ഭരണപക്ഷം ആഘോഷത്തില്‍; വഴിമുടക്കികള്‍ ഗതികേടില്‍

കോഴി ബിരിയാണി കഴിച്ചു പിരിഞ്ഞു-എന്ന് മുസ്‌ലിം ലീഗ് യോഗങ്ങളെ സഖാക്കള്‍ കളിയാക്കി പറയാറുണ്ട്. എന്നാല്‍ സി.പി.എമ്മിന്റെ സ്ഥിതിയെന്താണ്? കോഴി കഞ്ചാവടിച്ചതുപോലെ എന്ന് പറയുന്ന രീതിയില്‍ ഗതികിട്ടാതെ അലയുകയാണ്.

മുസ്‌ലിം ലീഗിന് വ്യക്തമായ പ്രാതിനിധ്യമുള്ള യു.ഡി.എഫ് ഭരണപക്ഷം സകല മേഖലകളിലും വെന്നിക്കൊടി പാറിച്ച് ഭരണത്തിന്റെ രണ്ടാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ അസ്തിത്വം നഷ്ടപ്പെട്ട പ്രതിപക്ഷം നട്ടംതിരിയുകയാണ്. ഭരണത്തിനെതിരെ ഒന്നുറക്കെ കൂവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണവര്‍.

എന്തിനും ഏതിനും പ്രതികരിക്കാറുള്ള പ്രതിപക്ഷ നേതാവിന്റെ 'രണ്ടു കൈകളും നാവും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. അടര്‍ത്തിയെടുത്ത് വെട്ടിമാറ്റപ്പെട്ട സഹായികള്‍ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുത്തിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ വേണ്ട എന്ന് പറയുന്ന സ്ഥാനത്ത് ഇരിക്കാന്‍ നിര്‍ബന്ധിതനായ പ്രതിപക്ഷ നേതാവ്. പാര്‍ട്ടിക്ക് ചൊറിച്ചിലായി മാറിയ ഒരു നേതാവിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ കഴിയാതെ നാണംകെട്ട അവസ്ഥയിലായ സി.പി.എം സംസ്ഥാന നേതൃത്വം.

പാര്‍ട്ടിയിലെ വിഴുപ്പലക്കുകള്‍ മാത്രം ചര്‍ച്ച ചെയ്യാനും അതേക്കുറിച്ചന്വേഷിക്കാന്‍ കമ്മീഷനുകളെ നിയോഗിക്കാനും വിധിക്കപ്പെട്ട പോളിറ്റ് ബ്യൂറോ.

ഇതാണോ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം? ഈ വാക്കിന്റെ അര്‍ത്ഥവും പൊരുളും സി.പി.എമ്മിന് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. തൊഴിലാളിവര്‍ഗം-എന്ന വാക്കിന്റെ ജീവിക്കുന്ന അര്‍ത്ഥം നാട്ടിലെ സഖാക്കള്‍ക്ക് അറിയില്ലെങ്കിലും സമയക്രമമില്ലാതെ ഗള്‍ഫില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കറിയാം. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യ പാര്‍ട്ടി ഇത്രയധികം ഗതികേടിലായ ഒരു കാലഘട്ടം ഇതിന് മുമ്പ് നേരിട്ടിട്ടില്ല.

കേന്ദ്രീകൃത ജനാധിപത്യത്തില്‍ അധിഷ്ഠിതമായ സി.പി.എമ്മിന് ഇപ്പോള്‍ പാര്‍ട്ടി നയം എന്നത് ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസുകാരെയും മുസ്‌ലിംലീഗുകാരെയും എക്കാലത്തും പുച്ഛത്തോടെ കണ്ടിരുന്ന സഖാക്കള്‍ക്ക് നെഞ്ച് വിരിച്ച് പറയാന്‍ ഇനി പാര്‍ട്ടി ലൈന്‍ ഇല്ല. ബംഗാളില്‍ പാവപ്പെട്ട ഗ്രാമീണരെയും പട്ടിണിപാവങ്ങളെയും മറന്ന് ബഹുരാഷ്ട്ര കുത്തകള്‍ക്ക് റെഡ് കാര്‍പ്പറ്റ് വിരിച്ചതോടെ ജനം സി.പി.എമ്മിനെ അടിയോടെ പിഴുതെറിഞ്ഞു.

മമതബാനര്‍ജി എന്ന സ്ത്രീയോട് രാഷ്ട്രീയമായി ഏറ്റുമുട്ടാന്‍ കഴിയാതെ നട്ടംതിരിയുകയാണ് ബംഗാളില്‍. രണ്ടരപ്പതിറ്റാണ്ടുകാലം വാക്കിന് എതിര്‍വാക്കില്ലാതെ ചുവപ്പന്‍ഭരണം നടത്തിയ ബംഗാളിലെ സ്ഥിതിയാണ് ഇതെന്നോര്‍ക്കണം.

