മന്ത്രി കായലില്‍ ചാടി ആറ് പേരെ രക്ഷിച്ചു

 'അപകടത്തില്‍ പെട്ടവരെ മന്ത്രി സ്വന്തം കാറില്‍ ആസ്പത്രിയിലെത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രി മുന്നിട്ടിറങ്ങി- ഇതെല്ലാം നമ്മള്‍ കേരളത്തില്‍ പലതവണ കണ്ടതും കേട്ടതുമാണ്. എന്നാല്‍ നമ്മുടെ അയല്‍പ്പക്കത്ത് കര്‍ണാടകത്തില്‍ ഒരു മന്ത്രി സ്വന്തം ജീവന്‍ പോലും പണയം വെച്ച് തടാകത്തിലേക്ക് എടുത്തുചാടി അപകടത്തില്‍ പെട്ട ആറ് പേരെയാണ് രക്ഷിച്ചത്. തടാകത്തിലേക്ക് വീണ് കാര്‍ മുങ്ങുന്നത് കണ്ടാണ് കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിമ്മണെ രത്‌നാകര്‍ യാത്രനിര്‍ത്തി കാറില്‍ നിന്നിറങ്ങി കടുത്ത തണുപ്പത്ത് തടാകത്തിലേക്ക് മുന്‍പിന്‍ നോക്കാതെ എടുത്തുചാടിയത്. മന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ അംഗരക്ഷകരും വെള്ളത്തിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 
 
ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി കിമ്മണെയുടെ ധീരകൃത്യത്തിന് നാട് സാക്ഷ്യം വഹിച്ചത്. ജന്മനാടായ തീര്‍ഥഹള്ളിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയിലായിരുന്നു 61 കാരനായ കിമ്മണെ. രാവിലെ ഏഴ് മണി സമയം. തീര്‍ഥഹള്ളിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബേഗുവള്ളിയിലെത്തിയപ്പോള്‍ ഒരു മാരുതി സ്വഫ്ട് കാര്‍ കിമ്മണെ സഞ്ചരിച്ച ഇന്നോവ കാറിനെ മറികടന്നുപോയി. 15 മിനിറ്റിന് ശേഷം ബേഗുവള്ളി തടാകത്തിനടുത്തെത്തിയപ്പോള്‍ കിമ്മനെ കാണുന്നത് അതേ വെള്ളനിറത്തിലുള്ള സ്വിഫ്ട് കാര്‍ തടാകത്തില്‍ മുങ്ങുന്നതാണ്. 
 
മറ്റൊന്നും ആലോചിച്ചില്ല. കാര്‍ നിര്‍ത്താന്‍ മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി നേരെ വെള്ളത്തിലേക്ക് ചാടി. പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ഹാള്‍സ്വാമി, ഡ്രൈവര്‍ ചന്ദ്രശേഖര്‍, അകമ്പടി വാഹനത്തിന്റെ ഡ്രൈവര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും വെള്ളത്തിലേക്ക് ചാടി. മുങ്ങുന്നകാറില്‍ നിന്ന് രക്ഷതേടി കൈകളുയുര്‍ത്തുന്നവരെയാണ് അവര്‍ കണ്ടത്. ആദ്യം പിന്നിലെ ഒരു വാതില്‍ തുറന്ന് മൂന്നു കുട്ടികളുമായി കരയിലേക്ക്. വീണ്ടും നാലും പേരും തിരിച്ചെത്തി 55 വയസ്സുള്ള ഒരു സ്ത്രീ ഉള്‍പ്പടെ കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരയും രക്ഷിച്ചു. അപ്പോഴേക്കും ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നയാള്‍ അബോധാവസ്ഥയിലായിക്കഴിഞ്ഞു. 
 
കരയിലെത്തിയ മന്ത്രി ഉടന്‍ തന്നെ ഒരു ഡോക്ടറെ വിളിച്ചുവരുത്തി അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ട വൈദ്യസഹായവും നല്‍കി. ഉദയ്കുമാര്‍(40),ഭാര്യ സുമ(35), ഉദയകുമാറിന്റെ അമ്മ ഗീത(55), 14 ഉം എട്ടും വയസ്സ് പ്രായമുള്ള മക്കള്‍ മൂന്നു വയസ്സ് പ്രായമുള്ള ബന്ധു ഉദയ് എന്നിവരെയാണ് രക്ഷപെടുത്തിയത്. സുഹൃത്തുക്കളെ വിളിച്ച് ഇവര്‍ക്ക് വേണ്ട പ്രഭാതഭക്ഷണവും മരുന്നും മന്ത്രി എത്തിച്ചു. യാത്രപറഞ്ഞ് പോകുമ്പോള്‍ സ്വന്തം വസ്ത്രവും ഉദയിക്ക് നല്‍കിയാണ് മന്ത്രി ബാംഗ്ലൂരിലേക്ക് യാത്ര പുറപ്പെട്ടത്. തങ്ങള്‍ക്കിത് പുനര്‍ജന്മമാണെന്ന് ഉദയ് പറയുന്നു. മന്ത്രി കിമ്മണെയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ആ സമയത്ത് മന്ത്രിക്ക് രക്ഷപെടുത്താന്‍ തോന്നിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ ജീവനോടെയുണ്ടാകുമായിരുന്നില്ല-ഉദയ് പറയുന്നു. തന്നോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ അംഗരക്ഷകനേയും ഡ്രൈവറേയും അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഏതായാലും ഒറ്റദിവസം കൊണ്ട് ഹീറോ ആയി മാറിക്കഴിഞ്ഞു കിമ്മണെ

Search site