മരണം പെയ്യുന്ന കാര്‍മേഘങ്ങള്‍

സിനിമാ തിയറ്ററുകളും ചാനലുകളും പത്രങ്ങളുമെല്ലാം ഈയിടെ പുകയില വിരുദ്ധ പരസ്യങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിഗരറ്റ് പാക്കറ്റുകളില്‍ കാന്‍സറിനെ കുറിച്ച് ഭീതിയുണര്‍ത്തുന്ന മുന്നറിയിപ്പുകളുണ്ട്. പാക്കറ്റില്‍ ലഭിക്കുന്ന ചവക്കുന്ന പുകയിലയുല്‍പന്നങ്ങളുടെ നിരോധവും കരിഞ്ചന്തയില്‍ അവക്കെതിരെ റെയ്ഡുകളും നടപടികളും തുടരുകയും ചെയ്യുന്നു. എന്നിട്ടും പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളില്‍ 2012 ഒക്ടോബര്‍ മുതല്‍ 2013 ഫെബ്രുവരി വരെയുള്ള അഞ്ചുമാസക്കാലയളവില്‍ മലയാളി പിഴയടച്ചത് 19.2 ലക്ഷം രൂപയാണ്! പിഴയടച്ചവരുടെ എണ്ണം 11,299. 2003ല്‍ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ കോട്പ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നാണ് പൊലീസ് വെബ്സൈറ്റ് പറയുന്നത്. ഇതില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയവരും ഉള്‍പ്പെടും.
 ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 11 കോടിയിലധികംവരും പുകവലിക്കാര്‍. പ്രതിവര്‍ഷമുള്ള ആറു ദശലക്ഷം പുകയില മരണങ്ങളില്‍ ആറു ലക്ഷവും പുകയില ഉപയോഗിക്കുന്നവരില്‍നിന്ന് അതിന്‍െറ ദൂഷ്യഫലം ഏറ്റുവാങ്ങുന്നവരാണ്. ഇങ്ങനെ പോയാല്‍ 2030 ആകുമ്പോള്‍ പ്രതിവര്‍ഷം എട്ട് ദശലക്ഷമാവും പുകയില മരണം. ഇങ്ങനെ അകാലമൃത്യു വരിക്കുന്നവരില്‍ 80 ശതമാനവും വികസ്വരരാജ്യങ്ങളുടെ സന്തതികളുമായിരിക്കും.
 പുകയില വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തുറന്നുകാട്ടുന്നതിനും അതിന്‍െറ ഉപയോഗം കുറക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും അങ്ങനെ പുകയിലരഹിത ലോകമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമാണ് ലോകാരോഗ്യ സംഘടന എല്ലാവര്‍ഷവും മേയ് 31ന് ലോക പുകയിലവിരുദ്ധ ദിനമായി ആചരിക്കുന്നത്. 1988ല്‍ ആയിരുന്നു പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമായി ആദ്യത്തെ ലോകപുകയിലവിരുദ്ധ ദിനം ആചരിച്ചത്. ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴ് ആയിരുന്നു അന്ന് പുകയിലക്കെതിരായ സന്ദേശം നല്‍കാനായി തെരഞ്ഞെടുത്തത്. ലോകാരോഗ്യ സംഘടനയുടെ 40ാം വാര്‍ഷിക ദിനം കൂടിയായിരുന്ന അന്ന് പുകയിലക്കെതിരെ പ്രത്യേക ഓര്‍മപ്പെടുത്തല്‍ എന്ന രീതിയിലായിരുന്നു ദിനാചരണം. എന്നാല്‍, പുകയിലയുടെ പ്രത്യാഘാതങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ ദിനാചരണം പ്രസക്തമാക്കി. 1989 മുതല്‍ മേയ് 31 ലോക പുകയിലവിരുദ്ധ ദിനമായി ആചരിച്ചുവരുന്നു.
 നിക്കോട്ടിയാന എന്ന ചെടിയുടെ ഇലയില്‍നിന്നാണ് പുകയിലയുണ്ടാക്കുന്നത്. അനുഷ്ഠാനത്തിന്‍െറ ഭാഗമായും വിശ്രമവേളകളിലും പുകയിലയും പുകയില ഉല്‍പന്നങ്ങളും ഉപയോഗിച്ചുവന്നിരുന്നതായി ചരിത്രം പറയുന്നു. പുകയില ഉപയോഗത്തിന് നാന്ദികുറിച്ചത് അമേരിക്കക്കാരായിരുന്നു. എന്നാല്‍, ഇത് യൂറോപ്പിനു പരിചയപ്പെടുത്തിയത് പോര്‍ചുഗീസിലെ ഫ്രഞ്ച് അംബാസഡറായിരുന്ന ജീന്‍ നിക്കോട്ട് ആണ്. 1559ലായിരുന്നു ഇത്. പുകയില വളരെ പെട്ടെന്ന് പ്രചാരംനേടുകയും പ്രധാനപ്പെട്ട വാണിജ്യ വിളയായിത്തീരുകയുമാണുണ്ടായത്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പുകയിലയുടെ ഉപയോഗം കാരണമാകുന്നുണ്ടെന്ന് 1900ത്തില്‍തന്നെ ഗവേഷണപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുകയിലയുടെ ഉപയോഗം ഹൃദയാഘാതം, പക്ഷാഘാതം, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, വിവിധയിനം കാന്‍സറുകള്‍ എന്നിവക്കെല്ലാം ഇടയാക്കുന്നു. സര്‍ക്കാറും സര്‍ക്കാറിതര സംഘടനകളും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ പുകയില ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലത്തെിക്കുന്നതിന് പുകയിലവിരുദ്ധ ദിനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കണമെന്നാണ് ലോകാരോഗ്യസംഘടന ആഗ്രഹിക്കുന്നത്.
 പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന് റാലികള്‍, പരസ്യപ്രചാരണങ്ങള്‍, പൊതുസമ്മേളനങ്ങള്‍, തെരുവുനാടകങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പ്രയോജനപ്പെടുത്തണം. പുകവലിനിര്‍ത്താനുള്ള പ്രേരണ ചെലുത്തല്‍, പുകവലി തുടങ്ങാതിരിക്കാനുള്ള മുന്നറിയിപ്പുകള്‍ നല്‍കല്‍ എന്നിവയും പ്രധാനംതന്നെ. പുകയിലയുടെ ഉല്‍പാദനം, ഉപയോഗം എന്നിവയെല്ലാം നിരോധിക്കുന്ന നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാറും അവ പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താന്‍ പൊതുജനങ്ങളും ശ്രദ്ധിക്കണം.
 ആഗോളതലത്തില്‍ മരണകാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ രണ്ടാം സ്ഥാനമാണ് പുകയിലക്ക്. വാര്‍ഷികമരണ സംഖ്യയില്‍ പത്തിലൊന്നുപേരുടെ മരണകാരണമാണിതെന്ന വസ്തുത നടുക്കുന്നതാണ്. അതുകൊണ്ടുതന്നെ 2013 ലെ ലോക പുകയിലവിരുദ്ധ ദിനത്തിന്‍െറ പ്രമേയം പുകയിലയുടെ പരസ്യം, പ്രചാരണം, പ്രോത്സാഹനം എന്നിവക്ക് വിലക്കു കല്‍പിക്കുക എന്നതാണ്. പുകയില ഉല്‍പന്നങ്ങളുടെ സമ്പൂര്‍ണ നിരോധം, പുകവലി തുടങ്ങുന്നവരുടെയും പുകവലിക്കാരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നു തന്നെയാണ് പഠനങ്ങള്‍ പറയുന്നത്. പുകയിലയുടെ പരസ്യവും സ്പോണ്‍സര്‍ഷിപ്പും നിരോധിക്കുന്നത് പുകവലിയുടെ ആവശ്യവും ഉപയോഗവും കുറക്കുന്നതിനുള്ള അഞ്ചു പ്രധാനമാര്‍ഗങ്ങളില്‍ ഒന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമൂഹിക പകര്‍ച്ചവ്യാധിയായ പുകയിലയുടെ ഉപയോഗം നമുക്ക് തടയാവുന്ന മരണകാരണമാണ് എന്ന സത്യമാണ് ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്.
 ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണചട്ടത്തിലെ 13ാം അനുച്ഛേദവും അതിലെ മാര്‍ഗരേഖയും പിന്തുടര്‍ന്ന് പുകയിലയുടെ പരസ്യം, പ്രചാരണം, പ്രോത്സാഹനം എന്നിവക്ക് നിരോധം ഏര്‍പ്പെടുത്തുന്നതിന് രാജ്യങ്ങളെ പ്രേരിപ്പിക്കുക, അങ്ങനെ പുകയില ഉപയോഗിച്ചു തുടങ്ങുന്നവരുടെ എണ്ണം കുറക്കുക എന്നിവക്ക് പുറമെ പുകയില നിയന്ത്രണത്തെ തമസ്കരിച്ചുകൊണ്ട് അത്തരം ഉല്‍പന്നങ്ങളുടെ പരസ്യം, പ്രചാരണം, പ്രോത്സാഹനം തുടങ്ങിയവക്ക് സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുവാനോ ഇല്ലാതാക്കാനോ ഉള്ള പ്രവര്‍ത്തനങ്ങളെ പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ഇടപെടലുകളിലൂടെ പരാജയപ്പെടുത്തുക എന്നതും ഈ വര്‍ഷത്തെ ലക്ഷ്യങ്ങളാണ്.
 എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ ചില കടമ്പകള്‍ ഇനിയും ബാക്കിയാണ്. പുകയില വിപണിയിലെ യുവാക്കളുടെ ഒഴിവാക്കാന്‍ കഴിയാത്ത സാന്നിധ്യം, പുകയില വ്യാപാരത്തിലെ സ്വയം ക്രമീകൃത വ്യവസ്ഥകളുടെ പരാജയം, ഭാഗികമായ പുകയില നിയന്ത്രണത്തിന്‍െറ നിഷ്ഫലത, പുകയിലയുടെ സമ്പൂര്‍ണ നിരോധം മിക്ക രാജ്യങ്ങളിലും സാധ്യമാകാത്ത അവസ്ഥ തുടങ്ങിയവയാണ് പുകയിലവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലെ കടമ്പകള്‍. ശക്തമായ ഇടപെടലുകളുണ്ടായിട്ടും ആറ് ശതമാനം രാജ്യങ്ങള്‍ മാത്രമാണ് 2010 വരെ സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത്്.

Search site