മണ്‍സൂണ്‍ മനോഹാരിതയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം

മണ്‍സൂണിന്റെ ആഗമനം ഇത്തവണ അതിരപ്പിള്ളിക്കും വാഴച്ചാലിനും എന്നത്തേക്കാളും കൂടുതല്‍ വന്യസൗന്ദര്യമാണ് നല്‍കിയത്. ഇതുപോലെ ജലസൃമൃദ്ധിയോടെ ഈ രണ്ട് വെള്ളച്ചാട്ടങ്ങളെയും പ്രകൃതി അനുഗ്രഹിച്ചത് ആറേഴ് വര്‍ഷക്കാലം മുന്‍പ് മാത്രം. കാടിന്റെ ഹരിതഹൃദയത്തില്‍ സഞ്ചാരികള്‍ക്കായി പ്രകൃതി കാത്തുസൂക്ഷിച്ച ഈ അപൂര്‍വ വിസ്മയം കാണാന്‍ സന്ദര്‍ശകരുടെ അണമുറിയാത്ത പ്രവാഹമാണിപ്പോള്‍. ഉയരങ്ങളില്‍നിന്ന് കുത്തനെ ചിതറി വീഴുന്ന അതിരപ്പിള്ളി ജലപാതത്തിന്റെ രൗദ്രസംഗീതവും പാറക്കെട്ടുകളിലൂടെ ചരിഞ്ഞിറങ്ങുന്ന വാഴച്ചാലിന്റെ ജലമര്‍മ്മരവും ഇത്തവണ സന്ദര്‍ശിക്കുന്നവരുടെ മനസ്സില്‍നിന്ന് വിട്ടൊഴിയുകയില്ല. ഒരിക്കലും മതിവരാത്ത കാഴ്ചകള്‍ക്ക് ആസ്വാദ്യത കൂടിയിരിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയില്‍നിന്ന് 32 കിലോ മീറ്റര്‍ അകലെ ചാലക്കുടി-മലക്കപ്പാറ സംസ്ഥാനപാതയിലൂടെ പോകുമ്പോള്‍ ചാലക്കുടിപ്പുഴയിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. പ്രകൃതിയുടെ അപൂര്‍വമായ ദൃശ്യവിരുന്നുകളുടെ ഒരു പരമ്പരതന്നെയുണ്ടിവിടെ. അതുകൊണ്ട് ഇവിടേക്കുള്ള ഒരു ട്രിപ്പ് വിനോദസഞ്ചാരികള്‍ക്ക് ഒരിക്കലും നഷ്ടമല്ല. തുമ്പൂര്‍മുഴി റിവര്‍ ഡൈവര്‍ഷന്‍ സ്‌കീം, അവിടത്തെ ചിത്രശലഭങ്ങളുടെ ഉദ്യാനം, മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങല്‍കുത്ത് ഡാം, ഷോളയാര്‍ ഡാം എന്നിങ്ങനെ വേറെയും കാഴ്ചകളുണ്ട് ഇവിടെ വന്നാല്‍ കാണാന്‍. (ഡാമുകള്‍ കാണാന്‍ തൃശൂരില്‍നിന്ന് നേരത്തെ അനുമതി വാങ്ങണം.) റോഡിന്റെ ഇരുവശത്തുമുള്ള ഇടതൂര്‍ന്ന വനത്തില്‍ അവസരം ഒത്തുവന്നാല്‍ മാനുകളെയും മറ്റു മൃഗങ്ങളെയും കാണാം. കൂടാതെ വിനോദസഞ്ചാരികള്‍ക്കായി വിവിധ റൈഡുകളുള്ള വാട്ടര്‍ തീം പാര്‍ക്കുകളുമുണ്ട് പ്രദേശത്ത്. കൂലംകുത്തിയൊഴുകുന്ന വാഴച്ചാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം തന്നെയാണ് ഇവിടത്തെ ഏറ്റവും ഗംഭീരമായ കാഴ്ച. ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുവാനുള്ളത് ഇവിടെയാണ്. വെള്ളച്ചാട്ടത്തെ മുകളില്‍നിന്നും താഴെനിന്നും കാണാന്‍ സൗകര്യമുണ്ട്. അതോടൊപ്പം വിശാലമായ പാറക്കെട്ടുകളില്‍ നദിക്കരയില്‍ വിശ്രമിക്കാം. വേനല്‍ക്കാലത്ത് അതിരപ്പിള്ളിയില്‍ പുഴയിലിറങ്ങാന്‍ അനുവദിക്കും. പടിക്കെട്ടുകള്‍ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ താഴേക്ക് ഇറങ്ങിച്ചെന്നാല്‍ പ്രത്യേകമായ അനുഭൂതിയാണ്. മുകളില്‍നിന്ന് ചിതറി വീഴുന്ന വെള്ളത്തുള്ളികള്‍ മഞ്ഞിന്‍ കണികകളെപ്പോലെയോ, മേഘത്തുണ്ടുകള്‍ പോലെയോ പറന്നു വന്ന് സന്ദര്‍ശകരെ കുളിര്‍പ്പിക്കും. അതിരപ്പിള്ളിയില്‍നിന്ന് 3 കി.മീ. അപ്പുറത്തുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടം അപകടകരമായ ജലസൗന്ദര്യമാണ്. പുഴ ശക്തമായ ഒഴുക്കോടെ വന്‍ നുരകളുമായി, ഹൃദ്യമായ ജലശ്രുതിയുമായി പതഞ്ഞുപോകുന്ന അതിശയകരമായ കാഴ്ചയാണത്. കാഴ്ചകള്‍ ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് ഇരിപ്പിടങ്ങളും മറ്റുമായി ചെറിയ പാര്‍ക്ക് നിര്‍മ്മിച്ചിട്ടുണ്ട്. അപകടസാധ്യത വളരെയധികമുള്ളതുകൊണ്ട് ഇവിടെ അധികം പുഴയിലേക്കിറങ്ങാന്‍ സമ്മതിക്കില്ല. രണ്ടുവെള്ളച്ചാട്ടങ്ങളും നിറഞ്ഞു കവിഞ്ഞ് ഒഴുകുന്ന അപൂര്‍വ്വമായ സന്ദര്‍ഭമാണ് ഇപ്പോള്‍. സന്ദര്‍ശകരുടെ പക്കല്‍നിന്നും പ്രവേശനഫീസ് ഈടാക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് 20 രൂപ, കുട്ടികള്‍ക്ക് 2 രുപ, 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യപ്രവേശനം. ഒരു ടിക്കറ്റ് എടുത്താല്‍ മതി വാഴച്ചാലും അതിരപ്പിള്ളിയും കാണാന്‍. -.

Search site