ബ്രൂമിന് സെഞ്ച്വറി; ഒട്ടാഗോയ്ക്ക് ഉജ്ജ്വലജയം

സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ മധ്യാഹ്ന സൂര്യനെപ്പോലെ ജ്വലിച്ച ഒട്ടാഗോ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ നീല്‍ ബ്രൂമിന് (56 പന്തില്‍ പുറത്താവാതെ 117) മുന്നില്‍ ഓസ്‌ട്രേലിയന്‍ ടീം പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് കത്തിയമര്‍ന്നു. ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 ക്രിക്കറ്റ് 'എ' ഗ്രൂപ്പില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനെ 62 റണ്‍സിന് തകര്‍ത്ത ഒട്ടാഗോ തുടരെ രണ്ടാം വിജയവുമായി സെമിയിലേക്ക് ഒരു പടികൂടി അടുത്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ഐ.പി.എല്‍. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ഒട്ടാഗോ, ബ്രൂമിന്റെയും റയന്‍ ടെന്‍ ഡസ്‌കാറ്റെയുടെയും(26 പന്തില്‍ 66) വെടിക്കെട്ട് ബാറ്റിങ്ങില്‍ 242 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ സ്‌കോര്‍ച്ചേഴ്‌സിന്റെ ഇന്നിങ്‌സ് 180 റണ്‍സിലൊതുങ്ങി. ബ്രൂമാണ് കളിയിലെ കേമന്‍. സ്‌കോര്‍: 20 ഓവറില്‍ നാലിന് 242; പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് 20 ഓവറില്‍ 6-ന് 180.
 
 ട്വന്‍റി 20 ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് ചാമ്പ്യന്മാരായ ഒട്ടാഗോയുടെ തുടര്‍ച്ചയായ 14-ാം വിജയമായിരുന്നു ബുധനാഴ്ചത്തേത്. പാകിസ്താന്‍ ടീം സിയാല്‍ക്കോട്ട് സ്റ്റാലിയന്‍സ് (25 വിജയം) മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്. ഒട്ടാഗോ നേടിയ 242 റണ്‍സ് ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ്. ഒട്ടാഗോ ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും ഇതുതന്നെ. ചാമ്പ്യന്‍സ് ലീഗില്‍ സെഞ്ച്വറി നേടുന്ന നാലാം ബാറ്റ്‌സ്മാനെന്ന ബഹുമതി ഈ മത്സരത്തിലൂടെ ബ്രൂം സ്വന്തമാക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിനിടയിലെ ആദ്യ സെഞ്ച്വറി കൂടിയാണിത്.
 
 ടോസ് ജയിച്ച് എതിരാളികളെ ബാറ്റിങ്ങിനുവിട്ട സ്‌കോര്‍ച്ചേഴ്‌സ് ക്യാപ്റ്റന്‍ സൈമണ്‍ കാറ്റിച്ചിന്റെ തീരുമാനം ശരിവെക്കുംപോലെയായിരുന്നു തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്ണെത്തുമ്പോഴേക്കും ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലത്തിന്റെയും ഓപ്പണര്‍ ഹമീഷ് റഥര്‍ഫോഡിന്റെയും വിക്കറ്റുവീഴ്ത്തി ഒട്ടാഗോയെ ഞെട്ടിക്കാന്‍ അവര്‍ക്കായി. എന്നാല്‍, പിന്നീടുണ്ടായത് മറക്കാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകന്‍തന്നെയായിരിക്കും. തുടക്കം മുതല്‍ ആക്രമണാത്മക ബാറ്റിങ് കാഴ്ചവെച്ച ബ്രൂം കൂടുതല്‍ അക്രമാസക്തനായത് കൂട്ടാളിയായി ദക്ഷിണാഫ്രിക്കക്കാരന്‍ ഡസ്‌കാറ്റെ എത്തിയപ്പോഴാണ്. ബ്രൂമിന്റെ എട്ട് സിക്‌സറുകളും ഇതിനുശേഷമായിരുന്നു. നാലാം വിക്കറ്റില്‍ എട്ടോവറില്‍ സഖ്യം നേടിയത് 128 റണ്‍സ് - ശരാശരി 16! ഈ പ്രഹരത്തില്‍ നിന്ന് കരകയറാന്‍ ഓസീസ് ടീമിനായില്ല. വെറും 26 പന്തുകള്‍ നേരിട്ട ഡസ്‌കാറ്റെ ആറ് സിക്‌സറും രണ്ട് ബൗണ്ടറിയും പറത്തിയപ്പോള്‍ 56 പന്തില്‍ എട്ട് സിക്‌സറും ഒമ്പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ബ്രൂമിന്റെ ഇന്നിങ്‌സ്.
 
 മധ്യനിരക്കാരന്‍ കാര്‍ട്ട്‌റൈറ്റ് (69 നോട്ടൗട്ട്) മാത്രമാണ് സ്‌കോര്‍ച്ചേഴ്‌സ് നിരയില്‍ തിളങ്ങിയത്.

Search site