കേരളത്തില്‍ എന്തായാലും റെഡ്കാര്‍പ്പറ്റ് ഭരണം നടത്താന്‍ അടുത്തകാലത്തൊന്നും കഴിയില്ലെന്ന് വ്യക്തമായതാണ്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വി.എസ് കണ്ണിലെ കരടാണ്. വി.എസിനാണെങ്കില്‍ താന്‍ ഭരണപക്ഷത്താണോ പ്രതിപക്ഷത്താണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയും. നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന യു.ഡി.എഫ് സര്‍ക്കാരിനെ ഒന്നു പിടിച്ചുകുലുക്കാന്‍ പോലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം സി.പി.എമ്മിന് അല്ലെങ്കില്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല.

സ്വന്തം പാളയത്തില്‍ നിരന്തരം കുലുക്കമുണ്ടാകുമ്പോള്‍ എതിര്‍പക്ഷത്തെ എന്തുചെയ്യാനാണ് എന്ന മട്ടിലാണ് പ്രതിപക്ഷം. മുമ്പ് സി.പി.എം നേതൃത്വം ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പായത് തന്നെ. വി.എസിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഒന്നടങ്കം തീരുമാനിച്ചിട്ടും പോളിറ്റ് ബ്യൂറോ തള്ളി. ബംഗാളില്‍ അടിവസ്ത്രം വരെ കീറിയ പാര്‍ട്ടി അല്പമെങ്കിലും പിടിച്ചു നില്‍ക്കുന്നത് കേരളത്തിന്റെ മോടിയിലാണ്. പിണറായിയും കൊടിയേരിയും ബേബിയും ഒന്നടങ്കം പറഞ്ഞിട്ടും വി.എസിനെതിരെയുള്ള നടപടിക്ക് പി.ബി കടുത്ത ഭയപ്പാടിലാണ്.

ഒഞ്ചിയത്തിന് ശേഷം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ മുണ്ടൂരില്‍ ഗോകുല്‍ദാസുമായി സന്ധിയിലായി. തെരുവുകള്‍ തോറും പാര്‍ട്ടിയെ അപഹസിച്ച എം.ആര്‍ മുരളിയുമായി ഇപ്പോള്‍ ചങ്ങാത്തത്തിന് ശ്രമിക്കുകയാണ്. സംഘടനാ നയങ്ങളുടെ പേരില്‍ മറ്റുള്ള പാര്‍ട്ടികളെ അവഹേളിക്കാറുള്ള സഖാക്കള്‍ കടുത്ത മൗനത്തിലാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരെ എവിടെയും കാണാനില്ല. മുതലാളിത്തത്തിന് പിന്നാലെ പായുന്ന സാന്ദര്‍ഭിക സിദ്ധാന്തക്കാരുടെ പാര്‍ട്ടിയായി അധപതിച്ചു.

ഒരു കണക്കില്‍ പറഞ്ഞാല്‍ എന്‍.എസ്.എസിനെപ്പോലെ. കാലത്തിനൊപ്പം നീങ്ങുന്ന കേരളത്തെയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്. അതില്‍ ചിലതാണ് കൊച്ചി മെട്രോ, കോഴിക്കോട് മോണോറെയില്‍, വല്ലാര്‍പാടം ടെര്‍മിനല്‍, സ്മാര്‍ട് സിറ്റി, മലപ്പുറം എഡ്യുസിറ്റി, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികള്‍. ഇവിടെ വരട്ടുതത്വവാദികളായ സഖാക്കള്‍ക്കെന്ത് കാര്യം.

കഴിഞ്ഞ വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് നമ്മള്‍ സ്ഥിരമായി കേട്ട ചില പദ്ധതികളുണ്ട്-മെര്‍ക്കിസ്റ്റണ്‍ ഭൂമിതട്ടിപ്പ്, ലോട്ടറി മാര്‍ട്ടിണ്‍, എച്ച്.എം.ടി ഭൂമി ഇടപാട്, കിളിരൂര്‍-ശാരി കേസ്... അങ്ങനെ പോകുന്നു. അന്ന് വയലാര്‍ സമരനായകന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തെ പത്ത് വര്‍ഷം പിറകോട്ട് നടത്തിച്ചു.
ആ തള്ള് വണ്ടിക്ക് ചക്രങ്ങള്‍ നല്‍കി മുന്നോട്ട് തള്ളാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയും സംഘവുമുള്ളത്. വികസനത്തിലും ഭരണ കാഴ്ചപ്പാടിലും ലോകത്തിന്റെ പരിച്ഛേദമായി മാറിയ ദുബൈയില്‍ വെച്ച്, യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കിയ അംഗീകാരത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. അവിടെ വരട്ടുതത്വവാദികളായ വഴിമുടക്കികള്‍ക്ക് സ്ഥാനമില്ല. ഈ പ്രതിപക്ഷം തന്നെയാണ് ഇവിടെ അഭികാമ്യം.

Search site