ബലിപെരുന്നാളിന് വൈവിധ്യമാര്‍ന്ന പരിപാടികള്‍

വൈവിധ്യമാര്‍ന്ന പരിപാടികളും ഷോപ്പിങ് അവസരങ്ങളുമായി ദുബായില്‍ ഇത്തവണ ബലിപെരുന്നാള്‍ ആഘോഷം പൊടിപൊടിക്കും. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് പത്തുനാള്‍ നീളുന്ന ആഘോഷപരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മഖ്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഇത്.
 
 ഒക്ടോബര്‍ 10 മുതല്‍ 19 വരെ നടക്കുന്ന 'ഈദ് ഇന്‍ ദുബായ്' ആഘോഷങ്ങളുടെ മുഖ്യാകര്‍ഷണം 24 മണിക്കൂര്‍ നീളുന്ന ഷോപ്പിങ് അനുഭവമാണ്. ഈദുല്‍ അദ്ഹ ഒന്ന്, രണ്ട് ദിവസങ്ങളില്‍ ദുബായിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ തുടര്‍ച്ചയായി 48 മണിക്കൂര്‍ സന്ദര്‍ശകര്‍ക്കായി പ്രവര്‍ത്തിക്കും. ദുബായ് മാള്‍, എമിറേറ്റ്‌സ് മാള്‍, ദേര സിറ്റി സെന്‍റര്‍, മിര്‍ദിഫ് സിറ്റി സെന്‍റര്‍, ലാംസി പ്ലാസ, അറേബ്യന്‍ സെന്‍റര്‍, ഫെസ്റ്റിവല്‍ സിറ്റി എന്നിവയാണ് ഈ ഷോപ്പിങ് ആഘോഷത്തില്‍ പങ്കാളികളാകുന്നത്. ഈദ് ഇന്‍ ദുബായ് ആഘോഷങ്ങളുടെ ഭാഗമായി മറ്റ് ദിവസങ്ങളില്‍ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും ഈ മാളുകള്‍ പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ പത്തു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ രണ്ടു വരെയും റെസ്റ്റോറന്‍റുകളുടെ സമയം പുലര്‍ച്ചെ മൂന്നുവരെയും നീട്ടാനാണ് ഉദ്ദേശിക്കുന്നത്. മറ്റു പ്രമുഖ ഷോപ്പിങ് കേന്ദ്രങ്ങളായ ഇബ്‌നു ബത്തൂത്ത മാള്‍, ബര്‍ജുമാന്‍, ദുബായ് ഔട്‌ലെറ്റ്മാള്‍, അല്‍ ഖുറൈര്‍ സെന്‍റര്‍, മെര്‍കാറ്റോ മാള്‍ എന്നിവയും പ്രവര്‍ത്തനസമയം അര്‍ധരാത്രി വരെ നീട്ടുന്നുണ്ട്.
 
 ഈദിന് ദുബായ് മാളില്‍ 'വോഗ് ഫാഷന്‍ ദുബായ് എക്‌സ്പീരിയന്‍സ്' എന്ന പേരില്‍ ഫാഷന്‍ ഷോയും സംഘടിപ്പിക്കും. ഒക്ടോബര്‍ പത്തിന് നടക്കുന്ന ഷോയില്‍ നിന്നു ലഭിക്കുന്ന തുക 'ദുബായ് കെയര്‍സി'ന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുമെന്ന് ഇമാര്‍ മാള്‍സ് ഗ്രൂപ്പ് സി.ഇ.ഒ. നാസര്‍ റാഫി വ്യക്തമാക്കി.
 
 ബലിപെരുന്നാളിന് മുന്നോടിയായി ഗ്ലോബല്‍ വില്ലേജും സജീവമാകും. 70 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഒക്ടോബര്‍ അഞ്ച് മുതലാണ് ആഗോളഗ്രാമം പ്രവര്‍ത്തനമാരംഭിക്കുക. 36 പവലിയനുകളും 50 തരത്തിലുള്ള വിനോദോപാധികളും 27 ഭക്ഷണശാലകളും ഗ്ലോബല്‍ വില്ലേജിനകത്ത് സജ്ജമായിരിക്കും.
 
 ഷോപ്പിങ്ങിനും വിനോദപരിപാടികള്‍ക്കും പുറമെ, അറബികളുടെ പരമ്പരാഗത പെരുന്നാള്‍ ആഘോഷവും എമിറേറ്റില്‍ പുനരാവിഷ്‌കരിക്കുന്നുണ്ട്. 'ദിയാഫത് അല്‍ ഈദ്' എന്ന പേരിലുള്ള ആഘോഷങ്ങള്‍ പ്രധാനമായും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നടക്കുന്നത്. സന്ദര്‍ശകരെ പരമ്പരാഗതരീതിയില്‍ കാരക്കയും ഖ്വാവയും നല്കി സ്വീകരിക്കുകയും യു.എ.ഇ. പാരമ്പര്യത്തില്‍ ഊന്നിക്കൊണ്ടുള്ള ആഘോഷപരിപാടികള്‍ ആവിഷ്‌കരിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്‍ററുമായി ചേര്‍ന്നാണ് ദിയാഫത് അല്‍ ഈദ് സംഘടിപ്പിക്കുന്നത്.

Search site