മന്‍മോഹന്‍ സിങ് നാളെ മുസാഫര്‍നഗര്‍ സന്ദര്‍ശിക്കും

കലാപത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ സന്ദര്‍ശനം നടത്തും. 
 
പ്രദേശത്തെ സ്ഥിതി വിലയിരുത്തിയ ശേഷം അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കലാപത്തിനിരയായവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
 
 47 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. 
 
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് എല്ലാവിധ കേന്ദ്ര സഹായവും മന്‍മോഹന്‍ സിങ് വാഗ്ദാനം ചെയ്തു. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ചു.
 
 മുസാഫര്‍നഗര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ കലാപങ്ങളും അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ദേശീയോദ്ഗ്രഥന സമിതിയുടെ (എന്‍.ഐ.സി) യോഗം ഈ മാസം 23ന് ചേരും. 
 
പുതിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞയില്‍ 12 മണിക്കൂര്‍ ഇളവുവരുത്താന്‍ ഉത്തര്‍പ്രദേശ് ഭരണകൂടം തീരുമാനിച്ചു. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് ഇളവ്. നയ്മണ്ടി, കോട്‌വാലി, സിവില്‍ലൈന്‍ മേഖലകളില്‍ കഴിഞ്ഞ ചൊവ്വാഴ്ച നിരോധനാജ്ഞക്ക് ഒന്നരമണിക്കൂര്‍ ഇളവുനല്‍കിയിരുന്നു.

Search site