ്ചയുടെ അഭിമാന നിമിഷങ്ങള്‍ക്കുമായാണ് 'ചന്ദ്രിക' പ്രയത്‌നിച്ചത്. 
 
പക്ഷേ ആ മഹത്തായ ലക്ഷ്യം തകര്‍ക്കാനും ഒരുമ്പെട്ടിറങ്ങി ചിലര്‍. മെഡിക്കല്‍ കോളജ് വരുമെന്നുറപ്പായ ഘട്ടത്തില്‍ പോലും 'വൃത്തിയും വെടിപ്പും സ്ഥലവും സൗകര്യവും ആവശ്യത്തിനൊരു റോഡു പോലുമില്ലാത്ത ഇവിടെയോ മെഡിക്കല്‍ കോളജ്' എന്ന് പരിഹാസപൂര്‍വം പരമ്പരകള്‍ തയ്യാറാക്കി. സ്ഥലപരിശോധന നടക്കുമ്പോള്‍ അധികൃതരെ നിരുത്സാഹപ്പെടുത്തുന്ന വാര്‍ത്തകള്‍ നിറഞ്ഞു. 
 
മലപ്പുറം ജില്ലയെക്കാള്‍ പ്രധാനം മറ്റുള്ളിടത്താണെന്ന് വേറെ പരമ്പര. മെഡിക്കല്‍ കോളജ് സ്വകാര്യമേഖലക്ക് എന്ന് പ്രചാരണം നടത്തിയ പത്രങ്ങളും പ്രക്ഷോഭം നടത്തിയ സംഘടനകളും നിരവധി. അവര്‍ക്കെല്ലാം ആവശ്യം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിന്റെ മരണമായിരുന്നു.
 
പക്ഷേ, ഏത് ഗൂഢനീക്കങ്ങള്‍ക്കും തകര്‍ക്കാനാവാത്ത ഇച്ഛാശക്തിയുള്ള ഒരു ജനകീയ പ്രസ്ഥാനം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് എന്ന ആശയത്തിനൊപ്പമുണ്ടായിരുന്നു. അത് കേവലം രാഷ്ട്രീയമല്ല. അതിനുമപ്പുറം ദൃഢനിശ്ചയം ചെയ്ത ജനാഭിലാഷത്തിന്റെ ഇറങ്ങിപ്പുറപ്പെടലാണ്.
 
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഈ മുന്നേറ്റത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്. ഇതിനായുള്ള കഠിനപ്രയത്‌നവും സമര്‍പ്പണവും കൊണ്ട് നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. എം. ഉമറിനെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിന്റെ ശില്‍പിയെന്ന് ജില്ലയുടെ വികസന ചരിത്രംരേഖപ്പെടുത്തും. ഒരു ജില്ലയെ മാറ്റിയെടുക്കാന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഘട്ടംഘട്ടമായി നടത്തിയ ജനകീയ കൂട്ടായ്മകളുടെ മാതൃകയാണ് ഇതിന്റെ അടിത്തറ. 
 
അതില്‍ പ്രധാനമായിരുന്നു ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കിയ മഞ്ചേരി ജില്ലാ ആസ്പത്രി നവീകരണത്തിനുള്ള ജനകീയ കൂട്ടായ്മ. 18 കോടിയുടെ പദ്ധതിയായിരുന്നു. സര്‍ക്കാര്‍ പണം പ്രതീക്ഷിച്ചല്ല. ആവുന്നത് പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുക. ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ നേരെ പാണക്കാട് കൊടപ്പനക്കല്‍ വസതിയിലെത്തി ആശീര്‍വാദം തേടി. 
 
