ഫ്ളാഷ് ലൈറ്റില്ലാതെ ക്യാമറ; ഫോട്ടോഗ്രഫി രംഗത്ത് പുത്തന്‍ ഉണര്‍വ്‌

ജീവിതത്തിലെ മനോഹരമാര്‍ന്ന നിമിഷങ്ങള്‍ ഒപ്പിയെടുത്ത് വര്‍ഷങ്ങളോളം ഫോട്ടോ രൂപത്തില്‍ സൂക്ഷിക്കുന്നത് മിക്കവരുടെയും ശീലങ്ങളിലൊന്നാണ്. 
 
എന്നാല്‍ അത്തരം സുന്ദരനിമിഷങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചിരുന്നത് പലപ്പോഴും ക്യാമറകളില്‍ നിന്നുയരുന്ന ഫ്ളാഷ് ലൈറ്റുകളായിരുന്നു. അവയെ മറികടക്കാന്‍ ആവുന്നത്ര കണ്ണു തുറന്നുപിടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ സാഹസികതയുടെ ആവശ്യമില്ല. ഫ്ളാഷ് ലൈറ്റുകള്‍ പൂര്‍ണമായും ഇല്ലാത്ത ഒരു കേമന്‍ ക്യാമറയാണ് ഇത്തവണത്തെ താരം. 
 
സിംഗപൂരിലെ നാന്‍യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് നൂതനമാര്‍ന്ന ഈ ക്യാമറ വികസിപ്പിച്ചെടുത്തത്. 
 
നിലവില്‍ ലഭിക്കുന്ന ക്യാമറകളേക്കാള്‍ 1,000 മടങ്ങ് സൂക്ഷ്മസംവേദന ക്ഷമതയുള്ളതാണ് പുതിയ മോഡല്‍. ഇരുട്ടേറിയ ഏതു പ്രദേശങ്ങളില്‍ നിന്നും വ്യക്തത പകരുന്ന ചിത്രങ്ങള്‍ ലഭിക്കുന്നുവെന്നതാണ് ക്യാമറയുടെ പ്രത്യേകത.
 
ക്യാമറയില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സെന്‍സറിങ് സംവിധാനമാണ് ഇതിനു സഹായകമാകുന്നത്. നൂതനമാര്‍ന്ന വിന്യാസരീതിയില്‍ നിന്നുയരുന്ന പ്രകാശപ്രതിചേഷ്ട സെന്‍സറിങ് സംവിധാനത്തിലേക്ക് ആകിരണം ചെയ്താണ് ഈ പ്രതിഭാസം നടപ്പാക്കുന്നത്. 
 
തേന്‍കൂടിനു സമാനമായി കാര്‍ബണ്‍ പദാര്‍ത്ഥങ്ങള്‍ അടുക്കിവെച്ചുള്ള ആന്തരിക നിര്‍മാണ രീതി ക്യാമറയുടെ സവിശേഷതയാണ്.

Search site