ബസ്സും ഗുഡ്‌സ് ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തേലക്കാട്ട് ബസ് അപകടത്തിലെ കൂട്ടമരണത്തിന് പിന്നാലെ ചെങ്ങരയില്‍ സ്വകാര്യബസ്സും ഗുഡ്‌സ് ജീപ്പും കൂട്ടിയിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. 
 
കാവനൂര്‍ പാലക്കോട്ടുപറമ്പില്‍ പുളിയക്കോട്ടുതൊടി മൊയ്തീന്‍കുട്ടി ഹാജിയുടെ മകന്‍ അബ്ദുറഷീദ് എന്ന കുഞ്ഞാണി (28) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാവനൂര്‍ പന്ത്രണ്ടില്‍ തേലക്കാടന്‍ ഷറഫുദ്ദീന്‍ (22) നെ കോഴിക്കോട് മെഡിക്ക ല്‍ കോളേജ് ആസ്പത്രിയിലും ജീപ്പ് ഡ്രൈവര്‍ തേലക്കാടന്‍ ഇല്ല്യാസ് (26)നെ പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. 
 
ജീപ്പ് യാത്രക്കാരും കാവനൂര്‍ പന്ത്രണ്ട് സ്വദേശികളുമായ നീരുട്ടിച്ചാലില്‍ സലീം (24), ചാലില്‍കാടന്‍ നൗഷാദ് (27), പൂക്കോടന്‍ രാജു(31), ബസ് യാത്രക്കാരായ മങ്കട പള്ളിപ്പുറം നെല്ല്യാട്ടില്‍ ശാന്ത (45), മകള്‍ പ്രിന്‍സി (24), പന്തല്ലൂര്‍ കിഴക്കുംപറമ്പ് ഒറ്റകത്ത് ലുഖ്മാന്‍ (21), അബ്ദുറഹിമാന്‍ (43), ബസ് ഡ്രൈവര്‍ അബ്ദുല്‍ ഗഫൂര്‍ (27), ചെക്കര്‍ അലി അക്ബര്‍ വെള്ളുവമ്പ്രം (30), ഹാരിസ് (40), റിയാസ് (40), നാഗന്‍ (63), ഉമ്മര്‍ (48), സലീം(25), അബുബക്കര്‍ (50), പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കാവനൂര്‍ പാറമ്മല്‍ ശ്രീരാഗ് (18), നൗഫല്‍ (26) എന്നിവരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
 
ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ചെങ്ങര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപമാണ് അപകടം. മങ്കടയില്‍ നിന്ന് മരച്ചീനിയുമായി തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ അരീക്കോട് നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. 
 
ഇടിയുടെ ആഘാതത്തില്‍ ബസ്സിനടിയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്ന ജീപ്പിനകത്തുള്ളവരെ ഒന്നര മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഖദീജയാണ് മരിച്ച അബ്ദുല്‍ റഷീദിന്റെ മാതാവ്. ഭാര്യ: ഷംല, മകള്‍: റന്‍സ. സഹോദരങ്ങള്‍: അഷ്‌റഫ്, മുഹമ്മദ് ബഷീര്‍, ആബിദ്, ബുഷ്‌റ, റാഷിദ.

Search site