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ആദ്യസംഭാവന നല്‍കി ധനസമാഹരണം ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടിയില്‍ നിന്ന് അടുത്ത സംഭാവന. തൊട്ടുപിന്നാലെ ആര്യാടന്‍ മുഹമ്മദില്‍ നിന്ന്. തെരുവുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, പള്ളിക്കൂടങ്ങള്‍, ആസ്പത്രികള്‍, കല്യാണ വീട്, ഉത്സവപ്പറമ്പ്, പാര്‍ട്ടി സമ്മേളനങ്ങള്‍ എല്ലായിടത്തും പാട്ട കിലുക്കി പിരിച്ചെടുത്തു പത്തു കോടി രൂപ. 
 
പ്രവാസികളും വിയര്‍പ്പുതുള്ളികള്‍ അയച്ചുകൊടുത്തു. ഇ. അഹമ്മദിന്റെ എം.പി. ഫണ്ടില്‍ നിന്ന് ഒരു കോടി. അബ്ദുസ്സമദ് സമദാനിയുടെ ഫണ്ടില്‍ നിന്ന് 33 ലക്ഷം. 
 
ജില്ലാ ആസ്പത്രി ജനറല്‍ ആസ്പത്രിയായി ഉയര്‍ന്നു. നന്മകളുടെ നാരായവേരായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമം ജനറലാസ്പത്രിക്ക് നല്‍കിയതായി അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പ്രഖ്യാപിച്ചു. 
 
മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്ക് ജാലകം തുറന്നത് ജില്ലാ പഞ്ചായത്ത് തുടങ്ങിയ ആസ്പത്രി വികസന പദ്ധതിയായിരുന്നു. സമ്പൂര്‍ണ സാക്ഷരതാ യജ്ഞം, അക്ഷയ കമ്പ്യൂട്ടര്‍ പദ്ധതി, വിജയഭേരി, ബ്രെയില്‍ സാക്ഷരത, സ്മാര്‍ട് ക്ലാസ് റൂം തുടങ്ങിയ പദ്ധതികളിലൂടെ അറിവിന്റെ ലോകവും പ്രതീക്ഷ, പരിരക്ഷ, സുരക്ഷ, വൃക്ക രോഗീ സാന്ത്വനം, തണല്‍ക്കൂട്ട് പദ്ധതികളിലൂടെ കാരുണ്യത്തിന്റെ കടലും ഗ്രാമങ്ങളിലേക്കൊഴുകിയത് മലപ്പുറം ജില്ലാ പഞ്ചായത്തിലൂടെയാണ്.
 
 
മലപ്പുറം ജില്ലാ രൂപീകരണം തൊട്ടുള്ള അഭിമാനകരമായ നേട്ടങ്ങളുടെ പരമ്പരയിലെ സുവര്‍ണ മുദ്രയാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്. ഈ പെരുന്നാളാഘോഷത്തിന്റെ പൂത്തിരി കത്തുന്ന മലപ്പുറത്തിന്റെ മണ്ണിനും മനസ്സിനുമൊപ്പം അഭിമാനത്തോടെ 'ചന്ദ്രിക' ചേര്‍ന്നു നില്‍ക്കുന്നു. 
 
മലപ്പുറം ജില്ലയും കാലിക്കറ്റുള്‍പ്പടെ സര്‍വകലാശാലകളും ഫാറൂഖ് കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസന പാതയിലെ അസംഖ്യം നാഴികക്കല്ലുകളും സ്ഥാപിക്കാന്‍, അവകാശങ്ങള്‍ നേടിയെടുക്കാന്‍ അക്ഷരങ്ങളിലൂടെ പൊരുതിയ 'ചന്ദ്രിക' ഈ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജും അഭിമാനമുദ്രയായി നെഞ്ചില്‍ സൂക്ഷിക്കുന്നു.
 
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റിയായി അശരണരുടെ ജീവിതപ്പാതയില്‍ തണലൊരുക്കും. അര്‍ബുദത്തിന്റെ വേദനകള്‍ ശമിച്ച് ജീവിതത്തിലേക്കു ചുവടുവെച്ച് അവര്‍ ഇനി യാത്ര തുടരും. കൂകിപ്പായുന്ന ആഹ്ലാദത്തിന്റെ പാളങ്ങളിലൂടെ.

Search site