ബഹ്റൈന്‍ സിറ്റി സെന്‍ററിലെ റോളക്സ് വാച്ച് ഷോറൂമില്‍ വന്‍ കവര്‍ച്ച

ബഹ്റൈന്‍ സിറ്റി സെന്‍ററിലെ റോളക്സ് വാച്ച് ഷോറൂമില്‍ വന്‍ മോഷണം. ഏകദേശം 70000 ദിനാറിന്‍െറ (ഒരു കോടി രൂപയലിലധികം) വാച്ചുകള്‍ മോഷണം പോയതായാണ് പ്രാഥമിക നിമനം. നഷ്ടം എത്രയാണെന്നതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. 1500 ദിനാര്‍ മുതല്‍ 60,000 ദിനാര്‍ വരെ വിലയുള്ള വാച്ചുകള്‍ ഇവിടെ വില്‍ക്കുന്നുണ്ട്. നഷ്ടപ്പെട്ട വാച്ചുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമായാലേ തുകയെക്കുറിച്ച് വ്യക്തത ലഭിക്കൂ. പൊലീസും ഷോപ്പ് മാനേജ്മെന്‍റും ഇതിനായുള്ള ശ്രമത്തിലാണ്.
 ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് സിറ്റി സെന്‍ററിന്‍െറ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമില്‍ മോഷണം നടന്നത്. രാത്രി 10 മണിക്കാണ് ഷോപ്പ് അടക്കാറുള്ളത്. സിറ്റി സെന്‍റര്‍ ഒന്നാം നിലയിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍െറ പല ഭാഗങ്ങളിലും 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരുണ്ട്. റോളക്സ്് ഷോപ്പിന് മുന്നിലെ ഇന്ത്യക്കാരനായ സെക്യൂരിറ്റികാരന്‍െറ മുഖത്ത് മരുന്ന് അടിച്ച് ബോധം കെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച. മുന്‍ഭാഗത്തെ ഗ്ളാസ് ഡോര്‍ തകര്‍ത്താണ് പര്‍ദ ധാരികളായ ആറു പേര്‍ വരുന്ന കവര്‍ച്ചാ സംഘം അകത്തുകടന്നത്. ശബ്ദം കേട്ട് മറ്റു സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയപ്പോഴേക്കും സംഘം കിട്ടിയ വാച്ചുകളുമെടുത്ത് രക്ഷപ്പെട്ടു. ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു എല്ലാം സംഭവിച്ചത്. സംഭവമറിഞ്ഞ് പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി ജനറല്‍ മാനേജര്‍ എം.പി രഘുവിനെയും മറ്റും വിവരം അറിയിച്ചു.
 ഷോപ്പിലും പുറത്തുമുള്ള സിസി ടിവി കാമറകള്‍ പൊലീസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. മോഷ്ടിച്ച ഫോര്‍ച്യൂണറിലാണ് കവര്‍ച്ചാ സംഘം എത്തിയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചും മറ്റു നിലയിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സെക്യൂരിറ്റി കാമറകള്‍ നിറഞ്ഞ ബഹ്റൈനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രത്തില്‍ അര്‍ധരാത്രിക്കു മുമ്പെ നടന്ന മോഷണം വ്യാപാരി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിച്ച് എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

Search site