ഭര്‍ത്താവ് വിദേശിയെന്ന് തിരിച്ചറിഞ്ഞത് 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം

18 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം നാലു മക്കളുടെ പിതാവ് കൂടിയായ ഭര്‍ത്താവ് വിദേശിയാണെന്ന് തിരിച്ചറിഞ്ഞ സ്വദേശി വനിത ആശങ്കയില്‍. ജവാഹിര്‍ അബ്ദുല്ലയാണ് പ്രവാസിയായ ഭര്‍ത്താവിന്‍െറ മക്കളുടെ ഭാവിയോര്‍ത്ത് വ്യാകുലയായിരിക്കുന്നത്. 15 വയസ്സുള്ളപ്പോള്‍ തന്നെ വിവാഹം കഴിച്ച ഭര്‍ത്താവിന്‍െറ സൗദിപൗരനെന്ന് തെളിയിക്കുന്ന രേഖകള്‍ വ്യാജമായിരുന്നുവെന്നാണ് ജവാഹിര്‍ പറയുന്നത്. ഇതറിഞ്ഞതോടെ മക്കളുടെ ഭാവിയോര്‍ത്ത് സമാധാനം നഷ്ടമായെന്ന് അവര്‍ പറയുന്നു.
 മക്കള്‍ വളര്‍ന്ന് സെക്കന്‍ഡറി സ്കൂളില്‍ പഠനത്തിന് ചേരുന്നതിനായി നടത്തിയ ശ്രമത്തിനിടെയാണ് ഭര്‍ത്താവ് വഞ്ചിച്ചതായി അറിയുന്നത്. സ്വദേശിയെന്ന് പറഞ്ഞ് ദാമ്പത്യം പങ്കിട്ട് ഒമ്പതു വര്‍ഷം മുമ്പ് ഒളിച്ചോടിയ ആള്‍ വിലാസമില്ലാത്ത യമനിപൗരനാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചപ്പോള്‍ ഞെട്ടിയെന്ന് അവര്‍ പറയുന്നു. പ്രശ്ന പരിഹാരത്തിനായി ഇപ്പോള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് ജവാഹിര്‍. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് പുറത്തിറക്കാന്‍ പോലും ജോലിത്തിരക്കിന്‍െറ കാരണം പറഞ്ഞ് അന്ന് വരാതിരുന്നതിന്‍െറയും മക്കളെ ഉപ്പയുടെ രേഖകളില്‍ ചേര്‍ക്കാന്‍ അനവധി തവണ ആവശ്യപ്പെട്ടിട്ടും പലകാരണങ്ങള്‍ പറഞ്ഞൊഴിഞ്ഞ് അരിശം പൂണ്ടതിന്‍െറയും കാരണം ജവാഹിറിന് ഇപ്പോഴാണ് മനസ്സിലാകുന്നത്. 9 വര്‍ഷം മുമ്പ് എവിടേക്കെന്ന് പോലും പറയാതെ ഒളിച്ചോടിയ വിദേശി ഭര്‍ത്താവിലുണ്ടായ മക്കളുടെ തുടര്‍വിദ്യാഭ്യാസവും ജീവിതവും മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. പ്രശ്ന പരിഹാരത്തിനായി മക്കയിലെ ജവാസാത്തിലും ഇതര സര്‍ക്കാര്‍ ഓഫിസുകളിലും കയറിയിറങ്ങിയിട്ടും തന്‍െറ പേരിലുള്ള ഫയലുകള്‍ എവിടെയും ഇല്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും തന്‍െറ ജീവിത രേഖകള്‍ സ്ഥാപിച്ചെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആദ്യംമുതല്‍ തന്നെ തുടങ്ങാനാണ് ലഭിച്ച നിര്‍ദേശമെന്നും അവര്‍ വിതുമ്പലോടെ പറയുന്നു.

Search site