മന്ത്രിമാരുടെ ഗുണ്ടായിസം തെളിയിക്കാന്‍ ജഡ്ജിക്ക് മന്ത്രിയുടെ വെല്ലുവിളി

പശ്ചിമബംഗാളിലെ ചില മന്ത്രിമാര്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത് എന്ന ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദമാകുന്നു. മന്ത്രിമാരുടെ ഗുണ്ടായിസം ചുണയുണ്ടെങ്കില്‍ തെളിയിക്കാന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര വെല്ലുവിളിയുടെ സ്വരത്തില്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. 
 
ഹൈക്കോടതി ജഡ്ജി സഞ്ജീവ് ബന്ധോപാധ്യായയാണ് 'ഗുണ്ടാ' പരാമര്‍ശം നടത്തിയത്. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് അധികൃതമായി നഗരത്തിലുടനീളം സ്ഥാപിച്ച പന്തലുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നു എന്ന് ജഡ്ജി പറഞ്ഞു. അനധികൃത പന്തലുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയതില്‍ താന്‍ അത്ഭുതപ്പെടുന്നില്ല. 
 
മന്ത്രിമാരും നേതാക്കളും വന്‍ ഉദ്യോഗസ്ഥന്മാരുമൊക്കെ പൂജാ കമ്മിറ്റികളിലുണ്ടല്ലോ. അനുമതി നല്‍കിയില്ലെങ്കില്‍ അധികൃതര്‍ വിവരമറിയും- ജഡ്ജി പറഞ്ഞു. ചില മന്ത്രിമാര്‍ ശരിക്കും ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നത് എന്ന പരാമര്‍ശം ഇതിന് ശേഷമാണുണ്ടായത്. 
 
പൊതുവഴികളില്‍ പൂജ നടത്തുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് ഏഴു ദിവസത്തിനുള്ളില്‍ കോടതിയെ അറിയിക്കാന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണറോട് ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.
 
ബംഗാളി അശ്വിന്‍ (സപ്തംബര്‍ / ഒക്ടോബര്‍ ) മാസത്തിലെ ഷഷ്ടി മുതല്‍ നവമി വരെയുള്ള ദിവസങ്ങളിലാണ് ബംഗാളില്‍ ദുര്‍ഗാപൂജ ആഘോഷിക്കുന്നത്. നാല് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയാറെടുപ്പ് തുടങ്ങും. പൊതുവഴികളില്‍ വലിയ പന്തലുകള്‍ കെട്ടി പൊക്കി ദുര്‍ഗാ പ്രതിമകള്‍ പ്രതിഷ്ഠിച്ചാണ് ഉത്സവം കൊണ്ടാടുന്നത്. ആയിരക്കണക്കിന് പന്തലുകലാണ് ഇങ്ങനെ ഉയര്‍ത്തുന്നത്.

Search site