മന്‍മോഹനും സോണിയയും രാഹുലും മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുസഫര്‍ നഗറിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മുസഫര്‍ നഗര്‍ സംഘര്‍ഷത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘര്‍ഷ ബാധിതര്‍ക്ക് തിരികെ വീടുകളിലേക്ക് മടങ്ങാന്‍ സുരക്ഷ ഒരുക്കുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ കേന്ദ്രം സഹായിക്കുമെന്നും മന്‍മോഹന്‍ വ്യക്തമാക്കി.
 
 ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മൂവരും ഇവിടെയെത്തിയത്. ഇരു വിഭാഗങ്ങളുടെയും വീടുകള്‍ സന്ദര്‍ശിച്ച അഖിലേഷ്, എല്ലാവരുടെയും ദുഃഖങ്ങള്‍ മനസിലാക്കുന്നതായും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
 
 മുസഫര്‍നഗര്‍ കലാപത്തില്‍ 43പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യാഗിക കണക്ക്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. പ്രാഥമികാന്വേഷണത്തില്‍ 43,000 പേര്‍ ഭവന രഹിതരായെന്ന് യു.പി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചിരുന്നു.

Search site